ശ്രീ നാരായണ ഗുരുവിനെ ഈശ്വരനായി കണ്ടു ആരാധിക്കാമോ ? ശ്രീ നാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന ഏതൊരുവനും നേരിടുന്ന നിരവധി ചോദ്യങ്ങളില്‍ ഒരു ചോദ്യം ആണ് ഇത് . എനിക്കും ഈ ചോദ്യത്തെ പലതവണ നേരിടേണ്ടി വന്നിട്ടുണ്ട് . അപ്പോഴൊക്കെ ഒരു വെറും സാധാരണ ഗുരു ഭക്തന്‍ എന്ന നിലയ്ക്ക് എന്‍റെ അഭിപ്രായം പറയാനും കഴിഞ്ഞിട്ടുണ്ട് , അതു മറ്റുള്ളവരെ തൃപ്തി പെടുതിയോ എന്ന് അറിയില്ല എങ്കിലും.
ഭാരതം കണ്ട അപൂര്‍വ വ്യക്തി പ്രഭാവങ്ങളില്‍ ഒന്നായിരുന്നു ഭഗവാന്‍ ശ്രീനാരായണന്‍ . എന്നാല്‍ ആ പുണ്യ ജന്മത്തെ ആദിമ വിപ്ളവകാരിയും , സാമൂഹികപരിഷ്കര്‍താവും , ഒരു ഹിന്ദു സന്യാസിയും ഒക്കെ ആയി കാണുവാനാണ് ചരിത്രം ഇഷ്ടപെടുന്നത് .
മഹാഭാരതത്തില്‍ പറയുന്നു ലോകത്ത് എപ്പോഴൊക്കെ ധര്‍മ്മത്തിന് നാശം സംഭവിക്കുന്നുവോ അപ്പോഴൊക്കെ ഈശ്വരന്‍ മനുഷ്യ രൂപം പൂണ്ടു ലോകത്തില്‍ വന്നു അവതാരം എടുക്കുമെന്ന് . ആ അവതാരങ്ങളുടെ ഒക്കെ ലക്‌ഷ്യം ഭൂമിയില്‍ ധര്‍മ്മം നിലനിര്‍ത്തുക എന്നതാണ് .
ഇന്ന് മനുഷ്യരാശി ഈശ്വരനായി കണ്ടു ആരാധിക്കുന്ന മൂര്‍ത്തികള്‍ ഭൂമിയില്‍ മനുഷ്യരായി ജന്മം എടുത്തവരാണ് . ഭഗവാന്‍റെ അവതാരമായി വന്ന ശ്രീകൃഷ്ണന്‍ പിറന്നു വീണത് യാദവ കുലത്തില്‍ ആണ് . അപ്പോഴും ആ അവതാരത്തിന് ഒരു ലക്ഷ്യമുണ്ടായിരുന്നു ധര്‍മ്മാധര്‍മ്മ യുദ്ധത്തില്‍ ധര്‍മ്മത്തെ സംരക്ഷിക്കുക എന്നതായിരുന്നു അത്. ആ അവതാര ലക്‌ഷ്യം പൂര്‍ത്തീകരിക്കുക വഴി നമുക്ക് ആ ജന്മം ഈശ്വരന്‍ ആയിത്തീര്‍ന്നു . ക്രിസ്തുദേവന്‍ , മനുഷ്യനായി ഭൂമിയില്‍ പിറന്നു വീണത് പുല്‍തോഴുത്തില്‍ ആയിരുന്നു , ആ വിശുദ്ധ ജന്മത്തിനും ലക്‌ഷ്യം ഉണ്ടായിരുന്നു , മനുഷ്യരുടെ സകല പാപങ്ങളില്‍ നിന്നും അവരെ മോചിപിക്കുക എന്നത് . അതിനായി തന്‍റെ ജീവന്‍ വരെ നല്‍കുക വഴി ക്രിസ്തു ദേവനും ആ ഗണത്തിലേക്ക് ഉയര്‍ത്തപെട്ടു .പ്രവാചകനായ നബിതിരുമെനിയുടെയും , ഭഗവാന്‍ ശ്രീ ബുദ്ധന്റെയും കഥ വ്യത്യസ്തമല്ല . ഇവരെല്ലാം തന്നെ ഭൂമിയില്‍ മനുഷ്യനായി വന്നു പിറന്ന് തങ്ങളുടെ അവതാര പൂര്‍ത്തീകരണം നിര്‍വഹിക്കുക വഴി സാധാരണ ജനത്തിന് ഈശ്വര തുല്യരായി തീര്‍ന്നു .
ഭാഗവന്‍ ശ്രീ നാരായണന്റെ ജന്മവും വ്യത്യസ്തമല്ല . ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യന്‍ പരസ്പരം പോരടിച്ച നാളില്‍ , അടിച്ചമര്‍ത്തപെട്ട ജന വിഭാഗത്തിന്റെ പുനരുദ്ധാരണം എന്ന അവതാര ലക്ഷ്യവുമായി ആ പുന്യത്മാവ് 1855 ഇല്‍ ചെമ്പഴന്തിയിലെ വയല്‍വാരം വീട്ടില്‍ വന്നു പിറന്നു . അശരണരായ , ആരാധന സ്വാതന്ത്ര്യവും , അഭിപ്രായ സ്വാതന്ത്ര്യവും നിഷേധിക്കപെട്ട ഒരു ജന സഞ്ചയത്തെ കൈ പിടിച്ചുയര്‍ത്തി , അഞ്ജതയുടെ അന്ധകാരത്തില്‍ നിന്നു അറിവിന്‍റെ വെളിച്ചത്തിലേക്ക് അവരെ നയിക്കുക എന്ന അവതാര ലക്ഷ്യവുമായി ഗുരു ഭൂമിയില്‍ വന്നു പിറന്നു .
ഗുരു തന്‍റെ ജീവിതത്തിലെ പല ഘട്ടങ്ങളിലും തന്‍റെ അവതാര ലക്ഷ്യത്തെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട് . വീടും വീട്ടുകാരും എന്ന് വേണ്ട ലൌകികമായ എല്ലാറ്റിനെയും ത്യജിച്ച് അദ്ദേഹം തന്‍റെ ആധ്യാത്മിക ജീവതം തുടങ്ങുന്ന സമയത്ത് ഗുരു തന്‍റെ മാതാപിതാക്കളോടും , തനിക്കായി വീട്ടുകാര്‍ വിവാഹം കഴിച്ചുകൊണ്ട് വന്ന ഭാര്യയോടുമായി പറയുന്നുണ്ട് " എല്ലാവര്‍ക്കും അവരുടെ ജീവിതത്തിനു ലക്ഷ്യമുണ്ട് , നമ്മുടെ ലക്‌ഷ്യം വേറെ ആണ് , ആ ലക്‌ഷ്യം നിറവേറ്റാന്‍ നമ്മെ തടസ്സപെടുത്തരുത് " .
അതുപോലെ തന്നെ വാരണപള്ളിയില്‍ തന്‍റെ വിദ്യാഭ്യാസം അവസാനിക്കുന്ന കാലഘട്ടത്തില്‍ , അവിടുത്തെ ഇളം തലമുറക്കാരനായ ഗോവിന്ദ പണിക്കരോട് ഒരു ചെറിയ ചെമ്പ് കുടം കൊണ്ടുവരുവാന്‍ ഗുരു ആവശ്യപെട്ടു . അതെന്തിനാണെന്ന് ചോദിച്ചപ്പോള്‍ " നാം സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി ചെല്ലാന്‍ പോവുകയാണെന്നും അവിടെ നിന്നു ലഭിലുന്നതെന്തും മറ്റുള്ളവര്‍ക്കായി സൂക്ഷിച്ചു വക്കുവാനാണ് കുടമെന്നും ഗുരുദേവന്‍ മറുപടി നല്‍കി .
അങ്ങിനെ മഹാകവി പാടിയതുപോലെ അന്യരുടെ ഗുണത്തിനായി തന്റെ മനസ്സും ശരീരവും മാത്രമല്ല , താന്‍ തപസ്സിലൂടെ നേടിയ അറിവും നല്‍കുക വഴി ഗുരു തന്‍റെ അവതാര പൂര്‍ത്തീകരണം സാധ്യമാക്കി .
എന്നെ പോലുള്ള സാധാരണ ഭക്തന് ഇത് മാത്രം മതിയാകും ആ പുന്യാത്മാവില്‍ ഈശ്വരനെ ദര്‍ശിക്കാന്‍ .
No comments:
Post a Comment