എഴുത്തച്ഛൻ , അക്ഷരം കൊണ്ട് വിപ്ലവം ഉണ്ടാക്കിയ ആദ്യ മലയാളി
ഈ പറയാൻ പോകുന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സാമൂഹിക അവസ്ഥയെ കുറിച്ചല്ല . അഞ്ഞൂറ് വർഷം പുറകിലാണ് സംഭവം നടക്കുന്നത് . വേദവും പുരാണവും നിഷിദ്ധമായ ശൂദ്ര ജാതികളിൽ നീചനായ ഒരുവൻ, ഒരു ചക്കാലനായർ അക്ഷരം പഠിച്ചു ,വേദം പഠിച്ചു , പുരാണങ്ങൾ ഹൃദിസ്ഥമാക്കി . അതും പോരാഞ്ഞു കിളി പാടുന്ന രൂപത്തിൽ രാമായണവും ഭാരതവും ലോകരുടെ ഭാഷയിൽ എഴുതി . തീണ്ടാരിയായ പെണ്ണിനും , ഇരക്കുന്നവനും, ശവം ദഹിപ്പിക്കുന്നവനും, അധകൃതനും ചോല്ലാവുന്ന രീതിയിൽ മലയാളത്തിൽ വേദാന്തം ഹരിനാമകീർത്തനം എന്ന പേരിൽ എഴുതി , ഋതുവായ പെണ്ണിനും ഇരപ്പവനും ദാഹകനും പതിതനും ഒപ്പം അഗ്നിഹോത്രം ചെയ്യുന്ന ഭൂസുരനെ കൂടി ശ്ലോകത്തിൽ ബന്ധിച്ച തുഞ്ചൻ , സ്മ്രുതിയനുസരിച്ചു വാണിരുന്ന ബ്രാഹ്മണ്യത്തിന്റെ മുഖത്താണ് പ്രഹരം ഏൽപ്പിച്ചത്. സംസ്കൃതമാണ് എല്ലാം , പ്രാകൃതം കലർന്ന മലയാളം അപകൃഷ്ടമാണ് , വൈദീകമായ യാതൊന്നിനും യോജിച്ചതല്ല എന്ന് ചിന്തിച്ചിരുന്ന കാലത്താണ് പച്ചമലയാളത്തിൽ എഴുത്തച്ഛൻ ശാസ്ത്രവും പുരാണവും എഴുതി യാഥാസ്ഥികരെ അപഹസിച്ചത് . ശൂദ്രരിൽ ഏറ്റവും താഴ്ന്ന ശ്രേണിയിൽ കണക്കാക്കിയിരുന്ന ഒരുവൻ വേദവും പുരാണവും തൊട്ടു കളിച്ചത് ബ്രാഹ്മണരെ പരിഭ്രാന്തരാക്കി എന്നതും , കഴിയാവുന്ന എല്ലാ രീതിയിലും ഉപദ്രവിച്ച അവരുടെ ശല്യം സഹിയ്ക്കാൻ കഴിയാതെ തൃക്കണ്ടിയൂർ നിന്നും പലായനം ചെയ്തു ചിറ്റൂര് പോയി കഴിയേണ്ടി വന്നു ആചാര്യന് എന്നത് ചരിത്രം .
വാളല്ലെൻ സമരായുധം,ത്ധണത്ധണ-
ധ്വാനം മുഴക്കീടുവാ-
നാള,ല്ലെൻ കരവാളു വിറ്റൊരു മണി-
പ്പൊൻ വീണ വാങ്ങിച്ചു ഞാൻ! -
എന്നെഴുതുമ്പോൾ വയലാറിന്റെ മനസ്സിൽ ഒരുപക്ഷെ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന ഭാഷാപിതാവായിരിയ്ക്കണം നിറഞ്ഞു നിന്നത് .
അക്ഷരം ആയുധമാക്കി വ്യവസ്ഥിതിയ്ക്കെതിരെ പൊരുതിയ മഹാനുഭാവനെ പ്രണമിക്കുന്നു . കാലഘട്ടവും അവസ്ഥയും മാറി എങ്കിൽ പോലും അക്ഷരത്തിന്റെ കരുത്തു ചോരുന്നില്ല . അക്രമവും അനീതിയും എന്നും ഭയപ്പെട്ടിട്ടുള്ളത് അക്ഷരത്തെ മാത്രമാണ് . ഇരുപത്തൊന്നാം നൂറ്റാണ്ടായാലും , ക്രിസ്തുവിനു മുന്നൂറ്റി അമ്പതു വർഷം മുൻപ് ജീവിച്ച അശോകന്റെ കാലത്തായാലും .
അതിനാൽ, അടിച്ചമർത്തപ്പെട്ട, അടിച്ചമർത്തപ്പെടുന്ന ജനതയോട് ഒന്നേ പറയാനുള്ളൂ . അക്ഷരങ്ങളെ സ്വായത്തമാക്കുക . അറിവ് സമ്പാദിയ്ക്കുക- എത്ര തന്നെ ബുദ്ധിമുട്ടിയാണെങ്കിലും വിജ്ഞാനസീമകളിലേക്ക് പറന്നുയരുക . അറിവിന്റെ ബലത്തിൽ അക്ഷരം എന്ന ആയുധം കൊണ്ട് നിങ്ങളെ അടിച്ചമർത്തുന്ന ശക്തികളെ തകർത്ത് എറിയുക .
ഒർമിയ്ക്കുക, നമ്മുടെ പൂർവികരെ അടിമകളാക്കി മാറ്റിയതു ബൌദ്ധികമായാണ് . ശാരീരികമായല്ല . വിദ്യ നിഷേധിച്ചു കൊണ്ടാണ് . അവർക്ക് നിഷേധിയ്ക്കപ്പെട്ട വിദ്യാഭ്യാസം നേടിയെടുക്കുക , അതിന്റെ ചിറകിൽ ഉയരങ്ങളിലെത്തുക എന്നതിൽ പരം മറ്റൊന്നും അവർക്ക് വേണ്ടി നമുക്ക് ചെയ്യാൻ കഴിയില്ല . അവരെ ചൂഷണം ചെയ്തവർക്ക് അതിൽ കൂടുതലായൊരു പ്രകോപനവും തോൽവിയും മറ്റൊന്നില്ല .
No comments:
Post a Comment