ഭൃത്യപ്പണിക്കാര്‍ എന്നര്‍ത്ഥമുള്ള ശൂദ്രസംജ്ഞയാല്‍ നായന്മാര്‍ അറിയപ്പെടുന്നതില്‍ മന്നത്തിന് കഠിനമായ അമര്‍ഷമുണ്ടായിരുന്നു. ശൂദ്രനെ നായര്‍ ആക്കുന്നതില്‍ കേരളീയ നായര്‍ സമാജം വഹിച്ച പങ്കിനെ പ്രശംസിക്കുന്നത് അക്കാരണം കൊണ്ടാവാം. 1085 ഇടവം 22-നു നടന്ന കേരളീയ നായര്‍ സമാജത്തിന്റെ നാലാം വാര്‍ഷിക യോഗത്തില്‍ വച്ചാണ് ശൂദ്രനാമം വേണ്ടെന്നുള്ള അഭിപ്രായം ആദ്യം പരസ്യമായി ഉന്നയിക്കപ്പെട്ടത്. ശൂദ്രനെന്നോ മലയാള ശൂദ്രനെന്നോ ആണ് സര്‍ക്കാര്‍ റിക്കാര്‍ഡുകളില്‍ അവര്‍ അതുവരെ അറിയപ്പെട്ടിരുന്നത്. അതിനുമുണ്ട് ഒരു ചരിത്രം. നായര്‍സമാജത്തില്‍ എം.കെ. ഗോവിന്ദപ്പിള്ള ചെയ്ത പ്രസംഗത്തില്‍ അത് വിശദീകരിക്കപ്പെട്ടതിങ്ങനെയാണ്: ''വലിയ ആളുകളുടെ ജോലിക്കു നില്‍ക്കുന്നവര്‍, പിള്ളകള്‍(ചെറിയ ആളുകള്‍) ആയിരുന്നു നായന്മാര്‍. സര്‍ക്കാര്‍ ജീവനത്തിനുപോയിത്തുടങ്ങിയപ്പോള്‍ കണക്കപ്പിള്ള, സമ്പ്രതിപിള്ള, ദേവസ്വംപിള്ള മുതലായ ജോലികളിലെ പിള്ളപദം നാമത്തോടു ചേരാനിടയുണ്ടായി. അങ്ങനെ കൃഷ്ണപിള്ളയും രാമന്‍പിള്ളയും മറ്റുമുണ്ടായി. പക്ഷേ, പാണ്ടിക്കാരായ പിള്ളമാരില്‍നിന്നു വേര്‍തിരിക്കാനായി പാണ്ടി ശൂദ്രനെന്നും മലയാള ശൂദ്രനെന്നും പറഞ്ഞുതുടങ്ങി''. മലയാള ശൂദ്രന്‍ ജാതിപ്പേരിനു പകരം നായര്‍ എന്നുതന്നെ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നു നിര്‍ദ്ദേശിക്കുകയും ചെയ്തു. യോഗം പ്രമേയം പാസാക്കിയെങ്കിലും വിദേശീയ ബ്രാഹ്മണരായ ഉദേ്യാഗസ്ഥപ്രമുഖന്മാര്‍ ഇടങ്കോലിട്ടതിനാല്‍ അതു നടപ്പിലാകാന്‍ കാലതാമസം നേരിട്ടു. നായന്മാര്‍ നായര്‍ശബ്ദം പേരിനോടു ചേര്‍ത്തുപയോഗിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന കാരുതോടി കണ്ണന്‍ നായരുടെ ഇക്കാലഘട്ടത്തിലെ പ്രഭാഷണങ്ങളും ലേഖനങ്ങളും ഈ പ്രക്രിയയുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കാന്‍ സഹായകരമായി എന്ന വസ്തുതയും സ്മരണീയമാണ്. ഇത്രയൊക്കെ സംഭവിച്ചില്ലായിരുന്നെങ്കില്‍ നായര്‍ റഗുലേഷന്‍ ശൂദ്ര റഗുലേഷന്‍ ആയിപ്പോകുമായിരുന്നുവെന്ന് മന്നം പ്രസ്താവിക്കുന്നുണ്ട്. നായന്മാര്‍ ചെറിയവരാണെന്നു സൂചിപ്പിക്കുകയെങ്കിലും ചെയ്യുന്ന പേരും പ്രസ്താവനകളുമൊന്നും മന്നത്തിനു സ്വീകാര്യമായിരുന്നില്ല.
-മന്നത്തു പദ്മനാഭന്‍ , പ്രൊഫ. ഹരീന്ദ്രനാഥക്കുറുപ്പ്, (പേജ് 60,61)
No comments:
Post a Comment