Pages

Sunday, June 16, 2013

സൂര്യപ്രകാശത്തില്‍ തൂങ്ങിക്കിടക്കുന്ന ആ ചെറു നീലത്തരി


DrKamaljith Abhinav

സൌരയൂഥത്തിന്റെ പരിധി ഭേദിച്ചു പുറത്തേക്ക് പോകുന്ന വോയേജര്‍ പേടകം നാന്നൂറ് കോടി മൈല്‍ ദൂരെനിന്നു പകര്‍ത്തിയ ഭൂമിയുടെ ചിത്രമാണ് ഇത് .

ഒരു ചെറു നീലത്തരി മാത്രം . അതാണ്‌ ഇവിടം . അതാണ്‌ നാം . നാം ഇതുവരെ സ്നേഹിച്ചവരും വെറുത്തവരും അറിഞ്ഞവരും അറിയാത്തവരും , ഇതുവരെ ജനിച്ച എല്ലാ മനുഷ്യ ജീവിതങ്ങളും ആ നീലത്തരിയിലാണ് പുഷ്പിക്കുകയും കൊഴിയുകയും ചെയ്തത് . നമ്മുടെ കൊച്ചു സന്തോഷങ്ങളും ദുഖങ്ങളും , ഉദ്ധതമായ മതങ്ങളും തത്വ ശാസ്ത്രങ്ങളും സിദ്ധാന്തങ്ങളും , എല്ലാ ധീരനും ഭീരുവും, എല്ലാ വേട്ടക്കാരനും ഇരയും , എല്ലാ രാജാവും കര്‍ഷകനും , എല്ലാ പ്രണയിതാക്കളും, അച്ഛനും അമ്മയും കുഞ്ഞും , എല്ലാ അഴിമതി വീരനായ രാഷ്ട്രീയക്കാരനും , എല്ലാ സൂപ്പര്‍ താരങ്ങളും ലോക നേതാക്കളും എല്ലാം അവിടെയാണ് . സൂര്യപ്രകാശത്തില്‍ തൂങ്ങിക്കിടക്കുന്ന ആ ചെറു നീലത്തരിയില്‍ .

ഈ നീലത്തരിയുടെ ഒരു കഷ്ണം ഏതാനും നിമിഷത്തേക്ക് തന്റെ സ്വന്തമാക്കാന്‍ ചോരപ്പുഴകള്‍ ഒഴുക്കിയ ചക്രവര്‍ത്തിമാരും സൈന്യാധിപന്മാാരും എത്രയെത്ര . ഈ ചെറു കുത്തിന്റെ ഒരറ്റത്ത് താമസിക്കുന്നവര്‍ മറ്റേ അറ്റത്ത് ജീവിക്കുന്നവര്‍ക്കെതിരെ എന്തെന്തു ക്രൂരതകളാണ് ചെയ്യുന്നത് ? എത്ര കഠിനമായാണ് അവര്‍ പരസ്പരം വെറുക്കുന്നത് .

നമ്മുടെ അഹങ്കാരം നിറഞ്ഞ അട്ടഹാസങ്ങളും ഈ പ്രപഞ്ചത്തില്‍ വിശേഷപ്പെട്ട എന്തോ ആണ് നാം എന്ന മിഥ്യാബോധവുമെല്ലാം ഈ ചിത്രത്താല്‍ വെല്ലുവിളിക്കപ്പെടുന്നു . തമസ്സ് മൂടിയ ജഗത്തിലെ ഒരു ഒറ്റപ്പെട്ട പുള്ളിയായി മാത്രം നാം നമ്മെ തിരിച്ചറിയുന്ന ചിത്രം ! ഈ അന്ധകാരത്തില്‍ , ഈ വിശാലതയില്‍ , നമ്മെ നമ്മില്‍ നിന്ന് തന്നെ രക്ഷിക്കാന്‍ ഒരാളും വരികയില്ലെന്ന യാഥാര്‍ത്ഥ്യം . പരനോടു കരുണ കാട്ടാനും നാമെന്നുമറിഞ്ഞിട്ടുള്ള നമ്മുടെ ഒരേയൊരു ഭവനത്തെ - ആ ചെറിയ നീല പുള്ളിയെ - സംരക്ഷിക്കാനും നമുക്കുള്ള ബാധ്യത വിളിച്ചോതുന്നു , ഈ ചിത്രം .

No comments:

Post a Comment