Pages

Monday, November 25, 2013

ഹിന്ദു ഐക്യം : ചിന്തിക്കേണ്ട കാര്യങ്ങള്‍ - Kerala Hindus on the pathe to Unity???

Dilimon Vjayansobhana
ഹിന്ദു ഐക്യം : ചിന്തിക്കേണ്ട കാര്യങ്ങള്‍...

ഹിന്ദു ഐക്യത്തിനെ അനുകൂലിച്ചും വിമര്‍ശിച്ചും പല പല ചര്‍ച്ചകളും നടക്കുന്ന അവസരത്തില്‍ ഞാന്‍ എന്റെ മനസിലെ ചിന്തകള്‍ എല്ലാര്‍ക്കുമായി പങ്കുവെയ്ക്കുന്നു. സംശയങ്ങളും അപായഭയങ്ങളും എന്റെ ചിന്തയില്‍ ഉണ്ടാകുന്നു. അവയുടെ കാരണം ഞാന്‍ വ്യക്തമാക്കാം.

(1) ഹിന്ദു ഐക്യം ഉണ്ടാകണം എന്ന് പറയുമ്പോള്‍ തന്നെ ഇപ്പോള്‍ വിഭിന്നതലങ്ങളില്‍ ആണ് ഹിന്ദുക്കള്‍ എന്ന് വ്യക്തമാണ്. മതത്തിന്റെ കാര്യത്തില്‍ വിഭിന്നതലങ്ങള്‍ എന്നാല്‍ വിഭിന്നജാതികള്‍ തമ്മിലുള്ള ഉച്ചനീചത്തങ്ങള്‍ങ്ങള്‍ എന്നാണു അര്‍ഥം. അപ്പോള്‍ ഐക്യത്തിന് ശ്രമിയ്ക്കുന്നവര്‍ ജാതികള്‍ തമ്മിലുള്ള ഉച്ചനീചത്തങ്ങള്‍ മാറ്റിയാല്‍ മാത്രംമതി ഐക്യം സാധ്യമാകാന്‍. അത് മാറുന്നുണ്ടോ? ആത്മാര്‍ഥമായി ഉത്തരം പറഞ്ഞാല്‍ ജാതീയത മാറുകയല്ല, കൂടുകയാണ് ചെയ്യുന്നത്. ഈ സത്യം നിഷേധിയ്ക്കുന്നവര്‍ സത്യതിനു നേരെ കണ്ണടയ്ക്കുന്നവര്‍ ആണെന്ന് ഒരുസംശയവും ഇല്ല. ഐക്യം നേടാന്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു ഗ്രൂപ്പില്‍ സവര്‍ണര്‍ എന്ന് വിളിയ്ക്കപ്പെടുന്നവര്‍ക്ക് ഗുരുദേവനെ ആരാധിയ്ക്കുക എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എന്തോ ഒരു വിഷമം. എന്നാല്‍ സ്വാമി രാഘവേന്ദ്ര അല്ലെങ്കില്‍ ആചാര്യസ്വാമികള്‍ എന്നിവരെ ആരാധിയ്ക്കാമോ എന്ന എന്റെ ഒരു സുഹൃത്തിന്റെ ചോദ്യത്തിന് അതും പാടില്ല എന്നാ ഉത്തരം പറയാന്‍ അവരുടെ മനസ് അനുവദിയ്ക്കുന്നില്ല. എന്താണ് കാരണം? ഹിന്ദു ഐക്യം ഉണ്ടാക്കണം എന്ന് വാദിയ്ക്കുന്ന ഏതു ഈഴവനെക്കാളും ബ്രഹ്മത്വവും, അറിവും, യോഗ്യതയും ഉള്ള ഗുരുദേവനെ ഇന്നുപോലും സവര്‍ണര്‍ വേര്‍തിരിവോടെ കാണുന്നു. കാരണം എന്താ? ഗുരുദേവന്‍ ഈഴവ സമുദായത്തില്‍ ജനിച്ചുപോയി എന്നതുതന്നെ കാരണം. ഈഴവ സമുദായത്തില്‍ ജനിച്ചുപോയതിനാല്‍ ഗരുഡനെ ജാതിയുടെ പേരില്‍ അംഗീകരിയ്ക്കാന്‍ തയാരാകാത്ത സവര്‍ണ ഈച്ചകള്‍ ഈഴവജാതിയില്‍ പിറന്ന മറ്റു ഈച്ചകളെ അംഗീകരിയ്ക്കുമോ? അമ്ഗീകരിയ്ക്കും എന്ന് തോന്നുന്നു എങ്കില്‍ ഇനം ഇനത്തിനോട് ചേരും എന്ന് മനസിലാക്കിയാല്‍ മതി. ഗുരു വെളിയില്‍ നില്‍ക്കട്ടെ, ഞാന്‍ അകത്തു കയറാം എന്ന ഭാവം. ആദ്യം ജാതി വ്യത്യാസം ഇല്ലാതാക്കാന്‍ ശ്രമിയ്ക്കൂ. ഐക്യം താനേ വന്നോളും.

(2) ഒന്നിച്ചു ചേരണം എങ്കില്‍ ഒന്നിച്ചു നിര്‍ത്തുന്ന ഒരു ഘടകം തീര്‍ച്ചയായും വേണം. സൌരയൂഥത്തിനെ ഒന്നിച്ചു നിര്‍ത്തുന്ന സൂര്യന്റെ ആകര്‍ഷണ ബലംപോലെ ഒന്നിച്ചു നില്‍ക്കുന്ന എല്ലാറ്റിലും ഒന്നിപ്പിയ്ക്കുന്ന ഒരു ശക്തി കാണാം. ഹിന്ദുക്കളെ ഇപ്പോള്‍ ഒന്നിപ്പിയ്ക്കുന്ന ശക്തി എന്താണ്? വളരെ രസകരമായ ഉത്തരമാണ് ഇതിനുള്ളത്. ന്യൂ നപക്ഷങ്ങള്‍ എല്ലാം കയ്യടക്കുന്നു. അവരെ ഒന്ന് നിയന്ത്രിയ്ക്കണം. ഇതാണ് ഹിന്ദുക്കള്‍ ഒന്നിയ്ക്കാനുള്ള ശക്തിയായി പലരും പറയുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക്‌ വലിയ ഒരു നമസ്കാരം. ഹിന്ദുക്കളെ ഒന്നിപ്പിയ്ക്കാനുള്ള ശക്തിയായി നില്‍ക്കുന്നത് അവരാണല്ലോ. അപ്പോള്‍ ഈ ന്യൂനപക്ഷങ്ങളെ ഒന്ന് ഒതുക്കിയാല്‍ ഹിന്ദുക്കളെ ഒന്നിപ്പിയ്ക്കുന്ന ശക്തി തീര്‍ന്നു. വേറെ എന്തെങ്കിലും ശക്തി അവശേഷിയ്ക്കുന്നുണ്ടോ? ഇല്ല എന്നതല്ലേ സത്യം? അപ്പോള്‍ ഹിന്ദു പിളരും, വീണ്ടും സവര്‍ണന്‍ മുകളിലാകും അവര്‍ണന്‍ താഴെയാകും. കാരണം ജാതി വ്യത്യാസം ഇല്ലാതായ ശേഷം അല്ലല്ലോ ഹിന്ദുക്കള്‍ ഐക്യം ഉണ്ടാക്കിയത്. നമ്മുടെ കുഞ്ഞുങ്ങളെ വീണ്ടും ജാതിക്കോട്ടയിലേയ്ക്ക്, ജാതി ഭ്രാന്താലയതിലെയ്ക്ക് നമ്മള്‍ തന്നെ എറിഞ്ഞു കൊടുക്കണോ?

ഇതെല്ലാം എഴുതി എങ്കിലും ഹിന്ദുക്കള്‍ ഒന്നാകണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. ഹിന്ദു ഒന്നാകണം എങ്കില്‍ അതിനു ഗുരുദേവനെ ഗുരുവായി അംഗീകരിച്ച് ഗുരു പറഞ്ഞ പ്രായോഗിക വഴിയിലൂടെ സഞ്ചരിയ്ക്കണം. ജാതിപോക്കാന്‍ ഓരോരുത്തരും ആത്മാര്‍ഥമായി ശ്രമിയ്ക്കണം. ഹിന്ദുക്കള്‍ ജാതിചോദിയ്ക്കരുത്, ജാതി പറയരുത്, ജാതി ചിന്തിയ്ക്കരുത്. നമ്മള്‍ ഒരു ജാതി, അത് മനുഷ്യജാതി. ഹിന്ദു ഐക്യം ഉണ്ടാകാന്‍ ഈ ഉറപ്പു ഓരോരുത്തരും മനസ്സില്‍ ഉണ്ടാക്കിയാല്‍ മാത്രം മതി . ആത്മാര്‍ഥമായി ഗുരുവിനെ വിചാരിച്ചു ഇത് നടപ്പിലാക്കാന്‍ ശ്രമിയ്ക്കുക. അല്ലാതെ ശ്രമങ്ങള്‍ ഇപ്പോള്‍ വിജയിച്ചാലും പിന്നീട് വന്‍ പരാജയമാകും.

No comments:

Post a Comment