Suresh Kumar
ഉദയാസ്തമന പൂജ - ഗുരുവായൂരിലെ നിരക്ക് 50,000 രൂപ, ശബരിമലയിൽ 25,000 രൂപ, ബുക്കിങ്ങ് വളരെ വർഷങ്ങൾക്ക് മുന്നേ നടത്തേണ്ടതുമുണ്ട്. ശിവഗിരിയിൽ ജന്മദിന ഉദയാസ്തമന പൂജകൾ നടത്താൻ അടയ്ക്കേണ്ടത് 10,000 രൂപയും. എന്നിട്ടും ചിലർക്ക് സഹിയ്ക്കുന്നില്ല. ശിവഗിരിയെന്നല്ല ഏതു സ്ഥാപനവും നടത്തിക്കൊണ്ട് പോകാൻ ധനം ആവശ്യമാണ്. ഈ ആശ്രമവും, ഇവിടുത്തെ സന്യാസിമാരും എങ്ങനെയാണു നിത്യച്ചിലവുകൾക്കുള്ള ധനം സമ്പാദിയ്ക്കുന്നത് എന്നറിയാമോ? ശിവഗിരി ആശ്രമവും അവിടുത്തെ പ്രസിദ്ധീകരണവും, അവിടുത്തെ അന്തേവാസികളുടെ ജീവിതചിലവും വഹിയ്ക്കാൻ ആൽത്തറകൾ തോരും കഥാപ്രസംഗം നടത്തി, അതിനായി ജീവൻ ദാനം നൽകിയ ഒരു സ്വാമിയെ അറിയാമോ?
ശ്രീനാരായണപ്രസ്ഥാനങ്ങൾക്ക് കിട്ടുന്ന വരുമാനത്തിന് അതിൻറ്റേതായ ചിലവുകളും ഉണ്ട്.മഠത്തിനു ഒസ്യത്ത് പ്രകാരം ലഭിച്ചവ കൊണ്ട് മാത്രം ചിലവുകൾ നടത്താനിരുന്നാൽ, അവിടെ പുതിയതായി ഒന്നും ചെയ്യാൻ വകയുണ്ടാവുകയില്ല. മഠം സ്വന്തമായ നിലയിൽ മറ്റാരുടേയും കാരുണ്യത്തിനായി കാക്കാതെ നിത്യചിലവുകളും, വികസന പ്രവർത്തനങ്ങളും, ഗുരുധർമ്മപ്രചരണവും ഒക്കെ നടത്തണം എന്നതാണു എല്ലാ സ്വാമിമാരുടേയും ആഗ്രഹം. അതിനായി ഭിക്ഷയെടുക്കേണ്ട കാര്യമൊന്നുമില്ല. അവിടെ ഭക്തജനങ്ങൾ വരുന്നുണ്ട്. അവർ വളരെ കുറഞ്ഞ ചിലവിൽ സമാധിയിലും, ശരദാമഠത്തിലും അർച്ചനയും മറ്റു പൂജകളും നടത്തുമുണ്ട്. പിന്നെ വിശേഷാൽ പൂജകൾ വിവാഹം, ജന്മദിനം എന്നിവയോടനുബന്ധിച്ച് നടത്തിയാൽ കൊള്ളാം എന്നത് ഭക്തജനങ്ങളുടെ കുറേക്കാലമായുള്ള ആവശ്യമാണ്.
ഇന്നത്തെ വിലനിലവാരമനുസരിച്ച് അരി, നാളീകേരം, ശർക്കര, എണ്ണ, പൂവ്,മറ്റ് പൂജാസാമഗ്രികൾ, ഇങ്ങനെ വിവിധ വസ്തുക്കളുടെചിലവ് കണക്കാക്കേണ്ടതുണ്ട്. ഇവയൊന്നും ശിവഗിരിയിൽ ഉണ്ടാക്കുന്നവയല്ല. വർക്കലയിലോ, കല്ലമ്പലത്തോ മാത്രമല്ല, കൊല്ലം ചിന്നക്കടയിലോ, ആര്യങ്കാവ് വഴി രാജപ്പളയത്തോ, തെങ്കാശ്ശിയിലോ വരെ പോകേണ്ടതുണ്ട് ചില സീസണുകളിൽ വൻതോതിൽ സാമഗ്രികൾ ലഭിയ്ക്കാൻ. തോവാള പൂത്തില്ലെങ്കിൽ പൂജയ്ക്കൊരു പൂ ലഭിയ്ക്കാത്ത കേരളത്തിൻറ്റെ അവസ്ഥയ്ക്ക് ശിവഗിരിയും, സ്വാമിമാരും എന്തു പിഴച്ചു?
അന്നദാനം ഇതിനോടനുബന്ധമായി പറയേണ്ടതാണ്. ഗുരുപൂജയുടെ ആഹാരം, സാധാരണദിവസങ്ങളിൽ 300 മുതൽ ഞായറഴ്ചകളിൽ 500 നു മുകളിലും, വിശേഷാൽ ദിവസങ്ങളിൽ 1000 നു മുകളിലും പോകാറുണ്ട്. ഒരിലയ്ക്ക് 40 രൂപാ കണക്കിൽ എടുത്താലും ഇത് 12,000 മുത 40,000 വരെ പോകുന്നു. ഗുരുപൂജയ്ക്ക് കാശടയ്ക്കുന്നവർ ഇതിൽ ഒരു ഗണ്യമായ വിഹിതം നൽകുന്നുണ്ട്. അതിനാൽ അന്നദാനം ഉൾപ്പടെ നോക്കിയാൽ ഈ തുക തന്നെ പര്യാപ്തമല്ല.മറ്റു ക്ഷേത്രങ്ങളുടെ മാതൃകയിൽ ഒരു ദിവസം ഒന്നിൽ കൂടുതൽ ആളുകൾ ഇത്തരം പൂജ നടത്തിയെങ്കിൽ മാത്രമേ, മറ്റു വികസന പ്രചരണ / ക്ഷേമ / വികസന പ്രവർത്തന്ങ്ങൾക്കായി ധനം സ്വരൂപിയ്ക്കുവാൻ സാധിയ്ക്കുകയുള്ളൂ.
"ചേകവത്തം", ഒന്നു കാണുമ്പോഴേ ആലോചിയ്ക്കാതെ ചാടിക്കയറി പ്രവർത്തിയ്ക്കുക, പിന്നീട് അത് തെറ്റാണെന്ന് പിൻബുദ്ധി വരിക) അത് ജന്മഗുണമാണ്, എനിയ്ക്കും ഉണ്ട്; അതിനാൽ ഇപ്പോൾ വൈകി പ്രതികരിയ്ക്കുക എന്നതാണു രീതി സ്വായത്തമാക്കാനുള്ള ശ്രമത്തിലാണ്. ഇത് അറിയാവുന്ന സന്യാസി സമൂഹം, കല്ലുകടികൾ ഒഴിവാക്കാൻ പലതും വേണ്ടെന്ന് വച്ചതിനാലാണ് ഗുജറാത്തിലെ സബർമതിയോ, ബംഗാളിലെ രബ്ബിന്ദ്രോയോ പോലെ ശിവഗിരിയും ഒരു അന്താരാഷ്ട്രപഠനകേന്ദ്രം ആകാതെ പോയത്. ഇനിയെങ്കിലും ഇതിനൊരു മാറ്റം വരട്ടേ, എന്നാഗ്രഹിയ്ക്കുന്ന ഭക്തജനലക്ഷങ്ങൾ ഇവിടുണ്ട്, അവരത് ആവശ്യപ്പെടുന്നുമുണ്ട്. ആരുടേയും വീട്ടിൽ ബക്കറ്റുമായി പിരിവിനു വരുന്നില്ല, സുമനസ്സുകൾ സമർപ്പിയ്ക്കുന്ന ധനം മാത്രം മതി, അതേ ശാശ്വതമായി നിലനിൽക്കൂ.
പിന്നെ അനുഗ്രഹത്തിൻറ്റെ കാര്യം. ശാരദാമഠത്തിനും, സദ്യാലയത്തിനുമിടയിലുള്ള പടിയിൽ ചെന്നിരിയ്ക്കുക. ജീവിതത്തിൽ നിങ്ങൾഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരാൾ അടുത്ത് വന്ന് "ഗുരുപൂജയുടെ ടിക്കറ്റ് ഉണ്ടോ?" എന്നു ചോദിച്ച്, ഇല്ലെന്ന മറുപടി പറഞ്ഞാൽ ഒരു ടിക്കറ്റ് നിങ്ങൾക്ക് തന്നിട്ട്, "പോയി ആഹാരം കഴിയ്ക്കൂ" എന്നു അഭ്യർത്ഥിച്ചാൽ, മനസ്സിലാക്കാം, നിങ്ങൾക്ക് ഗുരുദേവൻറ്റെ അനുഗ്രഹം ഉണ്ടെന്ന്. അതു ലഭിയ്ക്കുന്നിലെങ്കിൽ സുഹൃത്തേ,അതിൻറ്റെ കാരണം എനിയ്ക്കറിയില്ല, അതു താങ്കൾ തന്നെ തേടേണ്ടിയിരിയ്ക്കുന്നു, പരിഹരിയ്ക്കേണ്ടിയിരിയ്ക്കുന്നു.
കഴിവുള്ളവർ അവരുടേതോ, പ്രിയപ്പെട്ടവരുടേതോ ആയ ജന്മദിവസങ്ങളിൽ പൂജനടത്തി,ശിവഗിരിമഠത്തെ നിങ്ങളുടെ ജീവിതത്തിൻറ്റെ ഭാഗമാക്കുക, അതിനു താൽപ്പര്യമില്ലാത്തവർ അതാലോചിച്ച് വിഷമിയ്ക്കുകയും വേണ്ട. എങ്കിലും കഴിയുമെങ്കിൽ വർഷത്തിൽ ഒരു ദിവസമെങ്കിലും, തീർത്ഥാടന സമയത്തോ, അവധി ദിവസങ്ങളിലോ, മറ്റേതെങ്കിലും സൗകര്യപ്രദമായ ദിവസം ശിവഗിരി സന്ദർശ്ശിയ്ക്കൂ. ആ മണ്ണീൻറ്റെ കുളിർമ്മയും, വൃക്ഷത്തിൻറ്റെ ശീതളഛായയും, ഗുരുദേവൻറ്റെ അനുഗ്രഹവും ആത്മാവിൽ സമാവേശിപ്പിയ്ക്കൂ; നിങ്ങൾക്ക് നഷ്ടപ്പെടാൻ വണ്ടിക്കാശ് മാത്രം, നേടുന്നതോ ആ മരത്തിന്റെ ചുവട്ടിൽ മൺകലത്തിലെ ഒരു ഗ്ലാസ്സ് വെള്ളവുമായി നിന്നു സ്വയം മനസിലാക്കൂ. ഗുരുദേവൻ അനുഗ്രഹിയ്ക്കട്ടേ.
No comments:
Post a Comment