പി.ആര്‍ .രവി
ഗലീലിയോയുടെ അസയര്‍ എന്ന ഗ്രന്ഥത്തിലെ തിരുവത്താഴകൂദാശയെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ പരിശോധിക്കുമ്പോള്‍ത്തന്നെ ഡയലോഗ് എന്ന ഗ്രന്ഥത്തില്‍ ഒമ്പത് തെറ്റുകുറ്റങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് കമ്മിറ്റി പോപ്പിനെ ബോധിപ്പിച്ചു. ഒന്നാമത്തെ കുറ്റം 1616-ലെ ഇന്‍ജങ്ഷന്‍ സെന്‍സറില്‍നിന്ന് മറച്ചുവെച്ചു എന്നതായിരുന്നു. മറ്റു കുറ്റങ്ങള്‍ കോപ്പര്‍നിക്കന്‍ സിദ്ധാന്തങ്ങളെ ന്യായീകരിച്ചുവെന്നതും. ഗണിതവിജ്ഞാനവും തത്ത്വചിന്തയും ദൈവത്തെപോലെതന്നെ മനുഷ്യവര്‍ഗത്തിനും പ്രാപ്യമാണെന്ന് ഗലീലിയോ സ്ഥാപിക്കുവാന്‍ ശ്രമിച്ചു എന്ന കുറ്റവും ഗലീലിയോയില്‍ ആരോപിച്ചു! ഏ3 എന്ന പ്രമാണംതന്നെ ഗലീലിയോയുടെ നിയമലംഘനത്തിനു തെളിവായിരുന്നു. എന്നാല്‍ തിരുവത്താഴകുര്‍ബാനയൊന്നും കുറ്റമായി കരുതിയിരുന്നില്ല. ഇതിനു കാരണം തിരുവത്താഴശുശ്രൂഷയെപ്പറ്റിയുള്ള വിവരണം റോമിന്റെ ശത്രുക്കള്‍ പരിഹാസ്യവിഷയമാക്കുമെന്ന് കരുതിയായിരുന്നു.
നിര്‍ണായകമായ യോഗത്തിനുശേഷം അല്പ ദിവസങ്ങള്‍ക്കുള്ളില്‍ പോപ്പ് ഗലീലിയോയ്ക്ക് കുറ്റാന്വേഷണകോടതിയില്‍ ഹാജരാകുവാന്‍ സമന്‍സ് അയച്ചു. അറുപത്തെട്ടുകാരനായ ഗലീലിയോ പെട്ടെന്നൊന്നും വഴങ്ങിയില്ല. ചിലര്‍ ഇറ്റലി വിടാനും കൂടുതല്‍ വ്യക്തിസ്വാതന്ത്ര്യം അനുവദനീയമായ ജര്‍മനി, ഹോളണ്ട് എന്നീ പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളില്‍ അഭയം പ്രാപിക്കാനും ഉപദേശിച്ചു. ഗലീലിയോയ്ക്ക് പ്രബലരായ സുഹൃത്തുക്കളുണ്ടെങ്കിലും അവരില്‍നിന്ന് കാര്യമായ സഹായം ഒന്നും ലഭിച്ചില്ല. എന്നാല്‍ ഫെര്‍ഡിനാന്റ് റോമിലെ ടുസ്‌കാന്‍ അംബാസഡര്‍ നിക്കോളിനി വഴി പോപ്പ് അര്‍ബനുമായി ബന്ധപ്പെടുകയും വത്തിക്കാനില്‍നിന്ന് പ്രത്യേക പരിഗണന ഗലീലിയോയ്ക്ക് ലഭ്യമാകുകയും ചെയ്തു. ജിയോര്‍ഡാനോ ബ്രൂണോയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗലീലിയോയ്ക്കു ലഭിച്ച പരിഗണന പ്രത്യേകം പ്രസ്താവ്യമാണ്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ബ്രൂണോയെ ദുര്‍ഗന്ധം വമിക്കുന്ന ക്ഷുദ്രകീടങ്ങള്‍ നിറഞ്ഞ ഒരു സെല്ലിലായിരുന്നു തടവിലിട്ടിരുന്നത്. ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ എന്താണെന്നോ കുറ്റം ആരോപിച്ചവര്‍ ആരാണെന്നോ ഗലീലിയോയെയും ആരും അറിയിച്ചിരുന്നില്ല. തന്റെ വിശ്വാസപ്രമാണങ്ങള്‍ മറ്റാരുമായി കൈമാറാന്‍ ഗലീലിയോയ്ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല.
ഗലീലിയോ റോമിലെത്തിയത് 1632 അവസാനദിനങ്ങളില്‍ മാത്രമാണ്. റോമിലെത്താന്‍ താമസം നേരിട്ടത് അനാരോഗ്യം മൂലമാണെന്ന് ഡോക്ടര്‍മാരുടെ സാക്ഷ്യപത്രങ്ങളുടെ സഹായത്തോടെ ഗലീലിയോ പോപ്പിനെ ബോധിപ്പിക്കാന്‍ ശ്രമിച്ചു. നാട്ടിലെ പ്ലേഗ്ബാധമൂലം യാത്രയും സുഗമമായിരുന്നില്ല. എന്നാല്‍ ക്ഷമ നശിച്ച പോപ്പ് ഡിസംബര്‍ അവസാനമായപ്പോള്‍ ഉടന്‍ റോമില്‍ ഹാജരാകാനും അല്ലെങ്കില്‍ ചങ്ങലകൊണ്ട് റോമില്‍ കൊണ്ടുവരുമെന്നും കല്പിച്ചു.
ആ കാലത്ത് പടര്‍ന്നുപിടിച്ച പ്ലേഗ് ബാധമൂലം ഗലീലിയോ ടുസ്‌കാനിയുടെ അതിര്‍ത്തിയിലെ ഒരു ചെറിയ പട്ടണത്തില്‍ 22 ദിവസം പ്രത്യേക പരിരക്ഷയിലായിരുന്നു. ബ്രെഡ്ഡും വൈനും മുട്ടയും അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ മെനു. ഇതിനു ശേഷം റോമില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യം അല്പം മെച്ചപ്പെട്ടിരുന്നു.
ഗലീലിയോയെ 1633 ഫിബ്രവരി 13-നു ഞായറാഴ്ച റോമിലെ പലാസോഫിറല്‍സ് എന്ന കൊട്ടാരത്തില്‍ താമസിപ്പിച്ചു. ഈസ്റ്ററിനു 40 ദിവസംമുന്‍പ് ക്രൈസ്തവര്‍ നോമ്പ് ആചരിക്കുന്ന ദിനമായിരുന്നു അത്. രണ്ടു ദിവസം കഴിഞ്ഞാല്‍ ഗലീലിയോയുടെ 69-ാം പിറന്നാളാണ്. ഫിബ്രവരി 13-ന് ഒരു ക്രൈസ്തവ വിശേഷദിവസത്തില്‍ തന്നെ ഗലീലിയോയെ തടവിലാക്കിയത് പോപ്പിന്റെ മനഃപൂര്‍വമായ ഒരു നടപടി ആയിരുന്നു. മാസങ്ങള്‍ കടന്നുപോയി. നിദ്രാവിഹീനമായ രാത്രികളില്‍ ഗലീലിയോ ഇടനാഴികളില്‍ ഉലാത്തുമായിരുന്നു. നിക്കോളിനി പോപ്പിനെ ചിലപ്പോഴെല്ലാം സന്ദര്‍ശിക്കുകയും പോപ്പിനെ മയപ്പെടുത്തി ഗലീലിയോയ്ക്ക് സന്ദര്‍ശകരെ അനുവദിക്കുവാനും അദ്ദേഹത്തിന് കൊട്ടാരത്തിന്റെ അങ്കണത്തില്‍ പ്രവേശനം അനുവദിപ്പിക്കുവാനും ശ്രമിച്ചുവന്നു. എന്നാല്‍ പത്രോസിന്റെ പാറ ദൃഢമായിരുന്നു. ഡയലോഗിനെ സംബന്ധിച്ച 1616-ലെ കല്പനപ്രകാരം ഗലീലിയോ പ്രകടമായും കുറ്റവാളിയായിരുന്നു. എന്നാല്‍ പതിനേഴു വര്‍ഷം മുന്‍പു നടന്ന ആ സംഭവത്തിലെ പ്രധാന കഥാപാത്രങ്ങള്‍ ഭൂലോകം വിട്ടു കഴിഞ്ഞിരുന്നു. കര്‍ദിനാള്‍ ബെല്ലാര്‍മൈന്‍, പോള്‍ അഞ്ചാമന്‍ എന്നിവര്‍ നിശ്ശബ്ദരാണ്. ഹാജരാക്കപ്പെട്ട പ്രമാണം ബെല്ലാര്‍മൈനും കേന്ദ്രകഥാപാത്രമായ ഗലീലിയോയും തുല്യം ചാര്‍ത്തിയിട്ടില്ല. നിക്കോളിനി ഗലീലിയോയ്ക്ക് നേരെ സഹായഹസ്തം നീട്ടുകയും കുറ്റവിചാരണയ്ക്കു തയ്യാറാവാന്‍ സഹായിക്കുകയും ചെയ്തുവന്നു. എന്നാല്‍ വത്തിക്കാനിലെ രഹസ്യങ്ങളെന്തെല്ലാമാണെന്ന് ആര്‍ക്കും ഒരു നിശ്ചയമില്ലായനിക്കോളിനി ഗ്രാന്‍ഡ് ഡ്യൂക്കിനെഴുതിയ കത്തില്‍ ഇങ്ങനെ എഴുതിയിരുന്നു: 'ഗലീലിയോയോട് അദ്ദേഹത്തിന്റെ ശാസ്ത്രതത്ത്വങ്ങള്‍ ഉള്ളിലൊതുക്കാനും ഭൂമിയുടെ ഭ്രമണത്തെപ്പറ്റി മൗനം പാലിക്കാനും ഞാന്‍ ആവശ്യപ്പെട്ടു. ഗലീലിയോ വളരെ ദുഃഖിതനും നിരാശനുമാണ്; അതേപോലെ ഞങ്ങളും.' ഗലീലിയോ യഥാര്‍ഥത്തില്‍ സ്വാഭിമാനിയും മുന്‍ അധ്യായത്തില്‍ വിവരിച്ചതുപോലെ പരിഷ്‌കരണവാദികളുടെ 'ലൈസീന്‍ അക്കാദമി' അംഗവും ദൃഢചിത്തനുമാണ്. ആധുനിക ശാസ്ത്രത്തിനെതിരായ വെല്ലുവിളികളെ വീറോടെ അഭിമുഖീകരിക്കണം. ബൗദ്ധികചിന്തകളെ അടിച്ചമര്‍ത്തുന്നത് റോം അവകാശപ്പെടുന്ന ഏതിനെക്കാളും വലിയ പാപമാണ്.
Sorce: http://www.mathrubhumi.com/books/
No comments:
Post a Comment