By Udayabhanu Panickar in THIYYA / EZHAVA
© ഉദയഭാനു പണിക്കർ
ഗുരുദേവൻ ശിവാവതാരമാണെന്ന ഒരു സംസാരം നിലവിലുള്ളതായി ചെറുപ്രായം മുതൽ തന്നെ കേട്ടിട്ടുണ്ട്. എന്നാൽ അതുനുള്ള തെളിവുകൾ ഒന്നും ഉള്ളതായി അറിവില്ല. ഇയ്യിടെ ഗുരുദേവൻ വിഷ്ണുവിന്റെ അവതാരം ആണെന്നും എഴുതിക്കണ്ടു. എല്ലാവരും എടുത്തുകാട്ടുന്നതു് മഹാഭാഗംഭാഗവതത്തിലെ പന്ത്രണ്ടാം സ്കന്ധത്തിലെ പതിനാറും പതിനേഴും പതിനെട്ടും ശ്ലോകങ്ങളിലേക്കാണു. അവ ഇവിടെ ഉദ്ധരിക്കട്ടെ.
"ഇത്ഥം കലൗ ഗതപ്രായേ ജാനേ തു ഖരധര്‍മ്മിണി
ധര്‍മ്മത്രാണായ സ്വത്ത്വേന ഭാഗവാനവതരിഷ്യതി. (16)
ചരാചരഗുരോർവിഷ്ണോരീശ്വരസ്യാഖിലാത്മനഃ ധര്‌മ്മത്രാണായ സാധൂനാം ജന്മകര്‌മ്മാപനുത്തയേ. (17) സംഭലഗ്രാമമുഖ്യസ്യ ബ്രാഹ്മണസ്യ മഹാത്മനഃ ഭവനെ വിഷ്ണുയശസഃ കല്കിഃ പ്രാദുര്‍ഭവിഷ്യതി." (18)
അവയുടെ അര്‍ത്ഥം ഇതാണു: ഇപ്രകാരം ജനസമുദായം ന്യാന്യായവിചാരം കൂടാതെ മൃഗവ്യാപാരത്തോടു കൂടിയിരിക്കുന്നാതിനു കാരണമായ കലിയുഗം കഴിയാറാകുമ്പോള്‍ ധര്‍മ്മത്തെ സംരക്ഷിക്കാനായി ശ്രീനാരായണന്‍ സത്ത്വഗുണപ്രധാനമായിരിക്കുന്ന സ്വരൂപത്തോടുകൂടി അവതരിക്കും.
ചരാചരങ്ങളടങ്ങിയിരിക്കുന്ന ലോകത്തിൽ പൂജ്യനും സർവ്വസ്വരൂപങ്ങളിലും അന്തര്യാമിയായിരിക്കുന്നതിനാല്‍ സർവ്വകാരണാത്മകവും, ധർമ്മാദർമ്മഫലങ്ങളനുസരി ച്ചു ലോകമര്യാദയെ നിലനിരുത്താനായി സര്‍വ്വേശ്വരൻ ധര്‍മ്മത്തെ നിലനിറുത്താനും , സാധുക്കളുടെ മോക്ഷപ്രതിബന്ധികളായ ജന്മകർമ്മങ്ങളെത്തീര്‍ത്തു മോക്ഷം നൾകാനുമായിട്ട് ശംഭോലഗ്രാമത്തിലെ മുഖ്യനും മഹാത്മാവുമായ വിഷ്ണുയശസ്സെന്നു പേരായ ബ്രാഹ്മണന്റെ ഭവനത്തില്‍ അവതരിക്കും.
ഇത്രയും കണ്ടാല്‍ ഗുരുദേവജന്മം ഇതുതന്നെ എന്നു തോന്നാം. എങ്കിലും ഈ പതിനെട്ടാം ശ്ളൊകത്തിന്റെ അവസാനത്തിൽ തന്നെ ബ്രാഹ്മണന്റെ ഭവനത്തില്‍ കല്കിയായി അവതരിക്കും എന്നാണു് പറയുന്നതു്.
ജനസമുദായത്തുനു് ന്യായാന്യായവിചാരം ഇല്ലാതെയിരുന്ന അരവസരത്തിലാണു് ഗുരുദേവൻ ജനിച്ചതെന്നതുസത്യം തന്നെ. ഗുരുദേവൻ പരബ്രഹ്മാവതാരം തന്നെ എന്നതും ശരിതന്നെ. ഗുരുദേവൻ സത്ത്വഗുണപ്രധാനിയും സ്തഗുണസ്വരൂപിയെന്നതിനും സംശയം വേണ്ടാ. പൂജ്യനും സർവ്വസ്വരൂപങ്ങളിലും അന്തര്യാമിയും സർവ്വകാരണാത്മാവും ആയിരിന്നു എന്നതിനും സംശയം വേണ്ടാ. ധർമ്മത്തെ നിലനിറുത്താനും സാധുജനങ്ങളുടെ മോക്ഷത്തിനായി കർമ്മനിരതനായി എന്നതും ശരിതന്നെ. ഇത്രയും കാണുമ്പോള്‍ ഇവിടെ പറഞ്ഞിരിക്കുന്ന അവതാരം ഗുരുദേവന്‍ തന്നെയോ എന്നാ സംശയവും ഉണ്ടാകാം-മുകളിൽ പറഞ്ഞ “കല്ക്കി” എന്ന വാക്കു മറന്നാൽ. എന്നാൽ അതു ഗുരുദേവനെപ്പറ്റിത്തന്നെയല്ലാ എന്നു മൻസ്സിലാക്കി ഉറപ്പിക്കാൻ, മുകളിൽ ഉദ്ധരിച്ച ശ്ലോകങ്ങള്‍ക്ക് മുമ്പും പിമ്പും ഉള്ള ശ്ലോകങ്ങള്‍ കൂടി നോക്കുന്നതു നന്നായിരിക്കും.
ആദ്യമായി പതിനാലും പതിനഞ്ചും ശ്ലോകങ്ങൾ നോക്കാം.
"ശൂദ്രപ്രായേഷു വർണേഷു ഛാഹാഗപ്രയാസു ധേനുഷു
ഗൃഹപ്രായേഷ്വാശ്രമേഷു യൗനപ്രായേഷു ബന്ധുഷു”; (14)
“അണൂപ്രായാസ്വോഷധീഷു ശമീപ്രായേഷു സ്ഥാസ്നുഷു
വിദ്യുത്പ്രായേഷു മേഘേഷു ശൂന്യപ്രായേഷു സദ്മസു.” (15)
എന്നിവയാണു പതിനാലും പതിനംചും ശ്ളോകങ്ങൾ.
ബ്രാഹ്മണക്ഷത്രിയാദികളായ വർണ്ണങ്ങൾ അവരവരുടെ ആചാരങ്ങൾ വേടിഞ്ഞു് ശൂദ്രതുല്ല്യരായിരിക്കും. പശുക്കൾ ആകൃതികൊണ്ടും പാൽ കോണ്ടും ആടുകൾക്കു തുല്ല്യമായിരിക്കും. ബ്രഹ്മചര്യസന്യാസാദികളായ ആശ്രമങ്ങളെ സ്വീകരിച്ചവരും ഗൃഹസ്ഥാശ്രമികളെപ്പോലെ മൈധൂനാദിവിഷയഭോഗങ്ങളെ അനുഭവിക്കുന്നതിൽ തത്പരരായിരിക്കും. യോനീസംബന്ധികളെ മാത്രമേ ബന്ധുക്കളായി ഗണിക്കുകയുള്ളൂ.
ഇനി പത്തൊമ്പതും ഇരുപതും ശ്ളോകങ്ങൾ നോക്കാം.
“അശ്വമാശുഗമരുഹ്യ ദേവദത്തം ജഗത്പതിഃ
അസിനാസാധുദമനമഷ്ടൈശ്വര്യഗുണാന്വിതഃ. (19)
വിചാരന്നാശുനാ ക്ഷോണ്യാം ഹയേനാപ്രതിമദ്യുതിഃ
നൃപലിങ്ഗച്ഛദോ ദസ്യൂൻ കോടിശോ നിഹനിഷ്യതി. (20)
ഇവിടെ ധർമ്മത്തെ സമ്രക്ഷിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്നു. അണിമാദികളായ അഷ്ടൈശ്വര്യങ്ങളും സത്യസങ്കല്പശക്തി, ശൌര്യം മുതലായ ഉത്കൃഷ്ടഗുണങ്ങളും അസാധാരണവും സാദൃശ്യമില്ലാത്തതുമായ തേജസ്സുമുള്ള ഭഗവാൻ ലോകനാധൻ ദുഷ്ടജനങ്ങളെ അമർത്തിയടക്കുന്നതിനു ശക്തിയുള്ളതും അതി ശീഘ്രം സൻചരിക്കുന്നതും ദേവദത്തമെന്നു പേരോടുകൂടിയതുമായ കുതിരയിന്മേൽ കയറി, ഭൂമിയിൽ സർവ്വത്ര സഞ്ചരിച്ചു് അവിടവിടെ രാജാക്കന്മാരെന്ന് നിലനടിച്ചു ജനസമുദായത്തെ ദ്രോഹിക്കുന്ന അധർമ്മിഷ്ടന്മാരേ കോടികോടിയായിട്ടു് വാൾകൊണ്ടു സംഹരിക്കും.
ഇവിടെ ബ്രാഹ്മണൻ, ക്ഷത്രിയൻ തുടങ്ങിയ വാക്കുകളെ ജനനത്തെ അടിസ്ഥാനപ്പെടുത്തി എടുക്കാതിരിക്കുക. ബ്രാഹ്മണൻ എന്നതിനെ ജ്ഞാനിയായവർ വിദ്യ അഭ്യസിക്കയും അഭ്യസിപ്പിക്കയും ചെയ്യുന്നതു ധർമ്മമായുള്ളവൻ എന്നും ക്ഷത്രിയൻ എന്നതിനെ ധർമ്മാധർമ്മങ്ങളെ അനുസരിച്ചു ഭരണം നടത്തുവാൻ കടമപ്പെട്ടവർ എന്നും ആണു് നാം മനസ്സിലാക്കേണ്ടതു്. വിദ്യാഭ്യാസവും അഭിരുചിയും അനുസരിച്ചുള്ള തൊഴിൽ ചെയ്യാതെ, അതായതു് സ്വന്തം ധർമ്മം വെടിഞ്ഞു്, ആ അനുഷ്ടിക്കേണ്ട ധർമ്മം അനുഷ്ടിക്കാതെയിരിക്കുന്നവർ എന്നാണർത്ഥം എടുക്കേണ്ടതു്.
അങ്ങനെയുള്ളവർ ഗുരുജനിച്ച അവസരത്തിൽ ധാരാളം ഉണ്ടായിരിന്നു. പശുക്കൾ അന്നും ഇന്നും ആടുകളായിട്ടില്ല. ബ്രഹ്മചര്യം അനുഷ്ടിക്കേണ്ടവർ അന്നും ഇന്നും അതു ചെയ്യുന്നും ഇല്ല, മൈഥൂനാദിവിഷയങ്ങളിൽ വളരെ തല്പ്പരരും ആണെന്നും കാണാം, ഗുരുദേവൻ ജനിച്ചപ്പോഴും ഇപ്പോഴും. യോനീസംബന്ധികളെപ്പോലും ബന്ധുക്കളായിക്കണ്ടിരുന്നില്ല എന്നതും സത്യം തന്നെ. ഗുരുദേവൻ ഐശര്യവാനും സത്യസങ്കല്പശക്തിവാനും ആയിരിന്നു. അസാധാരണതേജസ്വിയും ഉത്കൃഷ്ടഗുണവാനും ആയിരിന്നുതാനും. ജനിച്ചതു ബ്രാഹ്മണഗുണങ്ങളുള്ള കുടുംബത്തിലും കർമ്മത്താൽ ബ്രാഹ്മണണും ആയിരിന്നു എന്നതും ശരിതന്നെ. ഗ്രാമത്തിൽ തന്നെ ജനിച്ചതും.
എന്നാൽ ഗ്രാമ മുഖ്യന്റെ ഗൃഹത്തിലായിരുന്നില്ല, ശംഭലഗ്രാമത്തിലും ആയിരുന്നില്ല. ഗുരുദേവനു കുതിരയും ഇല്ലായിരുന്നു, വാളും ഇല്ലായിരിന്നു. ഭൂമിയിൽ സർവ്വത്ര സൻചരിച്ചിട്ടും ഇല്ല. ദക്ഷിണഭാരതത്തിൽ മാത്രം ആണു സൻചരിച്ചിട്ടുള്ളതു്. ഗുരുദേവനു വാളും ഇല്ലായിരിന്നു, ഗുരുദേവൻ ആരേയും വാളുപയോഗിച്ചു കൊന്നിട്ടും ഇല്ല. അപ്പോൾ മഹാഭാഗവതത്തിൽ, ദ്വാദശസ്കന്ധത്തിൽ പറയുന്ന അവതാരം ഗുരുദേവനല്ല. അതു കല്ക്കിയാണെന്നു് പതിനെട്ടാം ശ്ളോകത്തിലും; അതേ ദ്വാദശസ്കന്ധത്തിൽ, ഇരുപത്തിമൂന്നാം ശ്ളൊകത്തിലും വ്യക്തമായി പറഞ്ഞിട്ടും ഉണ്ടു്.
എന്നാൽ ശുക്രമഹർഷി ഗുരുദേവന്റെ അവതാരജന്മത്തെപ്പറ്റി ശുക്രസംഹിതയിൽ പറയുന്നതായി എഴുതിക്കാണുന്നു. അതിങ്ങനെയാണു്.
"ഏകജാതിമതസ്ഥാപകസന്ദേശവാഹകനായി 1031 (൧൦൩൧) ചിങ്ങമാസം പതിനാലാം തിയതി കുജവാരത്തില്‍ ചിങ്ങം ലഗ്നത്തിൽ ഒരു മഹാപുരുഷൻ അവതരിക്കും" എന്നു ജ്യോതിശ്ശാസ്ത്രമഹാപണ്ഡിതനും ത്രികാലജ്ഞനുമായ ശുകൃമഹര്‍ഷി തന്റെ ശുക്രസംഹിതയിൽ അനേകശതാബ്ദങ്ങള്‍ക്കു മുമ്പുതന്നെ പ്രവചിച്ചിരുന്നു. ഗുരുദേവന്റെ ജനനത്തേയും, ജീവിതത്തിലുള്ള മറ്റു പ്രധാന ഘട്ടങ്ങളേയും, മഹാസമാധികാലത്തേയും അടിസ്ഥാനമാക്കി ജ്യോതിശ്ശാസ്ത്രപണ്ഡിതരായ പല വിദ്വാന്മാരേയും കൊണ്ടു സൂക്ഷ്മപരിശോധന നടത്തിയതില്‍ ഗുരുദേവന്റെ ജനനം ശുക്രസംഹിതയിൽ കാണിച്ച അതേദിവസവും സമയവും തന്നെയാണെന്നു തെളിഞ്ഞിട്ടുണ്ടു. ഗുരുദേവന്റെ ജീവിതാരംഭം മുതലുള്ള എല്ലാപ്രവര്‍ത്തനങ്ങളും ഏകജാതിമതാടിസ്ഥാനം ആക്കിയുള്ളതാകയാൽ ശുക്രമഹർഷിയുടെ പ്രവചനമനുസരിച്ചു ജനിച്ചിട്ടുള്ള മഹാപുരുഷന്‍ ഗുരുദേവനല്ലാതെ മറ്റാരുമല്ലന്നു ന്യായമായും യുക്തിയുക്തമായും വിശ്വസിക്കാവുന്നതാണു്."
ഇതു് തലശ്ശേരി, റിട്ടയാര്‍ഡ് ഡിസ്ട്രിക്ട് മുനിസിഫ് ശ്രീ ഡി പി ഗോപാലൻ ബിഎ; ബിഎൽ അവറുകൾ 1954 (൧൯൫൪) ഡിസംബർ ലക്കം ഗുരുകുലം മാസികയിൽ എഴുതിയിട്ടുള്ളതായി ശ്രീ കുമ്പളംചിറയിൽ വാസവപ്പണിക്കർ 1976 ജൂലൈ മാസത്തിൽ പരിഷ്കരിച്ചു പ്രസിദ്ധീകരിച്ച സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കരുടെ ജീവചരിത്രത്തിന്റെ രണ്ടാം പതിപ്പിൽ എഴുതിയിട്ടുണ്ടു്. ഇതിന്റെ ഒന്നാം പതിപ്പു 1944 ഏപ്രിൽ മാസത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതിൽ ഈ ഭാഗം ഇല്ല.
(© ഉദയഭാനു പണിക്കർ. ഗുരുവായൂർ ദേവസ്വം പ്രസിദ്ധീകൈച്ച സാഹിത്യകേസരി പണ്ഡിറ്റ് പി ഗോപാലൻ നായർ തർജ്ജിമ ചെയ്തു വ്യാഖ്യാനിച്ച ശ്രീമദ് ഭാഗവതം; ശ്രീ കുമ്പളംചിറയിൽ വാസവപ്പണിക്കർ 1976 ജൂലൈ മാസത്തിൽ പരിഷ്കരിച്ചു പ്രസിദ്ധീകരിച്ച സരസകവി മൂലൂർ എസ്സ് പത്മനാഭപ്പണിക്കരുടെ ജീവചരിത്രത്തിന്റെ രണ്ടാം പതിപ്പു്, ഇവ ആധാരം.)
No comments:
Post a Comment