അരുവിപ്പുറം പ്രതിഷ്‌ഠയുടെ 125ആം വര്‍ഷം[ ഡോ.എംഎം ബഷീര്‍ ]
ശ്രീനാരായണ ഗുരു ഈഴവശിവെനെ കുറിച്ച് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? പറഞ്ഞിട്ടുണ്ടെങ്കില്‍ എവിടെ വെച്ചാണ്? എപ്പോഴാണ്?-പലരും ചോദ്യങ്ങളില്‍ നിന്ന് വിചിത്രമായ കഥകള്‍ കെട്ടിയുണ്ടാക്കുന്നു. ജീവചരിത്രകാരന്മാര്‍ പലരും ഗുരു അങ്ങനെ പറഞ്ഞിട്ടുണ്ടെന്നു കരുതി അദ്ദേഹത്തെ ന്യായീകരിക്കുകയും 1888ല്‍ അരുവിപ്പുറത്തു നടന്ന ശിവ പ്രതിഷ്‌ഠയുമായി അതിനെ ബന്ധിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചിലര്‍ ഗുരു അങ്ങനെ പറഞ്ഞിട്ടില്ല എന്ന് തീരുമാനിച്ച് അങ്ങനെ പറയുന്നതിന്റെ ന്യായാന്യാങ്ങളെ കുറിച്ച് ചിന്തിക്കുകയും അങ്ങനെ പറയുന്നതുകൊണ്ട് നിരപരാധിയായ ഗുരുവില്‍ ഈഴവ പക്ഷപാതം ചാര്‍ത്തിവെക്കുകയാണ് എന്ന കണ്ടെത്തുകയും ചെയ്യുന്നു.
കുമാരനാശാന്‍ എഴുതിയ "ബ്രഹ്മശ്രീ ശ്രീ നാരായണ ഗുരുവിന്റെ ജീവചരിത്ര സംഗ്രഹം" എന്ന കൃതിയില്‍ അരുവിക്കരയില്‍ നടന്ന ശിവപ്രതിഷ്‌ഠ ഒരു സാധാരണ സംഭവമായിട്ടേ വിവരിച്ചുള്ളൂ. 1908ല്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ശിവപ്രതിഷ്‌ഠയെ കുറിച്ചും ആശാന്‍ പറയുന്നുണ്ടെങ്കിലും അവിടെയും സവിശേഷമായി എന്തെങ്കിലും നടന്നതായി സൂചനയില്ല. മയ്യനാട് കെ ദാമോദരന്‍ എഴുതിയ ജീവചരിത്രത്തിലും അരുവിപ്പുറത്തും തലശ്ശേരിയിലും പ്രതിഷ്‌ഠ നടന്നുവെന്നല്ലാതെ മറ്റൊന്നും പറഞ്ഞു കാണുന്നില്ല. നാരായണ ഗുരു ഈഴവ ശിവനെ കുറിച്ച് പറഞ്ഞു എന്നതൊന്നും അക്കാലത്ത് മഹാകാര്യമായി ആരും ഗണിച്ചിരുന്നില്ല. എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു.
നാരായണ ഗുരുവിനെ കുറിച്ച് മൂര്‍ക്കോത്ത് കുമാരന്‍ എഴുതിയ ജീവ ചരിത്രത്തില്‍ അരുവിപ്പുറം പ്രതിഷ്‌ഠയുമായി ബന്ധിച്ച് ഈഴവ ശിവനെ കുറിച്ച് പറയുന്നുണ്ട്. സ്വാമികളുടെ ശക്തിയും യോഗ്യതയും മനസ്സിലാക്കാതെയും അവിടുത്തെ പ്രവൃത്തിയുടെ ഉദ്ദേശ്യം ധരിക്കാതെയും ആയിരുന്നു അന്ന് ഈഴവ പ്രമാണിമാരില്‍ ചിലര്‍ ബ്രാഹ്മണര്‍ക്കല്ലാതെ ശിവപ്രതിഷ്‌ഠ ചെയ്യാന്‍ പാടില്ലെന്നു പറഞ്ഞുകൊണ്ട് തന്റെ ഉദ്യമത്തില്‍ നിന്ന് അവിടത്തെ വിരമിപ്പിക്കാന്‍ ശ്രമിച്ചത്. സ്വാമിയുടെ ശക്തിയും യോഗ്യതയും മനസ്സിലാക്കിയും അവിടത്തെ പ്രവൃത്തിയുടെ ഉദ്ദേശ്യം ധരിച്ചുമായിരുന്നു ഒരു ബ്രാഹ്മണന്‍ സ്വാമിയോട്, ബ്രാഹ്മണര്‍ക്കല്ലാതെ ശിവപ്രതിഷ്‌ഠ ചെയ്യാന്‍ വിധിയുണ്ടോ എന്നു ചോദിച്ചത്. ഈഴവ പ്രമാണികളുടെ പ്രതിഷേധത്തെ തന്റെ മനഃശക്തികൊണ്ട് ജയിച്ചു ഗുരു. ബ്രാഹ്മണന്റെ വായ, താന്‍ ഈഴവ ശിവനെയാണല്ലോ പ്രതിഷ്‌ഠിച്ചത് എന്ന് ഉടനടിയുള്ള പ്രത്യുത്തരം കൊണ്ടടച്ചു. മൂര്‍ക്കോത്ത് കുമാരന് ഈഴവ ശിവനെ കുറിച്ചുള്ള സംഭവം അറിയാമായിരുന്നെങ്കിലും അദ്ദേഹം അത് അരുവിപ്പുറത്തെ ശിവപ്രതിഷ്‌ഠയുമായിട്ടാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്. ഗുരുവിനെ ആ ഉദ്യമത്തില്‍ നിന്ന് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ച ഈഴവ പ്രമാണികള്‍ ആരൊക്കെയാണെന്ന് വ്യക്തമാക്കുകയോ തെളിവ് പറയുകയോ ചെയ്‌തിട്ടില്ല. ആ അവസരത്തില്‍ ബ്രാഹ്മണന്‍ തര്‍ക്കത്തിന് വന്നതെന്ന് തോന്നും വിധമാണ് അദ്ദേഹത്തിന്റെ വിവരണം. തുടര്‍ന്നു വന്ന ജീവചരിത്രകാരന്മാരില്‍ പലരും മൂര്‍ക്കോത്ത് കുമാരനെ പിന്‍തുടരാനാണ് ശ്രമിച്ചു കാണുന്നത്.
പണ്ഡിറ്റ് കെകെ പണിക്കര്‍ പറയുന്നു: അരുവിപ്പുറത്തെ പ്രതിഷ്‌ഠ നടന്ന കാലത്ത് ചില ഈഴവ പ്രമാണികള്‍ സ്വാമികളെ താദൃശ ശ്രമങ്ങളില്‍ നിന്ന് വിരമിപ്പിക്കാന്‍ ശ്രമിച്ചു. ബ്രാഹ്മണന്‍ മാത്രമേ ശിവപ്രതിഷ്‌ഠ നടത്താവൂ എന്നായിരുന്നു അതിന് അവര്‍ പറഞ്ഞ കാരണം. സ്വാമികളുടെ ശക്തിയും യോഗ്യതയും അവിടുത്തെ പ്രവൃത്തിയുടെ ഉദ്ദേശ്യവും ആ പ്രമാണികള്‍ അന്ന് ധരിച്ചിരുന്നില്ല. ഈഴവ പ്രമാണികളുടെ അത്തരം എതിര്‍പ്പുകളെ സ്വാമികള്‍ സ്വന്തം മനഃശക്തികൊണ്ടുതന്നെ ജയിച്ചു. ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ സ്വാമികളോട് ചോദിച്ചു: ബ്രാഹ്മണര്‍ക്കല്ലാതെ ശിവപ്രതിഷ്‌ഠ ചെയ്യാന്‍ വിധിയുണ്ടോ എന്ന് .ഗുരുവിന്റെ മുഖത്തുനിന്നു ക്ഷണം പറ്റിയ മറുപടി പുറപ്പെട്ടു. "ഞാന്‍ ബ്രാഹ്‌ണശിവനെയല്ല ഈഴവ ശിവനെയാണ് പ്രതിഷ്‌ഠിച്ചത്," ചോദ്യകര്‍ത്താവായ ബ്രാഹ്മണന്‍ പിന്നെ ഒന്നും ഉരിയാടിയില്ല.
മൂര്‍ക്കോത്തു കൂമാരനെ പിന്‍തുടരുന്ന കെകെ പണിക്കര്‍, ഈഴവ പ്രമാണികള്‍ എതിര്‍ത്തു എന്നും ഒരിക്കല്‍ ഒരു ബ്രാഹ്മണന്‍ സ്വാമികളോട് ആ ചോദ്യം ചോദിച്ചു എന്നു പറഞ്ഞ് പ്രതിഷ്‌ഠയും ചോദ്യംചെയ്യലും രണ്ട് സന്ദര്‍ഭങ്ങളിലാക്കി മാറ്റിയിരിക്കുന്നു.
കോട്ടുകോയിക്കല്‍ വേലായുധന്‍, കുമാരനാശാന്‍ പറഞ്ഞ കാര്യങ്ങള്‍ സംഗ്രഹിക്കുകയും കൂടുതലായി ചിലത് എഴുതി ചേര്‍ക്കുകയും ചെയ്യുന്നു: പ്രതിഷ്‌ഠാ വിവരം കാട്ടുതീ പോലെ പരന്നു. യാഥാസ്ഥിതികരുടെ ഇടയില്‍ ആ തീജ്വാല ഒരു പരിഭ്രാന്തി തന്നെ ഉണ്ടാക്കി. പലരും ഈ നടപടി ഏറ്റവും തികഞ്ഞ അനീതി എന്ന് ആക്രോശിച്ചു. ഒറ്റക്കും കൂട്ടായും ചിന്തകളും ചര്‍ച്ചകളും നടന്നു. എന്നാല്‍, എന്തുകൊണ്ടോ ഈ ക്ഷേത്ര പ്രതിഷ്‌ഠയെ അസാധുവെന്നു സ്ഥാപിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല, പലവഴിക്കും എതിര്‍പ്പുകള്‍ ഉണ്ടാകാതിരുന്നില്ലത്രേ. പലരും നേരിട്ടുതന്നെ ഈ പ്രവൃത്തിയുടെ അവകാശം ചോദ്യം ചെയ്‌ത കൂട്ടത്തില് ഒരു പൂണൂല്‍ക്കാരന്‍ ഈ സന്യാസിയെ കണ്ട് ചോദിച്ചു: "അബ്രാഹ്മണര്‍ക്ക് ക്ഷേത്ര പ്രതിഷ്‌ഠക്ക് അവകാശമില്ലാത്ത സ്ഥിതിയില്‍ ഒരു ഈഴവന്‍ ശിവ പ്രതിഷ്‌ഠ നടത്തിയത് ശരിയാണോ?" എന്ന്. അവിടുന്ന് സാവധാനം ഒന്ന് പുഞ്ചിരിച്ചിട്ട് പറഞ്ഞു: "നാം ഈഴവ ശിവനെയാണ് പ്രതിഷ്‌ഠിച്ച" തെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ചോദ്യ കര്‍ത്താവിന് വാ പൊളിക്കാന്‍ പിന്നീട് സാധിച്ചില്ല.
കോട്ടുകോയിക്കല്‍ വേലായുധന്‍ കുമാരനാശാനേയും മൂര്‍ക്കോത്തിനേയും യോജിപ്പിച്ച് ഒരഭിപ്രായം സ്വരൂപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഈഴവ പ്രമാണികള്‍ എതിര്‍ത്തു എന്ന വിവരം അദ്ദേഹം ഒഴിവാക്കി. സംഭവം സത്യമാണോ എന്ന് അദ്ദേഹത്തിന് വ്യക്തമല്ല. കേട്ടു കേള്‍വിയാണ്, അതുകൊണ്ടാണ് എതിര്‍പ്പുകള്‍ ഉണ്ടാകാതിരുന്നില്ലത്രേ എന്നു പറയുന്നത്. മറ്റൊരു ജീവ ചരിത്രകാരനായ പി പരമേശ്വരന്‍ കുറേക്കൂടി മുന്നോട്ടു പോകുന്നുണ്ട്. അരുവിപ്പുറം പ്രതിഷ്‌ഠയെ കുറിച്ച് കുമാരനാശാന്‍ പറഞ്ഞ കാര്യങ്ങള്‍ സംഗ്രഹിക്കുകയും എതിര്‍പ്പു പ്രകടിപ്പിച്ച ഈഴവ പ്രമാണിയുടെ പേരെടുത്തു പറയുകയും ചെയ്‌തിട്ട് അദ്ദേഹം തുടരുന്നു.
"........ഈഴവ പ്രമാണികളില്‍ പോലും അമ്പരപ്പുളവാക്കി,പെരുനെല്ലി കൃഷ്‌ണന്‍ വൈദ്യര്‍ക്കു തന്നെ അതു പൊറുത്തില്ല. ഗുരുവിനു പ്രതിഷ്‌ഠ നടത്താനുള്ള അധികാരമുണ്ടോ എന്നദ്ദേഹം സംശയിച്ചു. ഈ വിവരമറിഞ്ഞ് സ്വാമി തന്നെ ഒരു ദിവസം പെരുനെല്ലിയെ നേരിട്ടു കാണുകയും അദ്ദേഹത്തിന്റെ സംശയങ്ങള്‍ പരിഹരിക്കുകയും ചെയ്‌തു.
ബ്രാഹ്മണരും വെറുതെയിരുന്നില്ല. ക്ഷോഭിച്ചു വശായ ഒരു ബ്രാഹ്മണന്‍ ,ബ്രാഹ്മണര്‍ക്കല്ലാതെ ശിവപ്രതിഷ്‌ഠ നടത്താന്‍ വിധിയുണ്ടോ? എന്നു ചോദിച്ചു. ഒട്ടും മുഷിയാതെ,എന്നാലൊട്ടും മടിക്കാതെ ഒരു പുഞ്ചിരിയോടുകൂടി ഗുരുദേവന്‍ മറുപടി പറഞ്ഞു. ഞാന്‍ ബ്രാഹ്മണ ശിവനെയല്ല, ഈഴവ ശിവനെയാണ് പ്രതിഷ്‌ഠിച്ചതെന്ന്. ചോദ്യ കര്‍ത്താവ് തരിച്ചു നിന്നു പോയി."
പ്രൊഫ.എംകെ സാനു അരുവിപ്പുറം പ്രതിഷ്‌ഠയെ കുറിച്ച് പറയുമ്പോള്‍ പ്രകടിപ്പിക്കുന്ന സംശയം ശ്രദ്ധേയമാണ്. അദ്ദേഹം പറയുന്നു. "ഇതിനിടയില്‍ ഗൗരവപൂര്‍വം ചോദിക്കേണ്ടതായ ഒരു ചോദ്യം അവരിലാരെങ്കിലും ചോദിച്ചോ എന്നറിഞ്ഞുകൂടാ. ക്ഷേത്ര പ്രതിഷ്‌ഠക്കുള്ള അധികാരം ബ്രാഹ്മണനു മാത്രമല്ലേയുള്ളൂ? ഈഴവനായ നാണുഗുരു സ്വാമിക്ക് ഈ ദിവ്യമായ കര്‍മ്മമനുഷ്‌ഠിക്കാമെന്ന് ഏതു ശാസ്‌ത്രത്തില്‍ പറഞ്ഞിട്ടുണ്ട്? ഈ ചോദ്യം പിന്നീട് മറ്റു ചിലര്‍ ചോദിച്ചതായിട്ടേ നാം അറിയുന്നുള്ളൂ. ആ സന്ദര്‍ഭത്തില്‍ അവിടെ കൂടിയിരുന്നവരിലാരും അങ്ങനെ ചോദിച്ചതായി അറിവില്ല"
ഗുരു പരമ്പരയിലെ അതിപ്രഗത്ഭനും എഴുത്തുകാരനുമായ നിത്യ ചൈതന്യ യതി പറഞ്ഞ ഒരു കാര്യം അത്ഭുതകരമായി തോന്നുന്നു. പ്രിയപ്പെട്ട ബിജുവിന് എന്ന പേരില്‍ യതി ഒരു ചെറുപ്പക്കാരന് ഒരു കത്തെഴുതിയിട്ടുണ്ട്. അയാളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം എന്ന ഭാവേനയുള്ള ആ ലേഖനത്തില്‍ പലതും വിശദീകരിക്കുന്ന കൂട്ടത്തില്‍ അദ്ദേഹം പറയുന്നു: "നമ്പൂതിരി വന്ന് ഗുരുവിനെ വെല്ലു വിളിച്ചു എന്നു പറയുന്നവര്‍ അത് എത്രാം തിയതി എന്നു പറഞ്ഞാല്‍ കൊള്ളാം. ഏത് ഇല്ലത്തെ, ഏത് മനയിലെ നമ്പൂതിരിയാണെന്ന് പറഞ്ഞാല്‍ കൊള്ളാം. പരദൂഷണപ്രിയരായ ചിലര്‍ മ്പൂതിരിമാര്‍ക്ക് എതിര്‍പ്പുണ്ടെന്ന് ഗുരുവിനെ അറിയിച്ചപ്പോള്‍ അതിന് നമ്പൂതിരി ശിവനെയല്ലല്ലോ നാം പ്രതിഷ്‌ഠിച്ചത് എന്നാണ് ഗുരു പ്രതിവചിച്ചത് അല്ലാതെ ഈഴവ ശിവന്‍ എന്ന് ഗുരു പറഞ്ഞിട്ടില്ല........ഈ വസ്‌തുത അറിയാതെയാണ് പലരും നിരപരാധിയായ നാരായണ ഗുരുവില്‍ ഈഴവ പക്ഷപാതം ചാര്‍ത്തിവെക്കുന്നത്...."
1920കളിലും 30കളിലും മലബാര്‍ പ്രദേശത്ത് കോണ്‍ഗ്രസ് നേതാവായി അറിയപ്പെട്ടിരുന്ന മൊയ്യാരത്ത് ശങ്കരന്‍ എഴുതിയ 'എന്റെ ജീവിത കഥ'യില്‍ തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ ശിവപ്രതിഷ്‌ഠയെ സംബന്ധിക്കുന്ന വിവരങ്ങളുണ്ട്. 1908ല്‍ മൊയ്യാരത്ത് ശങ്കരന്‍ തലശ്ശേരി മിഷന്‍സ് സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ശ്രീനാരായണ ഗുരുവും ഹഠയോഗിയായ മുനിസ്വാമിയും ശിഷ്യന്മാരും തിരുവിതാംകൂറില്‍ നിന്ന് തലശ്ശേരിയില്‍ എത്തിയത്. അവര്‍ വന്നത് ജഗന്നാഥ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനു കുറ്റിയടിക്കാനായിരുന്നു. അന്ന് അവിടെ നടന്ന സംഭവങ്ങളും വാദപ്രതിവാദങ്ങളും മൊയ്യാരത്ത് ശങ്കരന്‍ വ്യക്തമായി ഓര്‍മ്മിക്കുകയും ആത്മകഥയില്‍ രേഖപ്പെടുത്തുകയും ചെയ്‌തിരിക്കുന്നു.
അബ്രാഹ്മണര്‍ക്ക് വിഗ്രഹം പ്രതിഷ്‌ഠിക്കാന്‍ ശാസ്‌ത്ര സമ്മതമില്ല എന്ന് നാട്ടിലുളള സവര്‍ണ വിദ്വാന്മാരുടെ ശബ്ദം ഉയര്‍ന്നു. പുരോഗമന പരാങ്‌മുഖരായ വിദ്വാന്മാരുടെ ശാസ്‌ത്രീയമായ എതിര്‍പ്പുകള്‍ക്ക് മുഴുവന്‍ പണ്ഡിതര്‍ എംകെ ഗുരുക്കള്‍ 'മിതവാദി' യിലെഴുതിയ ലേഖനങ്ങളിലൂടെ മറുപടി പറഞ്ഞു.ആ മഹാ പണ്ഡിതനോട് എതിരിടുവാന്‍ കഴിയാത്ത പണ്ഡിതമന്യന്മാര്‍ ഒരു പണി പറ്റിക്കാന്‍ തീരുമാനിച്ചു. നാരായണ ഗുരുസ്വാമികള്‍ മഹാ വിദ്വാനും ബുദ്ധിശാലിയുമാണെന്ന കാര്യം അവര്‍ക്ക് വലിയ നിശ്ചയമുണ്ടായിരുന്നില്ല. സ്വാമികളെ അവര്‍ നേരിട്ടു വട്ടത്തിലാക്കുവാന്‍ പുറപ്പെട്ടു.മൊയ്യാരത്ത് ശങ്കരന്‍ തുടര്‍ന്ന് എഴുതുന്നു:
പ്രസിദ്ധ വിദ്വാന്‍ മണ്ണന്തല നീലകണ്‌ഠന്‍ മൂസ്സതാണ് സംഘത്തിന്റെ നേതൃത്വം വഹിച്ചത്. അന്ന് യുവ കവിയായിരുന്ന കുമാരനാശാനും സ്വാമികളോടൊപ്പം തലശ്ശേരിയില്‍ വന്നു താമസിക്കുന്നുണ്ടായിരുന്നു. ശിഷ്യന്മാര്‍ വിവരം സ്വാമികളെ അറിയിച്ചു.സ്വാമികള്‍, കൊള്ളാം, വരട്ടെ എന്നു സമ്മതിച്ചു.വിവരം അറിഞ്ഞ് തലശ്ശേരിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ കോലേക്കൂട്ടി സ്വാമികളുടെ അടുത്തു സ്ഥലം പിടിച്ചു. അക്കാലം ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ചെന്നാല്‍ സ്വാമികള്‍ ഞങ്ങള്‍ക്ക് കല്‍ക്കണ്ടവും മുന്തിരിങ്ങയും പഴവും നല്ല ഉപദേശവും തരിക പതിവായിരുന്നു. മൂസ്സതും പണ്ഡിതപ്പരിശയുമെത്തി. സംസ്‌കൃതത്തില്‍ സംഭാഷണം തുടങ്ങി. സ്വാമികള്‍ മലയാളത്തില്‍ മറുപടി പറഞ്ഞു. എന്നു തന്നെയുമല്ല, മലയാളത്തില്‍ സംസാരിക്കണം, ഇവര്‍ക്കെല്ലാം കേള്‍ക്കണം എന്ന് മൂസ്സതിനോട് സ്വാമികള്‍ പറഞ്ഞു. ഞങ്ങള്‍ക്ക് വളരെ സന്തോഷമായി. പത്തു പതിനഞ്ചു മിനിട്ടു പല പ്രമാണങ്ങള്‍ ഉദ്ധരിച്ച് മൂസ്സത് സംസാരിച്ചപ്പോള്‍ ആശാന്‍ ആ പണ്ഡിതന്മാരുടെ വായടച്ചു. ശരി, ആ ശാസ്‌ത്രങ്ങളെല്ലാം സമ്മതിക്കാം.പക്ഷെ നാം ഇവിടെ ഒരു ഈഴവ ശിവനെ -തിയ്യ ശിവനെ- യാണല്ലോ പ്രതിഷ്‌ഠിക്കുന്നത്. അത് പാടില്ലെന്ന് ഈ ശാസ്‌ത്രത്തിലെ പണ്ഡിതന്മാര്‍ കണ്ടുവോ?എന്നു ചോദിച്ചു. മൂസ്സതിനു വിയര്‍ത്തു. ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. സ്വാമികള്‍ കൈകൊണ്ട് ഞങ്ങളെ വിലക്കി.
ശങ്കരന് നാരായണ ഗുരുവും സംഘവും ജഗന്നാഥ പ്രതിഷ്‌ഠക്കായി തലശ്ശേരിയില്‍ എത്തുന്ന കാലത്ത് 18 വയസ്സുണ്ടായിരുന്നു. അന്ന് നേരിട്ട് കണ്ട കാര്യമാണ് അദ്ദേഹം വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തില്‍ ശിവപ്രതിഷ്‌ഠ നടന്നത് 1083 കുഭം 1ആം തിയതി (1908 ഫെബ്രുവരി 13ആം തിയതി) ആയിരുന്നു. ഗുരുവുമായുണ്ടായ വാദപ്രതിവാദം ഒന്നോ രണ്ടോ ദിവസം മുമ്പായിരുന്നു. കാരണം പ്രതിഷ്‌ഠിച്ചത് എന്നല്ല, പ്രതിഷ്‌ഠിക്കുന്നത് എന്നാണ് ഗുരു പറഞ്ഞത്. പ്രതിഷ്‌ഠ നടക്കാന്‍ പോകുന്നതേയുള്ളൂ. അപ്പോഴാണ് പണ്ഡിതന്മാര്‍ എതിര്‍പ്പുമായി വന്നത്.
(പാഠഭേദം മാസികയുടെ 2013 ഏപ്രില്‍ ലക്കത്തിലാണ് ഡോ.എം എം ബഷീറിന്റെ ഈ ലേഖനമുള്ളത്)
Source : http://www.idaneram.blogspot.in/2013/08/blog-post_11.html
Prof. Prem raj Pushpakaran writes -- 2024 marks the birth centenary year of Nitya Chaitanya Yati and let us celebrate the occasion!!! https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html
ReplyDelete