പച്ചരിച്ചോറുണ്ടിട്ടാവണം, കൊഴുപ്പു കൂടുന്നുണ്ട്!
സജീവ് കൃഷ്ണൻ
Posted on: Monday, 25 November 2013
സ്വത്തുതർക്കം അന്ധതമസിലാക്കിയ സ്വജനങ്ങളിൽ ചിലരെ ഓർത്ത് മനംനൊന്ത് ഇറങ്ങിത്തിരിച്ച ഗുരുസ്വാമി സിലോണിലെത്തിയിട്ട് ഏതാനും ദിവസങ്ങളായിരിക്കുന്നു. പകലിറക്കത്തിൽ സ്വാമി കടൽത്തീരത്ത് എത്തി. കടലും ആകാശവും നേർവര തീർക്കുന്ന ചക്രവാളത്തിലേക്ക് നോക്കി മമതാരഹിതനായി നിന്നു. വെള്ളമണൽപ്പരപ്പിൽ ശിഷ്യസഞ്ചയം ഇരുന്നു. മലയാളക്കര വിടുമ്പോൾ ഗുരുസ്വാമി ഖിന്നനായിരുന്നു എന്നവർ ഓർത്തു. മനുഷ്യശരീരം സ്വീകരിച്ചാൽ പരമാത്മാവിനുപോലും ഈ ലോകം ദുഃഖങ്ങൾ നല്കും. ലോകത്തിന്റെ ആശാപാശത്തിൽനിന്ന് രക്ഷനേടാൻ തപസുരുക്കിത്തെളിച്ച ഹൃദയവുമായി സ്വാമി ഇറങ്ങി നടന്നപ്പോൾ അവരും കൂടെപ്പോരുകയായിരുന്നു.
മനസു നൊന്തപ്പോൾ സ്വാമി ഈ ദ്വീപിലേക്ക് യാത്രചെയ്തതെന്തിനെന്ന് ശിഷ്യർ പരസ്പരം ചോദിച്ചു. ഒടുവിൽ അതിനൊരു ഉത്തരം കണ്ടെത്തി. `സ്വത്തുവെട്ടിപ്പിടിക്കാനായി യുദ്ധം ചെയ്ത് ആയിരങ്ങളെ കൊന്നൊടുക്കിയ അശോകചക്രവർത്തി ബുദ്ധനിൽ അഭയം പ്രാപിച്ചിട്ട് ശിഷ്ടജീവിതം അഹിംസയുടെ പ്രചാരകനായി. അഹിംസയുടെ ധർമ്മചൈതന്യം പ്രസരിപ്പിച്ചുകൊണ്ട് അശോകന്റെ പിൻതലമുറ യാത്ര അവസാനിപ്പിച്ചത് സിലോണിലായിരുന്നു. മോഹങ്ങളെ ജയിച്ചവർക്ക് എത്തിച്ചേരാൻ പറ്റുന്ന ഇടമാണിവിടം. അതാണ് ഈ യാത്രയിലൂടെ സ്വാമി നൽകുന്ന സന്ദേശം.'
"വിശക്കുന്നവൻ ഭക്ഷണമാണ് ദൈവത്തോട് ചോദിക്കുക. അത് കിട്ടുമ്പോൾ പിന്നെ ഭക്ഷണം മുടങ്ങരുതെന്നാകും ആവശ്യം. അതും സാധിച്ചാൽ രുചിവൈവിദ്ധ്യം ആഗ്രഹിക്കും. നാണം മറയ്ക്കാൻ ഒരു വസ്ത്രം എന്നതു സാധിച്ചാൽ വിലയേറിയ വസ്ത്രങ്ങൾ ആഗ്രഹിക്കും. കേറിക്കിടക്കാൻ ഒരിടം കൊടുത്താൽ അത് പിന്നെ കൊട്ടാരമാക്കണം. അതുപോലെ പലയിടത്തും കൊട്ടാരങ്ങൾ വേണമെന്നാകും. ഇതൊക്കെ തന്റെ കാലശേഷം ആരെല്ലാം അനുഭവിക്കും എന്നതായി അടുത്ത തർക്കം. അതോടെ സ്വസ്ഥത നശിക്കുന്നു. ഒരു നേരമെങ്കിലും ഉണ്ടിട്ട് ഉറങ്ങാൻ, ഇഷ്ടദൈവത്തെ കൈകൂപ്പിത്തൊഴാൻ, എല്ലാവരും നടക്കുന്ന വഴിയേ സ്വാതന്ത്ര്യത്തോടെ നടക്കാൻ, വൃത്തിയുള്ള വസ്ത്രമുടുക്കാൻ ഒക്കെയുള്ള സ്വാതന്ത്ര്യം നിഷിദ്ധമായിരുന്നവർക്ക് അതെല്ലാം കിട്ടിയപ്പോൾ അതൊക്കെ നല്കിയ ദൈവത്തിന്റെ സ്വത്ത് തീറാധാരമായി കിട്ടണം. മനുഷ്യൻ എത്ര ബുദ്ധിമാനായിട്ടും ആഗ്രഹങ്ങളെയും അധികാരമോഹത്തെയും തോല്പിക്കാൻ കഴിഞ്ഞിട്ടില്ല. അത് പഠിപ്പിക്കാൻ സ്വാമി നമ്മെ കൂട്ടിക്കൊണ്ടുവന്നതാണ് ഈ കടൽത്തുരുത്തിൽ. ഏതുനിമിഷവും സംസാരമാകുന്ന കടൽ നമ്മെ വിഴുങ്ങാം. തലയ്ക്കുമുകളിൽ കത്തിനിൽക്കുന്ന ജന്മദുരിതങ്ങളിൽനിന്ന് രക്ഷനേടാൻ ദൈവം ഒരുക്കുന്ന പച്ചപ്പിന്റെ തുരുത്താണ് നമ്മുടെ കർമ്മജീവിതം. അത് ദൈവവിചാരത്തോടെ അനുഷ്ഠിച്ചാൽ ഉള്ളം തണുക്കും.'
ശിഷ്യരുടെ ഈ ചർച്ചകൾ കേട്ടിട്ടും അചഞ്ചലനായി നിൽക്കുകയാണ് മഹാഗുരു. നിഴൽ വീണുതുടങ്ങിയ തീരത്തേക്ക് അപ്പോൾ ഒരാൾ നടന്നുവരുന്നുണ്ടായിരുന്നു. ആ സാന്നിദ്ധ്യം അറിഞ്ഞ് ഗുരുസ്വാമി ചെറുതായി ഒന്നു പുഞ്ചിരിച്ചു. ആഗതൻ ശിഷ്യരെ സമീപിച്ചു. "ഗുരുസ്വാമിക്ക് മഠം പണിയാൻ സിലോണിൽ കുറച്ച് സ്ഥലം ദാനംചെയ്യാനാണ് വന്നിരിക്കുന്നത്.' ശിഷ്യർക്ക് അതുകേട്ടപ്പോൾ ആശ്വാസമായി. സ്വന്തമായി ഒരിടം കിട്ടിയാൽ ഇങ്ങനെ എങ്ങുമില്ലാതെ അലയേണ്ടായിരുന്നു. ഗുരുസ്വാമിക്കും സന്തോഷമാകും എന്നവർ കരുതി. സ്ഥലം ദാനം ചെയ്യാനെത്തിയ ഭക്തനെയും കൂട്ടി സന്തോഷത്തോടെ സ്വാമിയുടെ അടുത്തെത്തി. ഭക്തൻ ആഗ്രഹം അറിയിച്ചു. ഗുരുസ്വാമി ശിഷ്യരെ നോക്കി ചിരിച്ചിട്ട് ഭക്തനോടു മൊഴിഞ്ഞു:
"ഭൂമിയോ നമുക്കോ... ഹാ കൊള്ളാം. ആകാശം എഴുതി രജിസ്റ്ററാക്കാൻ സാധിക്കുമോ?'
ഭക്തന് കാര്യം പിടികിട്ടിയില്ല. ശിഷ്യർക്ക് പക്ഷേ, ഒരു വെള്ളിടിപോലെയായി ആ വാക്കുകൾ. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾ കൊണ്ട് പലയിടത്തും പതിച്ചുകിട്ടിയ സ്വത്തിന്റെ കൈകാര്യത്തെച്ചൊല്ലിയാണ് സ്വജനങ്ങൾക്കിടയിൽ തർക്കം നടക്കുന്നത്. അതിൽനിന്ന് രക്ഷനേടാൻ എല്ലാം ഉപേക്ഷിച്ചുപോന്ന സ്വാമിയെ പിൻപറ്റിയ തങ്ങളും ഒരു നിമിഷത്തേക്ക് മോഹത്തിൽപ്പെട്ടുപോയിരിക്കുന്നു. അതുകണ്ടിട്ടാണ് സ്വാമി ചിരിച്ചുപോയത്. ആഗ്രഹം വെടിയുക എന്ന സന്ദേശം പഠിക്കാനായി സ്വാമിക്കൊപ്പം ഇറങ്ങിയവരെയും ഒരു നിമിഷം ഭ്രമിപ്പിക്കാൻ ആഗ്രഹത്തിന് സാധിച്ചിരിക്കുന്നു. അത്രത്തോളം ശക്തിയുള്ള ഒരു മഹാരാക്ഷസനാണ് ആഗ്രഹം. അതിന്റെ തീവ്രതയാണ് ആസക്തി. അത് തങ്ങളിൽനിന്ന് പോയിട്ടില്ലെന്ന് ശിഷ്യരെ ഒരിക്കൽക്കൂടി ബോധിപ്പിക്കാൻ ഗുരുസ്വാമി നടത്തിയ പരീക്ഷണമായിരുന്നു അത്. അവർ പിന്നെ ഒന്നും മിണ്ടാതെ ഒപ്പം നടന്നു. കുറച്ചകലെയായി ഒരു ക്ഷേത്രത്തിന്റെ തിണ്ണയിൽ കാഷായമുടുത്ത ഒരു വൃദ്ധൻ തകരപ്പാത്രവും വടിയും അടുത്തുവച്ച് വളഞ്ഞുകൂടി കിടന്നുറങ്ങുന്നത് അവർ കണ്ടു. സ്വാമി ആ വൃദ്ധനെ നോക്കി: "സാധു നല്ല ഉറക്കം. അത്താഴം കഴിച്ചോ, അറിഞ്ഞുകൂടാ. നാം മുമ്പ് ഇങ്ങനെ നടന്നിട്ടുണ്ട്. രാജ്യംതോറും നടക്കും. വൈകുന്നേരമായാൽ കയറിക്കിടക്കാൻ ഒരു സ്ഥലം അന്വേഷിക്കും. അപ്പോൾ ഇങ്ങനെയുള്ള ക്ഷേത്രമോ വഴിയമ്പലമോ കണ്ടാൽ എന്തൊരു കാര്യമാണ്. ധർമ്മസ്ഥാപനങ്ങൾ കൊണ്ട് പ്രയോജനമുണ്ട്.'
സ്വാമിയുടെ വാക്കുകൾക്ക് ആ ഇരുട്ടിനെ കീറിമുറിക്കാനുള്ള കരുത്തുണ്ടായിരുന്നു. ധർമ്മസ്ഥാപനങ്ങളും ക്ഷേത്രങ്ങളും ഉണ്ടാവേണ്ടത് അഗതികൾക്ക് ആശ്രയമാകാനാണ്. വിശക്കുന്നവന് ദൈവനാമത്തിൽ ഭക്ഷണം വിളമ്പുന്ന ഇടം. ദൈവത്തിന്റെ മടിത്തട്ടിലെന്നപോലെ തലചായ്ച്ചുറങ്ങാനുള്ള ഒരിടം. ക്ഷേത്രമെന്നത് മോക്ഷത്തിനുള്ളതല്ല, കുളിച്ച് അഴുക്കില്ലാത്ത വസ്ത്രമുടുത്ത് ഈശ്വരചിന്തയോടെ മനുഷ്യനു വന്നിരിക്കാനും സംഘടിക്കാനുമുള്ള ഇടമാണ്. ക്ഷേത്രത്തിലെത്തുന്ന പണം ജനോപകാരത്തിനായി വിനിയോഗിക്കണം. ആവശ്യങ്ങൾ മാത്രം നിവൃത്തിച്ചുപോകുന്ന ധർമ്മസ്ഥാപനങ്ങളിൽ അധികാരത്തർക്കം ഉണ്ടാവില്ല.
പക്ഷേ, അന്നും ഇന്നും നാം ആ വാക്കുകൾ കണക്കിലെടുക്കുന്നില്ല. ദൈവപുത്രനെ വാഴ്‌ത്താൻ ഉണ്ടാക്കിയ ദേവാലയങ്ങളിൽ അവകാശത്തർക്കവുമായി സഭാദ്ധ്യക്ഷന്മാർ പൊതുവഴികളിൽ പട്ടിണിസമരം നടത്തുന്നു. പ്രവാചകന്റെ മുടി സൂക്ഷിക്കണോ വേണ്ടയോ എന്നുചൊല്ലി ആയിരങ്ങളെ തമ്മിലടിപ്പിക്കുന്നു മറ്റൊരുകൂട്ടർ. നിലയില്ലാത്ത സ്വത്തുക്കൾ നിറച്ച അറകൾ സംരക്ഷിക്കാൻ കരിമ്പൂച്ചകളെ യന്ത്രത്തോക്കുമായി കാവൽനിറുത്തുന്നു നമ്മുടെ മഹാക്ഷേത്രങ്ങൾ. ഈശ്വരനെപ്പോലും കുടുക്കിലാക്കുന്ന ഈ ആശാപാശത്തിൽനിന്ന് രക്ഷതേടിയെത്താൻ ഇന്നൊരു സിലോണും ദൈവത്തിനുമുന്നിൽ അവശേഷിക്കുന്നില്ല. അവിടെയും വംശാധിപത്യ പോരാട്ടത്തിന്റെ ചോരപ്പുഴകൾ ഒഴുകിക്കൊണ്ടേയിരിക്കുന്നു.
പണ്ട് ആലുവ ആശ്രമത്തിൽ ഒരു പകൽ തൃപ്പാദങ്ങൾ നടന്നെത്തുമ്പോൾ അവിടെ ആരുമില്ല. രണ്ടുദിവസമായി കാര്യക്കാർ ആരും വരാറില്ലെന്ന് ഒരു അന്തേവാസി പറഞ്ഞു. അതു കേട്ട് തൃപ്പാദങ്ങൾ ഇങ്ങനെ മൊഴിഞ്ഞു: "പച്ചരിച്ചോറിന് കൊഴുപ്പുകൂടുതലാണ്. അഹങ്കാരം വർദ്ധിക്കും അല്ലയോ?'
No comments:
Post a Comment