വെളുപ്പിനോട് ഒരു അഭിനിവേശവും കറുപ്പിനോട് ഒരു പുച്ഛവും - വിശപ്പും കാമവും കഴിഞ്ഞാൽ ആഗോളതലത്തിൽ ഏറ്റവും സാമാന്യമായ ഒരു വികാരം ആയിരിക്കും ഇത് . നരവംശം ഉത്ഭവിച്ച ആഫ്രിക്കയിൽ നിന്നും പുറപ്പെട്ടു പോന്നവർക്കു വഴിയിൽ എവിടെയോ വെച്ച് സംഭവിച്ച ജനിതകമായ ഏറ്റക്കുറച്ചിലുകൾ അത് അർഹിക്കുന്നതിലും പ്രമാദമായി മാറിയത് ഇതിന്റെ നേർസാക്ഷ്യം. കറുത്ത തൊലി എന്നത് നൂറ്റാണ്ടുകളോളം അടിമത്തത്തിന്റെ പര്യായമായി മാറി . കറുപ്പ് എന്നത് തന്നെ നികൃഷ്ടമായ എന്തിനെയെങ്കിലും കുറിക്കുന്നതായി മാറി . കറുത്തരാത്രിയും, കറുത്ത കരങ്ങളും , കറുത്ത നിഴലും , ബ്ലാക്ക് മാനും , കാളകൂടവും എന്തിന്, കറുത്തമ്മ പോലും നികൃഷ്ടതയുടെ മറുവാക്കായി മാറി(റ്റി) . എന്തിനീ കറുപ്പ് ദ്വേഷം ?
തൊലി നിറം കറുപ്പായി എന്നതിന്റെ പേരിൽ വിവേചനം അനുഭവിക്കുന്ന എത്രയോ പേർ ഉണ്ട് നമുക്ക് ചുറ്റും . ആഫ്രിക്കയിലേക്കും അമേരിക്കയിലേക്കും ഒന്നും പോവണ്ട - ഈ ആർഷഭാരതത്തിൽ തന്നെയുണ്ട് ആവോളം ഉദാഹരണങ്ങൾ . ചെറിയ പ്രായത്തിൽ കളിക്കുന്നതിനിടയ്ക്കു തുടങ്ങി , ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ദി ബെസ്റ്റ് ഇമ്പ്രെഷൻ എന്ന് വിശ്വസിക്കുന്ന ഈ ലോകത്ത് ആദ്യമായി പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് മുന്നിലും , ഒരു അഭിമുഖ പരീക്ഷയിലും , വിവാഹച്ചന്തയിലും, തൊഴിലിടങ്ങളിലും, നിർദോഷതമാശകളിലും എല്ലാം കറുപ്പ് രണ്ടാം തരമായി മാറുകയാണ് . തൊലി നിറം കാണുമ്പോഴേ ഇവൻ/ ഇവൾ പിന്നോക്കമാണ് എന്ന് വിധിയെഴുതിയവരുടെ മുന്നിൽ കഴിവിലും ബുദ്ധിശക്തിയിലും കാര്യപ്രാപ്തിയിലും തൊലി വെളുത്തവരേക്കാൾ മുന്നിലാണ് എന്ന് തെളിയിക്കുന്നതിന്റെ ആത്മസംതൃപ്തി പലരും പലവട്ടം നുകർന്ന് കാണണം .
ഇവിടത്തെ സിനിമകൾ വെളുത്ത നിറമുള്ള നായകന്റെയും നായികയുടെയും മാത്രമാണ് . വെളുത്ത നിറത്തിൽ സവർണനായ നായകൻറെ കഥകൾ അല്ലാത്തവ വളരെ അപൂർവമാണ്. കൃഷ്ണൻ എന്ന കാക്കക്കറമ്പൻ ഭഗവാന് ചിത്രകാരന്മാർ നീലനിറം നല്കി നീലക്കാർമുകിൽ വർണനാക്കി മാറ്റി . പഴയൊരു ഗോത്ര ദൈവമായിരുന്ന ശിവനും നീല . ഹൃദയവാൽവിന് തകരാർ ഉള്ളവരായിരുന്നോ ഈ നീല നിറക്കാർ? മറ്റൊരു കറുമ്പൻ അർജുനനെ ഇന്നേ വരെ കറുത്ത് കണ്ടിട്ടില്ല . വെളുപ്പിലെ വരച്ചു കണ്ടിട്ടുള്ളൂ . കൃഷ്ണ എന്ന് പേരുള്ള ദ്രുപദപുത്രിയും വരച്ചു വരുമ്പോൾ വെളുത്ത് വരും . ബ്രാഹ്മണർ ഇറക്കിയ നാന്മുഖൻ ബ്രഹ്മാവ് മാത്രം അന്നും ഇന്നും എന്നും വെലുമ്പനായി തുടരുന്നു . തദ്ദേശിയൻ അല്ലാത്തത് കൊണ്ടാണോ എന്നറിയില്ല അപൂർവമായി മാത്രമേ ഭാരതത്തിൽ ആരെങ്കിലുമൊക്കെ ആരാധിക്കാറുള്ളൂ . കറുപ്പിനെ അത്രയ്ക്ക് സ്വീകാര്യമല്ലാത്തവർ ആണ് ആർഷഭാരതജനത എന്നല്ലേ ഇത് കൊണ്ട് മനസ്സിലാക്കേണ്ടത് . ഈ നാട്ടിൽ ഇത്രയൊക്കെയേ പ്രതീക്ഷിക്കാൻ പാടുള്ളൂ .
ഭൂമധ്യരേഖയിൽ നിന്നും വടക്കോട്ട് പോവും തോറും വെളുപ്പാണ് രാജാവ് . പത്തനംതിട്ടയിൽ കറുപ്പിന് ലഭിക്കുന്ന അംഗീകാരം കണ്ണൂര് കിട്ടില്ല . വടക്കേ ഇന്ത്യയിലേക്ക് ചെല്ലുമ്പോൾ തൊലി കറുത്ത മനുഷ്യർക്ക് അവരൊരു ഓമനപ്പേര് കരുതി വെച്ചിട്ടുണ്ട് - കാലിയ. ബാലരമയിലെ ബുദ്ധിശാലി കാക്കച്ചിയല്ല, പണ്ട് യമുനയിൽ വിഷം
കലക്കി ജലമലിനീകരണം ഉണ്ടാക്കിയ കാളിയനാണ് കറുത്തവർ . പ്രായം പോലും നോക്കാതെ ചെറിയ പിള്ളേർ വയസ്സായ കാർന്നോന്മാരെ കാലിയ എന്ന് വിളിക്കുന്നത് കേട്ട അനുഭവം ലേഖകനുണ്ട് . ഇത്തരത്തിലുള്ള തമ്മിൽ വെളുംപന്മാരിൽ ഒരാളെയാനല്ലോ പണ്ട് സായിപ്പ് ദക്ഷിണാഫ്രിക്കയിൽ വെച്ച് തൊലി കറുത്തതിന്റെ പേരിൽ തീവണ്ടി മുറിയിൽ നിന്നും പുറത്തേക്കിട്ടു ചവിട്ടി പല്ല് പറിച്ചത് എന്ന് പലപ്പോഴും ഓർക്കാറുണ്ട്, ഇതൊക്കെ കാണുമ്പോൾ . ഇന്ത്യയിൽ തമിഴ്നാട്ടിൽ മാത്രമാണ് ഈ വർണവിവേചനം അല്പം കുറവായി കണ്ടിട്ടുള്ളത് . പക്ഷേ, അവിടെയും വെളുപ്പിനോടുള്ള ആരാധനയ്ക്ക് ഒട്ടും കുറവില്ല . ആഗോളതലത്തിൽ നോക്കിയാൽ, ഒരു കറുത്ത അടിമയായിരുന്ന മോസേസിന്റെയോ , അദ്ദേഹത്തിന്റെ ഇരുപത്തൊന്നാം പിൻതലമുറക്കാരന്റെയോ ഒരൊറ്റ ചിത്രം പോലും കണ്ടു കിട്ടാനില്ല . മതം പ്രചരിപ്പിക്കാൻ കറുത്ത നിറമുള്ള ആചാര്യൻ ഒരു മുതല്ക്കൂട്ടല്ല എന്നത് കൊണ്ടാണോ എന്നറിയില്ല , ചിത്രമായി പോലും ഒരു തെളിവും മിച്ചം വെക്കാത്തത് .
കേട്ടറിവ് ഒന്ന് : കാശ്മീരിൽ നിന്നും തെക്കോട്ട് പോകും തോറും സൌന്ദര്യം കുറയുകയും ബുദ്ധി കൂടുകയും ചെയ്യുന്നു . നിങ്ങൾ മദ്രാസികൾ കറുത്തവരും കാണാൻ ഭംഗി ഇല്ലാത്തവരും ആണെങ്കിലും നല്ല ബുദ്ധിമാന്മാർ ആണ് .
കേട്ടറിവ് രണ്ട്: കോഴിക്കോട് സർവകലാശാല കാമ്പസിൽ പീജിക്ക് പഠിക്കുന്ന രണ്ട് ആദിവാസി യുവാക്കളാണ് നായകന്മാർ . കൂട്ടത്തിലെ വെളുമ്പൻ മറ്റേയാളെ കറമ്പൻ എന്ന് കളിയാക്കിയപ്പോൾ അയാളുടെ പ്രതികരണം .
" ഞാൻ ആണെടാ യഥാർത്ഥ ST, നീയൊക്കെ നമ്പൂതിരിക്കുണ്ടായതല്ലേ.. രക്തശുദ്ധി വേണമെടാ .. രക്തശുദ്ധി .! "
-സഹോദരൻ
No comments:
Post a Comment