എസ്.എൻ ട്രസ്റ്റ് സ്കൂളുകളിൽ ഗുരുദേവ ദർശനം പാഠ്യവിഷയം
കൊല്ലം: ശ്രീനാരായണ ട്രസ്റ്റിന്റെ നീയന്ത്രണത്തിലുള്ള സ്കൂളുകളിൽ ഗുരുദേവ ദർശനം പാഠ്യവിഷയമാക്കും. നഴ്സറി മുതൽ പ്ലസ് ടു വരെ അതത് ക്ലാസുകൾക്ക് അനുയോജ്യമായ ദർശന പാഠാവലിയാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആദ്യഘട്ടമായി എസ്.എൻ ട്രസ്റ്റിന്റെ സി.ബി.എസ്.ഇ സ്കൂളുകളിൽ മോറൽ സയൻസ് വിഭാഗത്തിലാണ് നടപ്പ് അദ്ധ്യയന വർഷം പാഠ്യപദ്ധതി നടപ്പാക്കുന്നത്. സർവമത പ്രാർത്ഥനയായ ദൈവദശകം, ഗുരുദേവന്റെ ജീവചരിത്രം, ഗുരുദേവ കൃതികൾ, ദർശന മാഹാത്മ്യം, ഗുരുദേവനെ കുറിച്ചുള്ള പഠനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് സിലബസ്. ഇതിനായി പഠന ഗ്രന്ഥങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഗുരുദേവ ദർശനത്തിൽ ആഗാധമായ അറിവ് നേടിയ പ്രൊഫ. ജി.ബാലകൃഷ്ണൻ നായരുടെ ഗ്രന്ഥങ്ങളെയാണ് മുഖ്യമായും ആശ്രയിച്ചിട്ടുള്ളത്. അദ്ധ്യാപകർക്ക് ഇതിനായി പ്രത്യേക പരിശീലന പരിപാടിയും സംഘടിപ്പിച്ചു.
നഴ്സറി തലത്തിൽ ദൈവദശകം ചൊല്ലാൻ പഠിപ്പിച്ചുകൊണ്ടാണ് പാഠ്യപദ്ധതിയുടെ തുടക്കം.
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന ദർശനമുൾക്കൊണ്ട് മതാന്ധതയും മതവൈരവുമില്ലാത്ത പുത്തൻ തലമുറയെ വാർത്തെടുക്കുകയാണ് പാഠ്യപദ്ധതിയുടെ ലക്ഷ്യമെന്ന് പത്രക്കുറിപ്പിൽ പറഞ്ഞു.
Sorce: Dileep Bahuleyan-FB
No comments:
Post a Comment