ഒരിക്കല്‍ ഗുരുസ്വാമി വൈക്കം താലൂക്കില്‍ വടയാറ്റ് ദേശത്ത് കുന്നേല്‍ കേശവപ്പണിക്കന്റെ ഭവനത്തില്‍ വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ അവിടെ ഒരു ഈഴവന്‍ കള്ളുകുടിച്ച് കയറിവന്നു. സ്വാമി അവനോട് " ഇനിമേല്‍ കുടിക്കുമോ?" എന്നു ചോദിച്ചു. "കുടിക്കും" എന്ന് അവന്‍ മറുപടി പറഞ്ഞു. " എന്നാല്‍ മേലാല്‍ കുടിക്കരുത്. കുടുംബം നശിക്കില്ലേ." എന്ന് സ്വാമി പറയുകയും അവന് അല്‌പം മുന്തിരിങ്ങാ കൊടുക്കുകയും ചെയ്‌തു. അതുകൊണ്ട് അവന് മദ്യത്തിലുള്ള ആസക്തി നശിച്ചില്ല. മാത്രമല്ല സ്വാമിയുടെ കല്‌പന ധിക്കരിക്കണമെന്ന് വിചാരിച്ച് അന്ന് കൂടുതല്‍ കുടിക്കാമെന്ന് തീര്‍ച്ചയാക്കി. ഒരു കോഴിയെ കൊന്ന് ഭാര്യയെക്കൊണ്ട് പാചകം ചെയ്യിക്കുന്നതിനിടയില്‍ ചാരായം വാങ്ങാന്‍ തീര്‍ച്ചയാക്കി വീട്ടുനുള്ളില്‍ കടന്ന് കുപ്പിയെടുക്കാന്‍ ഭാവിച്ചപ്പോള്‍ ഒരാള്‍ ശൂലവുമായി അയാളെ കുത്താന്‍ ഓങ്ങിനില്‌ക്കുന്നതായി കണ്ടു. പെട്ടെന്നുള്ള ഈ കാഴ്‌ച അയാളെ ഭയപ്പെടുത്തി. അയാള്‍ അലറിക്കൊണ്ട് പുറത്തേക്ക് ഓടി. സമീപവാസികള്‍ ഓടിയെത്തി അയാളെ പിടിച്ച് ഗുരുസ്വാമിയുടെ മുമ്പാകെ കൊണ്ടുചെന്നു. സ്വാമി കുറേ ഭസ്‌മമിട്ട് അവനെ അനുഗ്രഹിച്ച് അയച്ചു. അവന്‍ അന്നുമുതല്‍ കുടിച്ചില്ല എന്നുമാത്രമല്ല ധാരാളം പണം സാമ്പാദിക്കുകയും പിന്നെ ദേശസഭയില്‍ അംഗമായി സ്വാമിയുടെ ആചാരപരിഷ്‌കരണത്തിന് നേതൃത്വം വഹിക്കുകയും ചെയ്‌തു. (ഗുരുദേവന്റെ ജീവചരിത്രം മൂര്‍ക്കോത്ത് കുമാരന്‍)
ഗുരുസ്വാമിയുടെ ശാസന ഒരിക്കലും ശാപമായിരുന്നില്ല. അത് അനുഗ്രഹമായിരുന്നു. പലരും പറയാറുണ്ട് സ്വാമി ശപിക്കും എന്നെല്ലാം. അഖിലരും ആത്മസഹോദരര്‍ എന്ന് കണ്ടെത്തിയ സ്വാമിക്ക് ആരെയെങ്കിലും ശപിക്കാന്‍ സാധിക്കുമോ?
ഗുരുവിന്റെ ശാസന അനുഗ്രഹമായി മാറിയിട്ടുള്ള ചരിത്രമാണ് ഉള്ളത്. നമുക്ക് അത് ശിക്ഷയായി തോന്നാം. ഇവിടെ ശൂലവുമായി നിന്ന് ഭയപ്പെടുത്തുന്ന കാഴ്‌ച അനുഗ്രഹദായകമായ ശിക്ഷയാണ്. ഇന്നും പലര്‍ക്കും ഗുരുസ്വാമിയുടെ ഇത്തരത്തിലുള്ള അനുഗ്രഹദായകമായ ശിക്ഷ ലഭിക്കാറുമുണ്ട്.
(സുരേഷ്‌ബാബു മാധവന്‍)
No comments:
Post a Comment