ഗുരുദര്‍ശനങ്ങള്‍ വ്യാഖാനങ്ങളാല്‍ നിറം മങ്ങുന്നു എന്ന ഒരഭിപ്രായം എനിക്കുണ്ട്. ഭൌതിക വാദികളും, മതവാദികളും, ഗുരു ദര്‍ശനങ്ങളെ തങ്ങള്‍ക്കു ഉചിതമായ രീതിയില്‍ വേര്‍തിരിച്ചെടുക്കുന്ന ഒരു അവസ്ഥയാണ് നില നില്‍കുന്നത്.ഗുരുദേവ ദര്‍ശനങ്ങളുടെ അന്തസത്ത ആയ സ്വതന്ത്ര ആത്മീയത,നില നില്‍കുന്ന വ്യവസ്ഥാപിത ചിന്തകളെ ഉന്മൂലനം ചെയ്യും എന്ന് അറിയാവുന്ന ബുദ്ധിജീവികളാണ്, ഗുരുദര്‍ശനങ്ങളെ വികലമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്.
ഭൌതികതയുടെയും , ആത്മീയതയുടെയും സമന്വയം ആണ് ഗുരുദേവ ദര്‍ശനം. മാനവീയതയില്‍ അധിഷ്ഠിതം ആണിത്. ജീവന്‍ ആണ് ദൈവം എന്നാ മഹാദര്‍ശനം നമ്മെ പഠിപ്പിക്കുകയായിരുന്നു ഗുരു തന്റെ കൃതികളിലൂടെ. മാര്‍ക്സിയന്‍ കാഴ്ച്ചപാടുകളോട് ഗുരു ദര്‍ശനത്തെ താരതമ്യം ചെയ്യുന്നവര്‍ വ്യവസ്ഥിതികളാല്‍ സൃഷ്ടിക്കപെട്ട ഒന്നിനെ താല്‍കാലികമായി മാറ്റാന്‍ ഉതകുന്ന ഒരു ഭൌതിക പ്രത്യയശാസ്ത്രം മാത്രം ആണ് മാര്‍ക്സിന്റെ ഇസം എന്ന് മനസിലാക്കുന്നില്ല. ആത്മീയമായ് പ്രബുദ്ധത കൂടാതെ ഭൌതികമായ ഒന്നും പൂര്‍ണ്ണം അല്ല എന്ന
സത്യം ഇവര്‍ തമസ്കരിക്കുകയാണ്.
മതാതീത ആത്മീയ ദര്‍ശനം
മനസിലാകാത്തത് കൊണ്ടാണോ എന്തോ, അതിനെ മനുഷ്യര്‍ക്കിടയില്‍ എത്തിക്കുന്നതില്‍ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ പരാജയപ്പെടുകയാണ്. ഗുരുദേവന്റെ പിന്‍ഗാമികള്‍ എന്ന് വിളിക്കപ്പെടുന്ന സന്യാസികള്‍ പോലും ഗുരുദേവനെ ഹിന്ദു മത പരിഷ്കര്‍ത്താവായി കാണുന്നതും, വിളിക്കുന്നതും ഗുരുദര്‍ശനത്തെ സമഗ്രമായി ഗ്രഹിക്കാത്തത് കൊണ്ട് മാത്രം ആണ്.
“ ഒരു ജാതി, ഒരു മതം , ഒരു ദൈവം മനുഷ്യന് “ എന്നാ വിശ്വ മാനവീയതയുടെ മൂലമന്ത്രം ഉപദേശിച്ച ഗുരുവിനെ ഏതെന്കിലും മതത്തിന്റെ ചട്ട കൂടിനുള്ളില്‍ തളക്കാന്‍ ശ്രമിക്കുന്നത് മഹാ അപരാധം ആണ്. ഒരു ജാതി എന്നത് കൊണ്ട് ഗുരു ഉദ്ദേശിച്ചത് ഈഴവ ജാതിയെ ആണെന്ന് വരെ പൊതു വേദിയില്‍ വിളിച്ചു പറയാന്‍ തക്ക വണ്ണം ബുദ്ധിശൂന്യത ഗുരുദേവന്റെ പേരിലുള്ള യോഗത്തിന്റെ നേതാക്കള്‍ കാണിക്കുന്ന ഈ കാലത്ത് ഗുരുദേവന്‍ അരുളി ചെയ്ത ആ വിശ്വ മാനവീയതയുടെ മൂലമന്ത്രത്തിന്റെ സാരം എന്താണെന്ന് നാം മനസിലാക്കെണ്ടതും, സമൂഹത്തെ പടിപ്പിക്കെണ്ടതും ആണ്.
ജാതി വാദത്തെ ശക്തമായി ഖണ്ഡിക്കുകയായിരുന്നു “ ഒരു ജാതി” എന്നാ സന്ദേശത്തിലൂടെ ഗുരു നല്‍കിയത്. സ്മൃതികളും മറ്റും പറയുന്ന ജാതിക്ക് ഭാരതീയ ദര്‍ശനങ്ങുളുടെ ചരിത്രവുമായി തട്ടിച്ചു നോക്കുകയാണെങ്കില്‍ സാധുത ഇല്ല എന്നത് വ്യക്തം ആണ്.
ധര്‍മം കൊണ്ട് സ്വീകരിച്ചിരിക്കുന്ന പ്രകൃതിക്കൊത് ജാതി സംഭവിക്കുന്നു എന്നാണ് പതഞ്‌ജലി യോഗ സൂത്രതിലൂടെ പറയുന്നത്.
“ Poorvaparinaamaapaaya utharaparinaamopajanstheshaamapoorvaavayaanupraveshaad bhavathi. kaayendriya prakrutayascha svam svam vikaaramanugruhnathyapoorane dharmaadi nimithamapekshamaana ithi”.
ഒരു ജാതിയില്‍ നിന്നും മറ്റൊരു ജാതിയിലെക്കുള്ള പരിണാമം പ്രക്രുത്യാപൂരണം കൊണ്ട് സംഭവിക്കുന്നു. എന്നാണു അര്‍ഥം. ഇവിടെ ജാതി എന്ന് വിവക്ഷിക്കുന്നത് മനുഷ്യ ജാതിയെ ആണ്. മനുഷ്യ ജാതിയില്‍ പരിണമിച്ച കായെന്ദ്രിയങ്ങള്‍ക്ക് ദേവജാതിയിലും, തിര്യഗ് ജാതിയിലും പരിണാമം ഭവിക്കുന്നുണ്ടെങ്കില്‍ അത് പ്രകൃതിയെ സ്വീകരിക്കുക കൊണ്ടാണ്.
ഇവിടെ പതഞ്‌ജലി മനുഷ്യ ജാതി എന്ന് വ്യക്തമായി പറയുന്നു. പ്രകൃതിയെ സ്വീകരിക്കുന്നത് ബ്രാഹ്മണന്‍ ആയാലും, ചന്ടാലന്‍ ആയാലും പരിണാമം ഒന്ന് തന്നെ ആണ് എന്നല്ലേ ഇവിടെ അര്‍ത്ഥമാക്കുന്നത്. എന്നാല്‍ പില്‍കാല സൂത്രങ്ങളില്‍ ജാതി മനുഷ്യരെ വേര്‍തിരിക്കുന്ന തരത്തിലായി. ആബസ്തംഭ ധര്‍മ സൂത്രത്തിലെ “ ജന്മത ശ്രേയ” ഇതിനു ഉദാഹരണം ആണ്.
മനുഷ്യര്‍ മനുഷ്യരായും,ജന്തുക്കള്‍ ജന്തുക്കളയും, പക്ഷികള്‍ പക്ഷികലായും, ഉരഗങ്ങള്‍ ഉരഗങ്ങലായും, കീടങ്ങള്‍ കീടങ്ങളായും യുഗയുഗങ്ങളായി ഇവിടെ നില നില്‍കുന്നു. “ ജാതി ലക്ഷണം” എന്നാ കൃതിയിലൂടെ ജാതി എന്താണെന്ന് ഗുരു നമുക്ക് വ്യക്തമാക്കി തരുന്നു. ‘ മനുഷ്യാണാം മനുഷ്വത്വം ജാതി : മനുഷ്യന്റെ ജാതി മനുഷ്വത്വം മാത്രം ആണ്. നീഗ്രോ ആയാലും, വെള്ളക്കാരന്‍ ആയാലും, ചീനന്‍ ആയാലും അവനില്‍ നിറഞ്ഞു നില്‍കുന്നത് മനുഷ്വത്വം ആണ്. ഗോത്വം ഗവാം യഥാ’ : ഗോക്കളുടെ ജാതി ഗോത്വം ആണ്. പശു ഇതു ഇനത്തില്‍ പെട്ടതാനെന്കിലും എല്ലാതിന്റെയും ഗോത്വം ഒന്ന് തന്നെയാണ്.
ജന്മം കൊണ്ട് മേന്മയോ, കുറവോ ഒന്നും ഉണ്ടാകുന്നില്ല. മനുഷ്യകുഞ്ഞു എന്നതില്‍ കവിഞ്ഞു ഒന്നും തന്നെ അതിനു അപ്പോള്‍ ഇല്ല. അതിനു ജാതീയത നല്കപെടുകയാണ് ചെയ്യുന്നത്. മനുഷ്യനെ ജാതിയുടെ പേരില്‍ വിഭജിക്കുന്നതിനു യാതൊരു നീതീകരണവും ഇല്ല. പുലയര്‍, ബ്രാഹ്മണന്‍, പറയര്‍, ക്ഷത്രിയന്‍, ഈഴവര്‍, നായര്‍, എന്നൊക്കെ മനുഷ്യനെ വേര്‍തിരിക്കുന്നത് തികച്ചും ബുദ്ധിശൂന്യത ആണ്..
മനുസ്മൃതി തുടങ്ങിയ ഹൈന്ദവ ഗ്രന്ഥങ്ങള്‍ ജാതീയത ദൈവദത്തം ആണെന്ന് പറയുന്നത് ഗുരുദേവന്‍ ഹിന്ദു പ്രമാണങ്ങള്‍ ഉദ്ധരിച്ചു തന്നെ ഖണ്ഡിച്ചു. പറചിയില്‍ നിന്നും പിറന്ന പരാശരനെ തെളിവാക്കികൊണ്ട് മനുസ്മൃതി തുടങ്ങിയവ പില്‍കാല നിക്ഷിപ്ത താല്പര്യക്കാരുടെ കുടിലത മാത്രമാണ് ജാതി വിവേചനത്തിന്റെ പിന്നിലെന്ന് ഗുരുദേവന്‍ തെളിയിച്ചു.
തന്റെ ഉള്ളില്‍ ഉള്ള ദൈവാംശം ആയ ജീവന്‍ തന്നെയാണ് മറ്റുള്ളവരുടെയും ഉള്ളില്‍ ഉള്ളത് എന്ന് അറിഞ്ഞാല്‍ പിന്നെ അവിടെ ജാതിക്ക് സ്ഥാനം ഇല്ല. ആ അറിവാണ് മനുഷ്യത്വം. ആ അറിവ് നമുക്ക് പകര്‍ന്നു തന്ന മഹാ സന്ദേശം ആണ് “ ഒരു ജാതി”.
By Dr. Kamaljith Abhinav
No comments:
Post a Comment