Pages

Wednesday, July 3, 2013

സവര്‍ണബോധം മാത്രമല്ല - അധമബോധവും എതിര്‍ക്കപ്പെടണം.


ജാതിക്കോമരം shared Praveen Koramkottil's photo.

സവര്‍ണബോധം മാത്രമല്ല, അധമബോധവും എതിര്‍ക്കപ്പെടണം.

ചില ജാതി ചിന്തകള്‍

1) കുട്ടിക്കാലത്ത് സ്കൂളുപൂട്ടിയാല്‍ അമ്മവീട്ടില്‍ പോകും. പിന്നെ വേനലവധി തീരും വരെ അവിടെയാണ്. കസിന്‍സ് എല്ലാരും കൂടിയാല്‍ കോരംകോട്ടില്‍ തറവാട് ആകെ ഒരു ബഹളമാണ്. അടിപിടീം വഴക്കും കളീം ചിരീം ഒക്കെ ഉണ്ടാകും. ഒരു ദിവസം അടുത്ത വീട്ടില്‍ മാങ്ങ പെറുക്കാന്‍ പോയ ഒരു കസിന്‍ വെറും കയ്യോടെ തിരിച്ച് വന്നത്. "എന്താടി മാങ്ങ കിട്ടീലേ?", എന്റെ അമ്മ ചോദിച്ചു. "ആ മേനോന്മാരോടത്തെ പെണ്ണ് വല്ലാത്ത സാധനാ മേമേ. മാങ്ങ നിറഞ്ഞ് കിടക്കാണ്, എന്നിട്ടും പെറുക്കണ്ടാന്ന് പറഞ്ഞു." കസിന് സങ്കടോം ദേഷ്യോം ഒക്കെക്കൂടി. പറഞ്ഞ് തീര്‍ന്നതും, "നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ മേനോന്മാരോടത്തെ കുട്ട്യോളെ അതും ഇതും പറയരുതെന്ന്" എന്നും പറഞ്ഞ് പാത്രം കഴുകിക്കൊണ്ടിരുന്ന അവള്‍ടെ അമ്മ, എന്റെ അമ്മായി ഒരു വടിയെടുത്ത് അവളെ തല്ലാന്‍ പുറപ്പെട്ടു. അമ്മ അമ്മായിയെ പിടിച്ച് വച്ചതോണ്ട് അവള്‍ക്ക് തല്ല് കിട്ടിയില്ല. "അല്ലമ്മായീ മേനോന്മാര്‍ക്കെന്താ കൊമ്പുണ്ടോ?" ഞാന്‍ ചോദിച്ചു. "അതല്ലെട ഉണ്ണ്യേ, അവര് മുന്ത്യേ ജാത്യല്ലേ. ജാതീല് മൂത്ത കൂട്ടുകാരെ പേര് പോലും വിളിയ്ക്കാന്‍ പാടില്ല, പാപാണ്! "കുട്ടി" എന്നേ വിളിയ്ക്കാനും പറയാനും പാടൂ!!" ഇത് നല്ല കൂത്ത്. അമ്മായി വലിയ ദൈവവിശ്വാസിയാണ്. ഹിന്ദുമതത്തിന്റെ സകലജീര്‍ണതകളും തൊണ്ടതൊടാതെ വിഴുങ്ങുന്ന തരം. അമ്മ തമ്മില്‍ ഭേദമാണ്. ഉള്ളില്‍ ജാതിചിന്തയൊക്കെ സാമാന്യം ഉണ്ടെങ്കിലും ഇങ്ങനത്തെ പോക്രിത്തരത്തിനൊന്നും കൂട്ട് നില്‍ക്കില്ല. "എന്റെ ഒപ്പം പഠിച്ച പ്രമിളേനേം ബിന്ദൂനേം ഒക്കെ ഞാന്‍ പേരാണ് വിളിച്ചത്. നീയും വിളിച്ചോടീ". അമ്മ കസിന്റെ പക്ഷം പിടിച്ചു. "പുഷ്പ ഇങ്ങനെ കുട്ട്യോളെ വേണ്ടാത്തത് പഠിപ്പിച്ചോ, ഞാനൊന്നും പറയുന്നില്ല." അമ്മായിയ്ക്ക് നാത്തൂനോട് പരിഭവം. അമ്മായി ഇങ്ങനെയാണ്. ചൊട്ടയിലെ ശീലം നുള്ളിക്കളയാന്‍ പ്രയാസമാണ്. അമ്മായിയുടെ അച്ഛന്‍ ഒരു മനയ്ക്കലെ കാര്യസ്ഥനായിരുന്നു. വാക്കയ്യുപൊത്തി നില്‍ക്കുന്നതും "അടിയന്‍" എന്ന് സ്വയം അഭിസംബോധന ചെയ്യുന്നതും എല്ലാം കണ്ട് പഠിച്ചാണ് വളര്‍ന്നത്. ഇപ്പോഴും മനയ്ക്കല്‍ ചെന്നാല്‍ ഇതൊക്കെ ചെയ്യുമത്രേ. ഛേ..നാണക്കേട്!!

2) പുതിയ വീടുണ്ടാക്കിയിട്ട് അധികം കാലമായിട്ടില്ല. വീട്ടില്‍ വിറകടുക്കി വയ്ക്കുന്ന പണിയാണ്. ചക്കിക്കുട്ടിയമ്മയാണ് പണിക്കാരി. സാധാരണയായി പണിക്കാരും ഞങ്ങളുമെല്ലാം വടക്കേ കോലായില്‍ ഒരുമിച്ചിരുന്നാണ് ഉണ്ണുക. അന്ന് കോലായ ആകെ വൃത്തികേടായത് കൊണ്ട് അമ്മ ചക്ക്യമ്മയോട് അടുക്കളയിലേയ്ക്ക് ഇരുന്ന് ഉണ്ടോളാന്‍ പറഞ്ഞു. ചക്ക്യമ്മയ്ക്ക് മടി. ഇല്ല പുഷ്പേ, ഞാന്‍ ഇവിടെ ഇരുന്നോണ്ട്. പൊടിയെല്ലാം തുടച്ചുകൊണ്ട് ചക്ക്യമ്മ പറഞ്ഞു. താഴ്ന്നതെന്ന് കരുതപ്പെടുന്ന ജാതിക്കാര്‍ ഉയര്‍ന്നതെന്ന് കരുതപ്പെടുന്നവരുടെ അടുക്കളയില്‍ ഭക്ഷണം കഴിയ്ക്കാന്‍ പാടില്ലെന്ന അധമബോധം ചക്കിയമ്മയ്ക്ക് ഉപേക്ഷിയ്ക്കാന്‍ മടി. "അകത്തേയ്ക്ക് ഇരുന്ന് ഉണ്ണാന്‍ പറ്റുമെങ്കില്‍ ഉണ്ണാം. അല്ലെങ്കില്‍ ഇന്ന് ഇങ്ങക്ക് ഇവിടെ ചോറില്ല." അമ്മയും വിട്ടു കൊടുത്തില്ല. അവസാനം നിവൃത്തിയില്ലാതെ ചക്ക്യമ്മ അടുക്കളയില്‍ ഞങ്ങടെ കൂടെ ഇരുന്ന് ചോറുണ്ടു. എന്നിട്ടും കസേരയില്‍ കയറിയിരിയ്ക്കാന്‍ തയ്യാറായില്ല. അവസാനം ഞാന്‍ നിലത്തിറങ്ങി ഇരുന്നു. പിന്നാലെ അനിയത്തിയും വന്നു.

3) സ്കൂളില്‍ ഒരുമിച്ച് പഠിച്ചും ഉണ്ടും കളിച്ചും വളര്‍ന്ന ഒത്തിരി നല്ല കൂട്ടുകാര്‍ എനിയ്ക്കുണ്ട്. അതിലൊരാളാണ് നമ്പൂരി എന്ന് വിളിയ്ക്കുന്ന മനു. അവന് അങ്ങനെ വിളിയ്ക്കുന്നത് ഇഷ്ടമല്ല. അതോണ്ടാണ് ഞങ്ങള്‍ അങ്ങനെ വിളിയ്ക്കുന്നതും. നാട്ടുകാര്‍ തമ്പ്രാന്‍ കുട്ടീ എന്ന് വിളിയ്ക്കുമ്പോള്‍ ഉണ്ടാകുന്ന അലോസരതയെ കുറിച്ച് അവന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അവന്‍ ഒരിയ്ക്കല്‍ പറഞ്ഞ കാര്യമാണ്. അവന്റെ വീട്ടില്‍ വീടുപണിയ്ക്ക് വന്നിരുന്ന വയസ്സായ സ്ത്രീ മാറ് മറയ്ക്കുമായിരുന്നില്ല. അവന്റെ വീട്ടുകാരാണെങ്കില്‍ ഇടതുപക്ഷചിന്താഗതിക്കാരാണ്. പണിക്കാരി ഇങ്ങനെ നടക്കുന്നത് മോശമായാണ് അവര്‍ കണ്ടിരുന്നത്. എന്നാല്‍ എത്ര പറഞ്ഞിട്ടും നിര്‍ബന്ധിച്ചിട്ടും അവര്‍ തമ്പ്രാക്കന്മാരുടെ മുന്നില്‍ മാറ് മറയ്ക്കാതിരിയ്ക്കാനുള്ള അവകാശം സംരക്ഷിച്ച് അവസാനം വരെ ജീവിച്ചു.

ഞാന് ഇവിടെ പറഞ്ഞ എന്റെ അമ്മായിയും, ചക്കിയമ്മയും മനുവിന്റെ വീട്ടിലെ മാറുമറയ്ക്കാത്ത വേലക്കാരിയുമെല്ലാം പ്രതീകങ്ങളാണ്. സമൂഹത്തില്‍ ജാതിചിന്ത ഊട്ടിയുറപ്പിയ്ക്കുന്നതില്‍ സവര്‍ണദുരഭിമാനത്തിന്റെ അത്രതന്നെയോ അതില്‍ കൂടുതലോ പങ്കുള്ള അധമബോധത്തിന്റെ പ്രതീകങ്ങള്‍. ജനിച്ചുപോയ ജാതി സമൂഹത്തില്‍ താഴന്നതെന്ന് കണക്കാക്കപ്പെടുന്നതിനാല്‍ അടിമത്തമനോഭാവം പേറി ജീവിയ്ക്കുന്നവര്‍. സവര്‍ണദുരഭിമാനത്തിനെതിരെ വാതോരാതെ പ്രസംഗിക്കുന്നവര്‍ ഇതും കൂടി കണക്കിലെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. തമിഴ്നാട്ടില്‍ ആത്മാഭിമാനപ്രസ്ഥാനത്തിലൂടെ (Self Respect Movement) പെരിയര്‍ ചെയ്തത് ഈ അടിമത്തമനോഭാവത്തിനെതിരെ പടപൊരുതുകയായിരുന്നു. സവര്‍ണതയെ എതിര്‍ക്കുന്നതിലൂടെ മാത്രം ജാതിചിന്ത ഇല്ലാതാവില്ല എന്ന് തിരിച്ചറിഞ്ഞ മഹാനായിരുന്നു പെരിയര്‍ എന്ന ഇ.വി രാമസ്വാമി.

No comments:

Post a Comment