സശരീരനായിരുന്ന കാലത്ത് ഗുരു ഒരു ബ്രാഹ്മണക്ഷേത്രത്തിന്റെയും വാതിൽക്കൽ പോയി പ്രവേശനം അനുവദിയ്ക്കാനായി യാചിച്ചിട്ടില്ല . ബ്രാഹ്മണപൌരോഹിത്യത്തെയും അവയുടെ സ്ഥാപനങ്ങളായ 'മഹാക്ഷേത്ര'ങ്ങളെയും പൂർണമായി നിരാകരിച്ച ഗുരു , തന്നെ ആശ്രയിച്ച ജനതയ്ക്ക് സ്വതന്ത്രമായ ആരാധനാ സൗകര്യം നല്കുകയാണ് ഉണ്ടായത് . ജന്തുബലി ഉൾപ്പടെയുള്ള ദുരാചാരങ്ങളിൽ നിന്നും , മനസ്സിൽ ഭീകരത നിറയ്ക്കുന്ന സങ്കൽപ്പങ്ങളിൽ നിന്നും സമൂഹത്തെ രക്ഷിച്ചെടുക്കാൻ പരമ്പരാഗതസൗമ്യസങ്കല്പങ്ങൾ ആദ്യം പ്രതിഷ്ഠിച്ച ഗുരു , കാലക്രമേണ അത്തരം സങ്കൽപ്പങ്ങളിൽ നിന്നും മുന്നോട്ടു നീങ്ങുകയും 'അറിവ്' എന്ന് ആ പ്രപഞ്ചഊർജ്ജത്തെ വിശേഷിപ്പിച്ചതിലൂടെ ജനതയുടെ ബോധമണ്ഡലത്തിലേയ്ക്ക് ഒരു പുതുവെളിച്ചം പകരാൻ ആഗ്രഹിയ്ക്കുകയും ചെയ്തു . പക്ഷെ , സമൂഹത്തെ ബ്രാഹ്മണമതത്തിന്റെ അതിരുകളിൽ തളച്ചിടാൻ വെമ്പൽ കൊണ്ട കുബുദ്ധികൾ 'അറിവിനെ' മറച്ചു വെയ്ക്കുകയും , പുരാണത്തെ അടിസ്ഥാനമാക്കിയുള്ള ദേവതാ സങ്കൽപ്പങ്ങളിൽ തന്നെ സമൂഹമനസ്സിനെ തളച്ചിടുകയും ചെയ്തു . സ്വതന്ത്രമനുഷ്യനായി ജീവിച്ച ഗുരുവിനെ മതത്തിനുള്ളിൽ കൊണ്ട് വരുന്നതിനായി - അതുവഴി അദ്ദേഹത്തിന്റെ അനുയായികളെ സ്വാധീനിക്കുന്നതിനായി - , അദ്ദേഹത്തിന്റെ ഉദ്ദേശങ്ങളേയും , അപ്രകാരം പ്രവർതിച്ചപ്പോഴത്തെ സാമൂഹിക അവസ്ഥയെയും മനസ്സിലാക്കാതെ , അല്ലെങ്കിൽ മനസ്സിലാവാത്ത പോലെ ഭാവിച്ചു കൊണ്ട് , ഗുരുവിന്റെ നവോദ്ധാനമണ്ഡലത്തിലെ ഒരു ഘട്ടം, അല്ലെങ്കിൽ ഒരു ഉപാധി മാത്രമായ പൌരാണികസങ്കൽപ്പ പ്രതിഷ്ടകളെ ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത് . തൃപ്രയാർ ക്ഷേത്രത്തിനു മുന്നിലെ സത്യാഗ്രഹം ഗുരുവിനെ കഥാപാത്രമാക്കിയുള്ള കഥകളി ക്ഷേത്രമതിൽക്കെട്ടിന് അകത്തു വെച്ച് നടത്താൻ അനുവദിയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് എങ്കിൽ , അത് തീർത്തും അനാവശ്യമാണ് . ആശാസ്യമായ നടപടി ഗുരു തന്നെ തന്റെ പ്രവൃത്തിയിലൂടെ കാണിച്ചു തന്നിട്ടുണ്ട് . - ബഹിഷ്കരിയ്ക്കുക , ആരാധിയ്ക്കണം എന്ന് നിങ്ങൾക്ക് നിർബന്ധമുണ്ടെങ്കിൽ നിങ്ങളുടേതായ ആരാധനാലയം നിർമിച്ച് ആരാധിയ്ക്കുക . ആരുടേയും കാലു പിടിച്ചോ , കെഞ്ചിയൊ , ബോധവല്ക്കരിച്ചോ അമ്പലത്തിന് അകത്തു കയറാനോ , ആരാധിയ്ക്കാനൊ ഗുരു ഒരിയ്ക്കൽ പോലും ശ്രമിച്ചിട്ടില്ല . മാത്രമല്ല , അരുവിപ്പുറത്തെ 'നമ്മുടെ ശിവൻ' പൂർണമായും ബ്രാഹ്മണക്ഷേത്രങ്ങളെ നിരാകരിക്കുക മാത്രമായിരുന്നില്ല , ഒരു സ്വാതന്ത്ര്യപ്രഖ്യാപനവും കൂടിയായിരുന്നു . അതിനാൽ , ഗുരുവിന്റെ പാത പിന്തുടരുന്നു എന്ന് തോന്നുന്നവർ ഉണ്ടെങ്കിൽ ബ്രാഹ്മണക്ഷേത്രങ്ങളെ ബഹിഷ്കരിയ്ക്കുക , സ്വതന്ത്രമനുഷ്യരായി ജീവിയ്ക്കുക , അറിവിനെ ഉപാസിയ്ക്കുക . മിനിമം , ഗുരു നേടി തന്ന സ്വാതന്ത്ര്യം ഹിന്ദു മതത്തിന്റെ കാൽച്ചുവട്ടിൽ വീണ്ടും അടിയറ വെയ്ക്കാതിരിയ്ക്കുകയെങ്കിലും ചെയ്യുക . - Amjith Thazhayappadath
No comments:
Post a Comment