Udayabhanu Panickar
കേരളകൗമുദിയുടെ തുടക്കത്തെപ്പറ്റിനേരത്തെ ഒരു ലേഖനം ഇവിടെ ചേർത്തിരുന്നല്ലോ. അതിന്‍റെ തുടർച്ചയായി പത്രം തുടങ്ങും മുമ്പു് അതിന്‍റെ തുടക്കക്കാരായ മൂന്നുപേർ ചേർന്നു് വരിക്കാരെ ചേർക്കുന്നതിനും അതുനുള്ള പ്രതിഫലമായി പത്രത്തിന്‍റെ ഉടമസ്ഥതയിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തുകൊണ്ടും ഈഴവസമുദായാംഗങ്ങൾക്കു് അയച്ച ഒരു കത്തിന്‍റെ പകർപ്പു് അടിയിൽ കൊടുക്കുന്നു. കത്തിന്‍റെ ഉപജ്ഞാതക്കളിൽ ആദ്യത്തെയാൾ മൂലൂരായിരിന്നു.
=========
മയ്യനാടു്
1086 വൃശ്ചികം.
മാന്യരെ,
“കേരളത്തിൽ പരിഷ്കാരത്തെ പ്രാപിച്ചിട്ടുള്ള എല്ലാ സമുദായക്കാർക്കും പൊതുക്കാര്യത്തിനുപുറമേ തങ്ങളുടെ സമുദായകാര്യങ്ങളെക്കൂടി പ്രദിപാദിക്കുന്നതിനു വർത്തമാനപ്പത്രങ്ങളും മാസികകളും ആവശ്യത്തിൽ കവിഞ്ഞും ഉണ്ടെന്നുള്ള വിവരം അറിയാമല്ലോ. ഈഴവർക്കു കുറേനാൾ മുമ്പുവരെ ‘സുജാനന്ദിനി’ ഉണ്ടായിരിന്നു എങ്കിലും, ഇപ്പോൾ എസ്സ് എൻ ഡി പി യോഗം വകയായി പുറപ്പെടുന്ന ‘വിവേകോദയം’ എന്ന മാസിക മാത്രമേയുള്ളൂ. ‘വിവേകോദയം’ എത്ര ഉത്തമമായ രീതിയിൽ നടത്തപ്പെട്ടാലും അതൊരു മാസികയായിരിക്കുന്ന കാലത്തോളം ഈഴവർക്കു ചുരുങ്ങിയപക്ഷം പ്രതിവാരമെങ്കിലും നടത്തപ്പെടുന്ന ഒരു പത്രത്തിന്‍റെ ആവശ്യം ഉണ്ടായിരിക്കുകതന്നെ ചെയ്യുന്നതാണു്. അതിലും വിശേഷിച്ചു് ഏതെങ്കിലും ഒരു സമുദായകാര്യത്തെ പ്രത്യേകം ശ്രദ്ധിക്കാതെ പൊതുജനപ്രാതിനിധ്യംതന്നെ യഥാർത്ഥമായി നിർവഹിച്ചുപോരുന്ന ഒരു ഉത്തമ മലയാളപത്രം ഉണ്ടാകുന്ന കാലത്തോളം ഈഴവർക്കു് ഈ ആവശ്യം ഒഴിച്ചുകൂടാത്തതുമാണു്. ഇതിനു പല കാരണങ്ങൾ പറയാനുണ്ട്. ഒന്നാമതായി ഈഴവർ കേരളത്തിൽ സംഖ്യകൊണ്ടു് ഒന്നാമതായി നില്ക്കുന്ന സമുദായമാണു്. ധനസ്ഥിതിയിലും അവർ മറ്റു സമുദായക്കാരെ അപേക്ഷിച്ചു വളരെ പിന്നിലല്ല. വിദ്യാഭ്യാസത്തിനും ഈയ്യിടെ പൂർവ്വസ്ഥിതിയെ അപേക്ഷിച്ചു വളരെ പ്രചാരം വന്നിട്ടുണ്ടു്.
സാമുദായികങ്ങളായ ആചാരങ്ങളെ പരിഷ്കരിക്കുന്ന കാര്യത്തിൽ അവരോളം ഉത്സാഹം മറ്റു സമുദായക്കാർ ഇതേവരെ കാണിച്ചിട്ടുമില്ല. എസ്സ് എൻ ഡി പി യോഗം മുതലായ മഹാസംരംഭങ്ങൾ അവർ തുടങ്ങിയുമിരിക്കുന്നു. തിരുവിതാംകൂർ, കൊച്ചി, ഈ സംസ്ഥാനങ്ങളിൽ സർക്കാരുദ്യോഗസംബന്ധമായും വിദ്യാഭ്യാസസംബന്ധമായും നേരിട്ടിരിക്കുന്ന പ്രതിബന്ധങ്ങൾ പ്രായേണ നീങ്ങിയും വരുന്നു. പലദിക്കിലും ഈഴവസമാജങ്ങൾ ഏർപ്പെട്ടു പല നല്ലകാര്യങ്ങളെ നിർവഹിച്ചു വരുന്നു. ഇങ്ങനെയൊക്കെയിരുന്നാലും പരിഷ്കാരത്തിൽ മുന്നണിയെ പ്രാപിച്ചിട്ടുള്ള മറ്റു സമുദായക്കാരോടു ജീവിതമത്സരത്തിൽ ഒപ്പം എത്തുന്നതുനു് ഇനിയും വളരെ ശ്രമങ്ങൾ നമ്മുടെ സമുദായത്തിൽനിന്നും ചെയ്യുവാനുണ്ടെന്നുള്ളതു നിർവിവാദമാണല്ലോ. ഈവക ശ്രമങ്ങളിൽ സമുദായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഒരേസ്ഥാനത്തു നടന്നുവരുന്ന ശ്രമങ്ങളെ മറ്റു സ്ഥലത്തുള്ളവർക്കു ദൃഷ്ടാന്തമാക്കുന്നതിനു ചൂണ്ടിക്കാണിച്ചുകൊടുക്കുന്നതിനും ഇനിയും സാധിക്കേണ്ട പല കാര്യങ്ങളെ യഥാവസരം ഗവണ്മെന്റ്റിനെ ധരിപ്പിക്കുന്നതിനും സമുദായംവകയായി ഒരു പ്രത്യേക പത്രം ഉണ്ടായിരുന്നെങ്കിലല്ലാതെ സാധിക്കയില്ലെന്നു് അതിവിസ്താരം കൂടാതെതന്നെ നിങ്ങൾക്കറിയാവുന്നതാണല്ലോ.
‘സുജനാനന്ദിനി’യെത്തന്നെ വീണ്ടും ഉദ്ധരിപ്പിക്കുകയോ അതല്ല ഒരു പുതിയ പത്രം തുടങ്ങുകയോ എന്താണു വേണ്ടതെന്നു കുറേനാളായി ഞങ്ങൾ ആലോചിച്ചു കഴിഞ്ഞുവരികയാണു്. പല കാരണങ്ങളാലും ഒരു പുതിയ പത്രം തന്നെ ആരംഭിക്കാമെന്നു തീർച്ചയാക്കുകയും ഡിക്ലറേഷൻ എഴുതിവച്ചു് അനുവാദം വാങ്ങുകയും മറ്റും ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇനി നിങ്ങൾ മുതലായ മാന്യസുജനങ്ങളുടെ സഹായം ഒന്നുമാത്രംകൂടി ഉണ്ടായാൽ പത്രം ആരംഭിക്കാവുന്നതാണു്.
എന്നാൽ ഞങ്ങൾ ചിലരുടെമാത്രം വകയായി ആരംഭിക്കുന്ന പത്രം സമുദായത്തിന്‍റെ പൊതുസ്വത്തായിത്തീരുന്നതെങ്ങനെയെന്നു നിങ്ങൾ സംശയിച്ചേക്കാം. അതുപോലെ തന്നെ ഞങ്ങളുടെ ആരുടെയെങ്കിലും കുഴപ്പംകൊണ്ടു പത്രം നിന്നുപോകാൻ ഇടവരികയില്ലയോ എന്നും നിങ്ങൾക്കു തോന്നിയേക്കാം. കേരളകൗമുദിയെ ഞങ്ങളുടെ സ്വന്തമാക്കി വയ്ക്കണമെന്നു ഞങ്ങൾക്കു തീരെ ഉദ്ദേശമില്ല. പത്തു വരിക്കാരെ ചേർത്തു് അവരുടെ വരിപ്പണം മുൻകൂറായിട്ടു് അയച്ചുതരികയോ, അല്ലെങ്കിൽ മൂന്നുമാസത്തിലൊരിക്കൽ വി പി ആയി അയയ്ക്കാൻ അവരെക്കൊണ്ടു സമ്മതിപ്പിച്ചു് എഴുത്തയപ്പിച്ചു തരികയോ ചെയ്-വാൻ കഴിയുന്നവരായി എത്രപേർ നമ്മുടെ സമുദായത്തിൽ ഉണ്ടാകുമോ അത്രയുംപേർ കേരളകൗമുദിയുടെ ഉടമസ്തരായി (ഓഹരിക്കാരായി) ഇരിക്കുന്നതാണു്. പത്രത്തിന്‍റെ നടത്തിപ്പിൽ നഷ്ടം വല്ലതും നേരിടുന്നപക്ഷം അതിനെ ഞങ്ങൾതന്നെ സഹിച്ചുകൊള്ളാവുന്നതും ലാഭം വല്ലതും ഉണ്ടായിരുന്നാൽ അതിനു് ഓഹരിക്കാർ അവകാശികളായിരിക്കുന്നതുമാകുന്നു. എന്നാൽ പത്തുവരിക്കാരെവീതം ചേർത്തുതരാൻ തയാറുള്ള ഓഹരിക്കാർ ചുരുങ്ങിയപക്ഷം അൻപതുപേരെങ്കിലും ഉണ്ടായിരുന്നെങ്കിലല്ലാതെ ത്രപ്തികരമായി ഇതൊന്നും നടത്താൻ കഴിയുന്നതുമല്ല. ഇങ്ങനെയുള്ള പൊതുക്കാര്യങ്ങളിൽ സമുദായത്തെക്കുറിച്ചു സൗഹാർദ്ദത്തോടുകൂടി പ്രവർത്തിക്കാൻ വേണ്ടി സൗജന്യമുള്ളവരായി നിങ്ങളെപ്പോലെ അൻപതുപേർ നമ്മുടെ സമുദായത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുമെന്നാണു് ഞങ്ങളുടെ പൂർണ്ണമായ വിശ്വാസം. അതിനാൽ യാതൊരധൈര്യവും കൂടാതെ പത്രം ആരംഭിക്കാമെന്നും അടുത്ത ജാനുവരി മുപ്പതാം തീയതിക്കു മുമ്പായി പത്രം പുറപ്പെടുവിക്കണമെന്നുമാണു നിശ്ചയിച്ചിരിക്കുന്നതു്. കഴിയുന്ന വേഗത്തിൽ ഇതിനൊരു മറുപടി അയച്ചുതരണമെന്നും ചുരുങ്ങിയപക്ഷം വിശ്വസ്തന്മാരായ പത്തു വരിക്കാരെയെങ്കിലും ഉടൻ ചേർത്തു തരണമെന്നും അപേക്ഷിക്കുന്നു. അൻപതു് ഓഹരിക്കാർ തികഞ്ഞതിന്‍റെ ശേഷം ഓഹരിക്കാരുടെ അവകാശങ്ങളേയും മറ്റും നിർണ്ണയപ്പെടുത്തി വേണ്ട നിബബന്ധനകൾ എഴുതിയുണ്ടാക്കാമെന്നും കഴിയുമെങ്കിൽ ഓഹരിക്കാരുടെ ഒരു യോഗംകൂടി അടുത്ത എസ്സ് എൻ ഡി പി യോഗത്തിന്‍റെ വാർഷിക യോഗത്തോടൊരുമിച്ചു നടത്തണമെന്നും ആലോചിച്ചിട്ടുണ്ടു്. പത്രവരി അഞ്ചുരൂപയാണു് തല്കാലം നിശ്ചയിച്ചിരിക്കുന്നതു്. വലിപ്പം സുജനാനന്ദിനിയുടെതുതന്നെ. പത്രത്തിന്‍റെ നടത്തിപ്പുരീതിയെക്കുറിച്ചും മറ്റും കേവലം മനോരാജ്യസങ്കല്പങ്ങളായ വലിയ പ്രതിജ്ഞകളൊന്നും ചെയ്യുവാൻ ഞങ്ങൾ ഒരുങ്ങുന്നില്ല. കഴിയുന്നത്ര ഉത്തമമായ രീതിയിൽ നടത്താൻ വേണ്ട എല്ലാശ്രമങ്ങളും ഉദാസീനതകൂടാതെ ചെയ്യുമെന്നുമാത്രമേ ഉറപ്പു പറയുന്നുള്ളു. മറുപടിക്കു കാത്തിരിക്കുന്നു.
എന്നു്, നിങ്ങളുടെ വിധേയന്മാരായ,
മൂലൂർ എസ്സ് പത്മനാഭപ്പണിക്കർ.
കെ സി കുമാരൻ
സി കൃഷ്ണൻ.
മേലവിലാസം. കേരളകൗമുദി ആഫീസ്,
വർണ്ണപ്രകാശം പ്രസ്സ്, മയ്യനാടു്.
=========
മേൽ ഉദ്ധരിച്ച വിജ്ഞാപനമനുസരിച്ചു് 1911 ഫെബ്രുവരി ഒന്നാം തിയതി കേരളകൗമുദി ഉദയംചെയ്തു.
© ഉദയഭാനു പണിക്കർ
No comments:
Post a Comment