Pages

Tuesday, December 3, 2013

ഗുരു:

ഗുരു:-

ഗുരു എന്ന പദത്തിന് ധര്‍മ്മാദികളെ ഉപദേശിക്കുന്നവന്‍, ജ്ഞാനി എന്നീ അര്‍ത്ഥങ്ങളുണ്ട്. ഗര്‍ഭധാനം ചെയ്തവന്‍ (പിതാവ്), ഉപനയിച്ചവന്‍, ഓത്തുചൊല്ലിച്ചവന്‍, ചോറുകൊടുത്തുവളര്‍ത്തിയവന്‍, ഭയങ്കരാവസ്ഥയില്‍ നിന്നു രക്ഷിച്ചവന്‍ ഇവര്‍ അഞ്ചുപേരും ഗുരുക്കന്‍മാരായി കരുതിപ്പോരുന്നു.

"ജനിതാ ചോപനേതാ ച
യശ്ച വിദ്യാം പ്രയച്ഛതി
അന്നദാതാ ഭയത്രാതാ
പഞ്ചൈതേ ഗുരവ: സ്മൃതാ:"

ഈ പറഞ്ഞ എല്ലാ അവസ്ഥകളും ചെയ്യാന്‍ പിതാവിനു മാത്രമേ സാധിക്കു എന്നതിനാല്‍ പിതാവാണ് ഏറ്റവും ശ്രേഷ്ഠനായ ഗുരു എന്നു പറയപ്പെടുന്നു.

ശാസ്ത്രവിധിയനുസരിച്ചു ഗര്‍ഭധാനം തുടങ്ങിയ സംസ്കാരകര്‍മ്മങ്ങള്‍ ചെയ്യുകയും ആഹാരം നല്‍കി പോഷിപ്പിക്കുകയും ചെയ്യുന്നവന്‍ ഗുരുവാണെന്ന് മനുവും പറയുന്നു.

"നിഷേകാദീനി കര്‍മാണി
യ: കരോതി യഥാവിധി
സംഭാവയതി ചാന്നേന
സ വിപ്രോ ഗുരുരൂച്യതേ" ( മനുസ്മൃതി - 2.142 )

വിഷ്ണുസ്മ്രുതിയില്‍ ഗുരു ശബ്ദത്തിനു നല്‍കിയിരിക്കുന്ന നിര്‍വചനം താഴെ കൊടുക്കുന്നു.

"ഗുശബ്ദോഹ്യന്ധകാര: സ്യാത്
'രു' ശബ്ദസ്തന്നിരോധക:
അന്ധകാരനിരോധത്വാത്
ഗുരുരിത്യഭിധീയതേ."

( 'ഗു' ശബ്ദത്തിനു അന്ധകാരമെന്നും 'രു' ശബ്ദത്തിനു അതിനെ നിരോധിക്കുന്നത് എന്നും അര്‍ത്ഥം. അതിനാല്‍ അന്ധകാരത്തെ - അജ്ഞാനത്തെ - നിരോധിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ഗുരു ശബ്ദം പറയപ്പെടുന്നു).

പിതാവ്, മാതാവ്, അഗ്നി, അധ്യാപകന്‍, ആത്മാവ് ഇവരഞ്ചും ഗുരുക്കന്‍മാരാണെന്നു മഹാഭാരതം വനപര്‍വ്വം 214-ആം അദ്ധ്യായം 27-ആം ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നു. ശൈവരുടെ വിശ്വാസമനുസരിച്ച് സന്യാസദീക്ഷവരിച്ഛവന് കാഷായവസ്ത്രം, മുണ്ഡനം, ഭസ്മം, രുദ്രാക്ഷം, മന്ത്രം എന്നിവര്‍ ഗുരുക്കന്‍മാരാണ്. ഗുരു, പരമഗുരു (മുഖ്യഗുരു), പരമേഷ്ഠിഗുരു (ആദ്ധ്യാത്മികഗുരു) എന്നിങ്ങനെ ഗുരുക്കന്‍മാരെ വേര്‍തിരിക്കാറുണ്ട്. പണ്ട് ഗുരുക്കന്‍മാര്‍ എത്രമാത്രം ആദരിക്കപ്പെട്ടിരുന്നുവെന്നതിന് പുരാണങ്ങള്‍ സാകഷ്യം വഹിക്കുന്നു.

ആചാര്യപദത്തിന്‍റെ പര്യായമെന്ന നിലയില്‍ ഗുരുശബ്ദം പ്രയോഗിച്ചിട്ടുണ്ട്. ഗുരുലക്ഷണം പറയുന്ന മിക്ക സന്ദര്‍ഭങ്ങളിലും അത് ആചാര്യലക്ഷണവുമാകാറുണ്ട്. എന്നാല്‍ ഇവയ്ക്കു തമ്മില്‍ സാരമായ വ്യത്യാസമുണ്ടെന്ന് സ്മൃതികള്‍ വ്യക്തമാക്കുന്നു. ഗുരുക്കന്‍മാരുടെ കൂട്ടത്തില്‍ ആചാര്യനും സ്ഥാനമുണ്ടെന്നല്ലാതെ ഗുരുക്കന്‍മാരെല്ലാം ആചാര്യന്‍മാരല്ലെന്നു വ്യക്തമാണ്.

No comments:

Post a Comment