മോഹന്‍ലാലിനോട് ശ്രീനിവാസനു വിദ്വേഷമുണ്ട് എന്നു സിനിമാപരമായ ചില പ്രത്യക്ഷതെളിവുകള്‍ വെച്ചുകൊണ്ട് സിദ്ധാന്തിക്കുന്ന ഒരു ലേഖനം ഈയിടെ മലയാളത്തില്‍ എഴുതിയിരുന്നു. ആ ലേഖനത്തോടു പ്രതികരിച്ചവരില്ക്കൂടുതലും അതെല്ലാം ലേഖകന്റെ വെറും ഭാവനയാണെന്ന മട്ടിലാണു പ്രതികരിച്ചത്. എന്നാല്‍, കുറച്ചുകൂടി ഗുരുതരമായ ഒരാരോപണം ഉന്നയിച്ചുകൊണ്ട് ആ ലേഖനം മുന്നോട്ടുവച്ച ചര്‍ച്ചയെ അല്പംകൂടി മുന്നോട്ടുകൊണ്ടുപോകാനാണ് ഈ ലേഖനം ലക്ഷ്യം വയ്ക്കുന്നത്.
മലയാളസിനിമയിലെ നായര്‍- ഈഴവ ലോബികള്‍ തമ്മിലുള്ള കലഹത്തിന്റെ പിന്നാമ്പുറക്കഥകളുടെ പ്രത്യക്ഷമുഖമാണോ ലാലിനോട് ശ്രീനിക്കുള്ള വിദ്വേഷത്തിന്റെ കാരണം? (അങ്ങനെയൊന്നുണ്ടെന്നു സമര്‍ത്ഥിക്കുന്നില്ല, സങ്കല്പിക്കുന്നുമാത്രമേയുള്ളൂ, ആധുനികോത്തരതയില്‍ ഇതെല്ലാം സാദ്ധ്യമാണുമാഷേ!... ചുമ്മാ പോ!)
മലയാളസിനിമയില്‍ ഒരു നായര്‍ലോബി കളിക്കുന്നുണ്ടെന്നും ആ നായര്‍ ലോബിയാണ് തന്നെ ഇല്ലായ്മ ചെയ്യാന്‍ വര്‍ഷങ്ങളായി ശ്രമിച്ചുവരുന്നതെന്നും നടന് തിലകന് പറഞ്ഞപ്പോള്‍ അതു സിനിമാക്കാര്‍ക്ക് ഒരു വൃദ്ധന്റെ മനോനിലതെറ്റിയ ജല്പനങ്ങളായിരുന്നു. എന്നാല്‍, സത്യത്തില്‍ അങ്ങനൊന്നു നിലവിലുണ്ട് എന്നത് സിനിമാക്കാര് രഹസ്യമായും പരസ്യമായും സമ്മതിക്കുന്ന സത്യം. അതു തെക്കന്‍ തിരുവിതാംകൂറുകാരായ നായന്മാരുടെ ഒരു ലോബിയുമാണ്. കൊട്ടാരക്കരമുതല്‍ തിരുവനന്തപുരം വരെയാണ് അതിന്റെ മേഖല. നെടുമുടിവേണു, മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു, പ്രിയദര്ശന്, ജഗദീഷ്, കെ.ബി.ഗണേശ്കുമാര്‍ ഇങ്ങനെ നീളുന്ന ഒരു സംഘമാണ് ഈ നായര്‍ ലോബിയുടെ ചരടുവലിക്കാര്‍.
നെടുമുടി വേണുവിന്റെ ചരടുവലികളാണ് തന്നെ മലയാളസിനിമയില്‍നിന്നു പുറത്താക്കാന്‍ കാരണമാകുന്നതെന്ന് തിലകന് വിലപിച്ചു. ഒപ്പം, ഗണേശിന്റെ നീക്കങ്ങള്‍ ദുരുപദിഷ്ടമാണെന്നും പരിതപിച്ചു. നാമതിനൊന്നും വാക്കുകൊടുത്തതേയില്ല.
ഇങ്ങനെയൊരു നായര്‍ലോബി നിലനില്‍ക്കെത്തന്നെ, ഒരു ഈഴവലോബിക്കുള്ള സാദ്ധ്യത മലയാളസിനിമയില്‍ സജീവമാണ്. ഇതിന് തെക്കെന്നോ വടക്കെന്നോ വ്യത്യാസമില്ല. കൊല്ലംകാരനായ മുകേഷ്, കണ്ണൂര്‍കാരനായ ശ്രീനിവാസന്, തൃശൂര്കാരനായ സത്യന് അന്തിക്കാട്, എറണാകുളംകാരനായ സലിംകുമാര്‍ എന്നിവര്‍ ചേര്‍ന്നൊരു സംഘമാണിത്. ഈ സംഘത്തിന്റെ സിനിമയായിരുന്നു കഥ പറയുമ്പോള്‍ എന്നത്. ഈഴവനായ ബാര്‍ബര്‍ ബാലന് എന്ന കഥാപാത്രത്തിന്റെ നന്മയുടെ കഥ പറയുന്ന സിനിമ മലയാളസിനിമയുടെ ഇതപര്യന്തമുള്ള സിനിമാചരിത്രത്തില്‍ ആദ്യമായി ബോധപൂര്‍വമായി ഈഴവനെ പ്രതിനിധാനം ചെയ്യുന്ന സിനിമയായിരുന്നു എന്നു പറയാം. അതിനുമുന്‍പോ പിന്‍പോ ഈഴവന് എന്ന പ്രതിനിധാനം മലയാളസിനിമയില്‍ ഉണ്ടായിട്ടില്ല. ലോഹിതദാസ് തിരക്കഥയെഴുതിയ സല്ലാപം, മാലയോഗം എന്നീ സിനിമകളിലും മറ്റുമുണ്ടായിട്ടുള്ള ചില ചെത്തുകാര് (യഥാക്രമം കലാഭവന്‍ മണിയും മുരളിയും അവതരിപ്പിച്ചവ) പോലെയുള്ള കഥാപാത്രങ്ങളാണ് ഈഴവപ്രതിനിധാനം സാധിച്ചിട്ടുളളത്.
അശോക് രാജ് എന്ന ജാതിയില്ലാക്കഥാപാത്രത്തിന്റെ രക്ഷകനായ ബാര്‍ബര്‍ ബാലന്റെ കടയിലടക്കം മലയാളസിനിമയിലെ ഒരു വീട്ടിലും കടയിലും ശ്രീനാരായണഗുരുവിന്റെ പടവും ഇല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇതേ ശ്രീനിയും സത്യന് അന്തിക്കാടുമൊക്കെ എന്നും മുരിങ്ങച്ചുവട്ടില്‍ രമേശന് നായര്‍മാരുടെ കഥകളാണു പറഞ്ഞിട്ടുള്ളത്. വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശനെ നോക്കൂ. ഒരുപരിധിവരെ ഈ കഥാപാത്രം ഈഴവനാണെന്നു തോന്നാം. എന്നാല്‍, തളത്തില്‍ ചന്തുനായരുടെ മരുമകനാണ് ഈ ദിനേശന്. ഇതുതന്നെയാണ് ചിന്താവിഷ്ടയായ ശ്യാമളയുടെയും കാര്യം. ഏതായാലും തളത്തില്‍ ദിനേശന് ബാലചന്ദ്രമേനോന് ചേട്ടനിട്ട് ഒരു കൊട്ടുകൊടുക്കാന്‍ മറക്കുന്നില്ല. ഇങ്ങനെ കൊട്ടാനുള്ള അവസരങ്ങള്‍ ഇപ്പോള്‍ ലോബിമുദ്രയോടുകൂടി ശ്രീനി എടുത്തു പയറ്റുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ലെന്നതാണു ശരി.
ഈഴവപ്രാതിനിധ്യങ്ങളൊന്നും സിനിമയ്ക്ക് അകത്തും പുറത്തും സാദ്ധ്യമല്ല. നേരത്തേ പറഞ്ഞ, തിരുവിതാംകൂര്‍ നായര്‍ ലോബിയുടെ, അതും എംജികോളജ് പ്രൊഡക്ടുകളുടെ സ്വാധീനം മലയാളസിനിമയില്‍ ചെറുതല്ല. അതുകൊണ്ടുതന്നെ അതിനെ എതിര്‍ക്കുകയും എളുപ്പമല്ല.
തിലകന് പ്രശ്നം വന്നപ്പോള്‍ അതൊരു നായര്‍ ലോബിക്കെതിരെയുള്ള ആഞ്ഞടിയുടെ ലക്ഷണം കാട്ടിയപ്പോള്‍ ശ്രീനിവാസന്, സത്യന് അന്തിക്കാട് എന്നീ സിനിമാക്കാര് പറഞ്ഞ പ്രസ്താവനകള്‍ ശ്രദ്ധിക്കേണ്ടതാണ്. രണ്ടാളും ഒരേകാര്യം തന്നെ പറഞ്ഞു. തിലകനു പറ്റിയ വേഷങ്ങള്‍ തങ്ങളുടെ സിനിമകളില്‍ വന്നാല്‍ ഏതു സംഘടന എതിര്‍ത്താലും വേഷം അദ്ദേഹത്തെത്തന്നെ ഏല്പിക്കുമെന്ന്. അവര്‍ രണ്ടാളും ഈ കാലത്ത് തിലകനെ വേഷമേല്പിച്ചില്ലെന്നത് വേറേകാര്യം.
രസതന്ത്രത്തില്‍ ഭരത് ഗോപി ചെയ്തതും ഒക്കെ തിലകന്റെ വേഷങ്ങളായിരുന്നു. അവരത് കൊടുക്കില്ല. കാരണം, അവര്‍ക്ക് നായര്‍ ലോബിയെയും അതുനയിക്കുന്ന ഫെഫ്കയെയും ഭയമാണ്. മോഹന്‍ലാലിന്റെ ബന്ധു കൂടിയായ ഉണ്ണിക്കൃഷ്ണന് ബിയാണ് ഫെഫ്കയില്‍ വാളോങ്ങിനില്ക്കുന്നത്. മറ്റൊരു നായര്മാടമ്പി, അഥവാ, പ്രമാണി. പക്ഷേ, അവരുടെ ഉള്ളിലെ ഈഴവപ്രതിഷേധസ്വരമാണ് റോളുവന്നാല് കൊടുക്കും എന്ന ദീനരോദനം, അഥവാ വനവിലാപം, അതും അഥവാ, നിശ്ശബ്ദമുദ്രാവാക്യം. ഇതു മനസ്സിലാക്കിയതുകൊണ്ടാണ് ശ്രീനിയുടെ പ്രസ്താവന ശ്രീനി ഇന്ദിരാഗാന്ധി കളിക്കുന്നു എന്നതിനു തെളിവാണ് എന്നു തിലകന് പറയാന്‍ കാരണം.
പണ്ട്, വികെഎന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് ഒരു സിനിമ ചെയ്തിരുന്നു. അപ്പുണ്ണി എന്നായിരുന്നു ചിത്രത്തിന്റെ പേര്. പേരാറ്റുപടവീട്ടില് നായരുടെ കഥയായിരുന്നു അത്. ആ സിനിമയ്ക്ക് പോസ്റ്ററടിക്കാന്‍ ഒരു ക്യാപ്ഷന്‍ ചോദിച്ച് സത്യന് അന്തിക്കാട് അയച്ച കത്തിന് മടക്കത്തപാലില്‍ വികെഎന്നിന്റെ മറുപടി വന്നു എന്നാണു കഥ. രണ്ടു ശ്രീനാരായണീയര്‍ ചേര്‍ന്നൊരുക്കുന്ന ഒരു മനോഹരനായര്കഥ... എന്നായിരുന്നത്രേ വികെഎന്‍ എഴുതിയിരുന്നത്. പടത്തിന്റെ സംവിധായകനായ സത്യന് അന്തിക്കാടും നിര്‍മാതാവും ഈഴവരാണെന്നതു സൂചിപ്പിക്കുകയാണത്രേ വികെഎന്‍ ചെയ്തത്. ഏതായാലും ആ ചിത്രത്തിലൂടെയാണ് നായരും നായര്ലോബിക്കാരനുമായ മോഹന്‍ലാല്‍ സത്യന് അന്തിക്കാടിന്റെ ചിത്രങ്ങളില്‍ ആദ്യമായി എത്തുന്നത്.
ഇത്രയും കാലം സിനിമയെടുത്തിട്ടും, സിനിമയെടുത്ത കാലം മുഴുവന്‍ മുകേഷ് എന്ന നടന് ഫീല്‍ഡില്‍ ഉണ്ടായിരുന്നിട്ടും, ഈയടുത്ത കാലത്താണ് മുകേഷിനെ സത്യന് അന്തിക്കാട് തന്റെ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയത്. ഇതും ഒരുതരത്തില്‍ പ്രബലമാകുന്നൊരു ഈഴവകണ്ണിയെ അടയാളപ്പെടുത്തുന്നുണ്ട്.
ടി കെ രാജീവ്കുമാര്‍, മണിയന്‍പിള്ള രാജു, മോഹന്‍ലാല്‍ എന്നീ നായര്ലോബിക്കാരെ ശരിക്കും കുശാഗ്രബുദ്ധികൊണ്ട് ശ്രീനിവാസന് ഒതുക്കുന്നതു നമുക്ക് ഒരുനാള്വരുമെന്ന സിനിമയില്‍ കാണാം. ഒരുനാള്‍ വൈകാതെ വരുമെന്നത് ശ്രീനിവാസന് ഉള്‍പ്പെടുന്ന ഈഴവലോബി മലയാളസിനിമയിലെ നായര്ലോബിക്കു മേല്‍ നടത്തുന്ന താക്കീതായും വായിക്കാവുന്നതാണ്.
ഇതെല്ലാം വെറും ആരോപണമാണെന്നു തന്നെയേ കരുതാവൂ... എങ്കിലും ആരോപിക്കുന്നത് പരോക്ഷമെങ്കിലും പ്രബലമായ സൂചനകളെ വെച്ചുകൊണ്ടാണെന്നുള്ളത് മറക്കരുത്. ഇതിന്മേല് ആഞ്ഞും തറഞ്ഞും തെറിവിളികള്‍ പ്രതീക്ഷിക്കുമ്പോഴും, ഇതൊരു സാംസ്കാരിക ചര്ച്ചയാകാനിടയുണ്ടെന്ന വിദൂരപ്രതീക്ഷയാണ് ഇതെഴുന്നയാള്ക്കുള്ളത്.
ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത് എന്നാണു ശ്രീനാരായണഗുരു പറഞ്ഞത്. ജാതി ചോദിക്കരുത്, പറയരുത്, പക്ഷേ ചിന്തിക്കുക, പരാമര്‍ശിക്കുക, വിശകലനം ചെയ്യുക, ആഴത്തില്‍ പൊളിച്ചെഴുതുക എന്നൊക്കെയുള്ളതാണ് കാലം ആവശ്യപ്പെടുന്ന അടിയന്തിരാവസ്ഥ.
No comments:
Post a Comment