"ജാതിയെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ ഇംഗ്ലീഷ് വിദ്യാഭാസം നേടിയിട്ടുള്ള നമ്മുടെ കുലീനര്‍ അസ്വസ്ഥരാകുകയും കയര്‍ക്കുകയും ക്ഷുഭിതരായി പൊട്ടിത്തെറിക്കുകയും, നിങ്ങളെ 'ജാതി' മുന്‍വിധിയായി കൊണ്ടുനടക്കുന്ന ജാതിഭ്രാന്തനെന്നു് ആക്ഷേപിച്ച് തള്ളുകയും ചെയ്യും. അവര്‍ ഒരിക്കലും ജാതിയില്‍ വിശ്വസിക്കുന്നില്ല, ഒരിക്കലും ആരുടേയും ജാതി അന്വേഷിക്കാറില്ല, കൂടാതെ ഇവിടെ ജാതിയുടെ അടിസ്ഥാനത്തില്‍ യാതൊന്നും തന്നെ തീരുമാനിക്കപ്പെടുന്നില്ലെന്നും പറയും. അവരോട് ലളിതമായ ഒരു ചോദ്യം ഉന്നയിക്കുക: "ആട്ടെ നിങ്ങള്‍ സ്വജാതിയില്‍ നിന്നാണോ വിവാഹം കഴിച്ചിരിക്കുന്നത് ?" ഉത്തരം "അതെ"എന്നായിരിക്കും. "എന്റെ ജീവിതത്തില്‍ ആ ഒരേയൊരു തവണ മാത്രമാണു് എനിക്ക് ജാതി ആചരിക്കേണ്ടി വന്നിട്ടുള്ളത് /പാലിക്കേണ്ടി വന്നിട്ടുള്ളത് " എന്നു് തിടുക്കത്തോടെ അയാള്‍ കൂട്ടിച്ചേര്‍ക്കും. സ്വജാതി വിവാഹമെന്ന ആ ഒരേയൊരു ചടങ്ങിലൂടെയാണു് ജാതിവ്യവസ്ഥ സജീവമായി നിലനില്ക്കുന്നതെന്ന കാര്യം ബോധ്യപ്പെടാതെയാണു് അയാള്‍ അഭിമാനപൂര്‍വ്വം അങ്ങനെ പറയുന്നത്. വിവാഹമെന്ന സ്ഥാപനത്തിലൂടെ ജാതി നിരന്തരം തുടര്‍ന്നു പോകുന്നു എന്നു മനസ്സിലാക്കാനുള്ള ആഴം ഇവരുടെ ചെറിയ മനസ്സുകള്‍ക്കില്ല. ഈ കുലീനര്‍ വായിക്കുന്ന നമ്മുടെ പ്രശസ്ത ഇംഗ്ലീഷ് പത്രങ്ങളുടെ ഞായറാഴ്ച പതിപ്പുകളില്‍ നിറയുന്ന വിവാഹപരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കമ്പ്യൂട്ടര്‍ വിദഗ്ദരും എം.ബി.എക്കാരും അമേരിക്കയില്‍ പരിശീലനം കിട്ടിയ ഡോക്ടറന്മാരു പോലും ബന്ധങ്ങള്‍ ക്ഷണിക്കുന്നത് സ്വജാതിയില്‍ നിന്നാണെന്നു മനസ്സിലാക്കാം. പരസ്യമായി ജാതി ചര്‍ച്ച ചെയ്യപ്പെടുമ്പോഴൊക്കെ കോപാകുലരായിത്തീരുന്ന ഈ കുലീനര്‍ ലജ്ജയില്ലാതെ സ്വകാര്യമായി ജാതിയെ പുല്കുമ്പോള്, ഇന്ത്യയുടെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വസ്തുതയായ ജാതി, - ജീവിതത്തിന്റെ ആദ്യവും അന്ത്യവുമായിരിക്കുന്ന ജാതിയെന്ന യാഥാര്‍ഥ്യത്തെക്കുറിച്ച് കപട നിലപാടാണു് സ്വീകരിക്കുന്നത്. ജാതി സംബന്ധിച്ചുള്ള കാര്യത്തില്‍ ഇന്ത്യന്‍ കാപട്യം അത്രയേറെയാണു്."
------ വി റ്റി രാജ്ശേഖര്‍ (അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്ന അദ്ദേഹത്തിന്റെ Caste, A Nation within the Nation എന്ന പുസ്തകത്തിന്റെ മലയാള വിവര്‍ത്തനത്തില്‍നിന്ന്)
കടപ്പാട്: Seemanth M Thadathil
No comments:
Post a Comment