മലബാറിലെ അടിച്ചമര്‍ത്തപെട്ട ജനലക്ഷങ്ങളുടെ നവോഥാന വഴിയിലെ ഒരു നാഴികകല്ല് ആണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രം . 1904 ഇല് വരദൂര്‍ കണിയില്‍ കുഞ്ഞികണ്ണന്‍ എന്ന ഗുരുദേവ ഭക്തന് , തലശ്ശേരിയില്‍ ഒരു ക്ഷേത്രം എന്ന നിര്‍ദ്ദേശം ഗുരുവിന്റെ അടുക്കല്‍ അവതരിപ്പിച്ചു . ആവശ്യം കേട്ട ഗുരുദേവന് അതൊരു നല്ല ആശയമെന്നു കണ്ടു അനുമതി നല്‍കുകയും , ഇതിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് പഠിക്കുവാന്‍ ഒരു സമിതി രൂപീകരിക്കുവാനും . അതിലേയ്ക്ക് തന്റെ പ്രതിനിധി ആയി മഹാ കവി കുമാരന് ആശാനെ ക്ഷണിക്കുവാനും നിര്‍ദ്ദേശിച്ചു. അതിന് പ്രകാരം കുമാരനാശാന്റെ ചുമതലയില്‍ ഈ ആവശ്യത്തിലേക്ക് ഒരു സമിതി രൂപീകരിച്ചു .
പ്രസ്തുത സമിതിയുടെ ആദ്യ യോഗം ചെറുവാരി ഗോവിന്ദന് ശിരസ്തദാരുടെ "പറമ്പത്ത് "വീട്ടില്‍ വച്ച് 1905 ജൂലൈ 9 )o തീയതി നടന്നു .
യോഗത്തില്‍ അധ്യക്ഷത വഹിച്ച കുമാരനാശാന് , മലബാറിലെ തിയ്യ സമുദായത്തിന്റെപിന്നോക്കാവസ്ഥയ്ക്ക് കാരണം അവരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ അഭാവം ആണെന്ന് അഭിപ്രായപെട്ടു. അതിനാല്‍ അവരുടെ വിശ്വാസങ്ങളെ അടിസ്ഥാനമാകി ഒരു സംഘടനയ്ക്ക് രൂപം കൊടുക്കണമെന്നും , അതിന്റെ ആവശ്യകതയെ കുറിച്ച് ജനങ്ങളെ ബോധാവാന്മാരാക്കണമെന്നും ആശാന് കൂട്ടിച്ചേര്‍ത്തു . അതിനുശേഷം പ്രസംഗിച്ച മൂര്‍ക്കോത്തു കുമാരന് തന്റെ സ്വത സിദ്ധമായ ശൈലിയില്‍ ഈ ആവശ്യം ജനങ്ങളെ ബോധിപ്പിക്കുകയും അവരുടെ അംഗീകാരം അതിനായി നേടുകയും ചെയ്തു . പിന്നീടു ഇതിനായി ഒരു ഉപ സമിതി രൂപീകരിച്ചു പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു .
1905 ജൂലൈ 16 ന് ഒണ്ടേല് രാമുണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിതിയുടെ രണ്ടാമത്തെ യോഗത്തില്‍ കുമാരനാശാന് സമിതിയ്ക്ക് "ജ്ഞാനോദയയോഗം" എന്ന പേര് നിര്‍ദ്ദേശിക്കുകയും അത് യോഗം അംഗീകരിക്കുകയും ചെയ്തു . " വടക്കെ മലയാളത്തിലെ ശ്രീ ജ്ഞാനോദയയോഗം" എന്ന പേരില്‍ ഈ യോഗം നിയമം വഴി രെജിസ്റ്റര്‍ ചെയ്യപെട്ടു . ശ്രീ ചെരുവേരി അച്യുതനെ സെക്രട്ടറി ആയും , വരദുരിനെയും , എം പി കണ്ണനെയും ഖജാന്‍ജിയുമായി യോഗം തെരഞ്ഞെടുത്തു . അതിനുശേഷം ജൂലൈ 30 നും , ഓഗസ്റ്റ് 6 , ഓഗസ്റ്റ് 13 സെപ്റ്റംബര്‍ 3 തീയതികളിലും സമിതി യോഗം ചേര്‍ന്ന് ക്ഷേത്രം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
1906 മാര്‍ച്ച് മാസം 17 തീയതി ആയിരുന്നു ഗുരുദേവ തൃപ്പാദങ്ങളുടെ ആദ്യ തലശ്ശേരി സന്ദര്‍ശനം . ഗുരുവിന്റെ നിര്‍ദ്ദേശ പ്രകാരം സന്ദര്‍ശനം പരസ്യമാക്കിയിരുന്നില്ല . ഏതാനും ദിവസങ്ങള്‍ക്കു ശേഷം മാര്‍ച്ച് 22 ആം തീയതി ഗുരുദേവന് , ക്ഷേത്ര നിര്‍മ്മാണത്തിനായി ജ്ഞാനോദയം കണ്ടെത്തിയ " നടത്തില്‍ പറമ്പ് " സന്ദര്‍ശിച്ചു . തൊട്ടടുത്ത ദിവസത്തിലെ ശുഭ മുഹൂര്‍ത്തത്തില്‍ ശ്രീ നാരായണ ഗുരുദേവന് ക്ഷേത്രത്തിന്റെ പ്രാഥമിക നടപടികള്‍ക്ക് തുടക്കം കുറിച്ചു .
1906 ഏപ്രില്‍ മാസം 21 ആം തീയതി മഹാകവി കുമാരനാശാന്റെ സാന്നിധ്യത്തില്‍ രാമുണ്ണി വക്കില്‍ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു . ഏകദേശം ഒരു വര്‍ഷം കൊണ്ട് 7500 രൂപ സമാഹരിക്കുവാന്‍ യോഗത്തിനു കഴിഞ്ഞു . ഈ തുക കൊണ്ട് ക്ഷേത്ര നിര്‍മ്മാണം പുരോഗമിച്ചു . അങ്ങിനെ ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1908 ഫെബ്രുവരി 13 ആം തീയതി ഗുരുദേവ തൃപ്പാദങ്ങള്‍ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ കര്‍മ്മം നടത്തി . ശ്രീ ജഗന്നാഥ ക്ഷേത്രം എന്ന് നാമകരണം ചെയ്ത ഗുരു , ക്ഷേത്ര ഭരണവും , ആചാര , അനുഷ്ടാന സമ്പ്രദായങ്ങളും വര്‍ക്കല ശിവഗിരി മഠത്തിന്റെ കീഴില്‍ നിക്ഷിപ്തമാക്കുകയും ചെയ്തു .
അങ്ങിനെ മലബാറിലെ പിന്നോക്ക സമൂഹത്തിന്റെ ആരാധന സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലെ ഒരു സുപ്രധാന ചുവടു വെയ്പ്പ് ആയിരുന്നു ജഗന്നാഥ ക്ഷേത്രം . അതോടൊപ്പം മറ്റ് ചില സവിശേഷതകളും ഈ ക്ഷേത്രത്തിനു ഉണ്ട് . അതില്‍ പ്രധാനം , മൂര്‍ക്കോത്തു കുമാരന് എന്ന യുഗപുരുഷന്റെ ശ്രമ ഫലമായി 1924 ഇല് , ഗുരുദേവന്റെ സാന്നിധ്യത്തില്‍ ഈ ക്ഷേത്രം ഹരിജനങ്ങള്‍ക്കായി തുറന്നു കൊടുത്തു എന്നതാണ് . അത് കേരളത്തില്‍ സാമൂഹ്യ നീതിയുടെ ഒരു പുതുയുഗ പിറവി തന്നെ ആയിരുന്നു .
മറ്റൊന്ന് ശ്രീ നാരായണ ഗുരുദേവന് ജീവിച്ചിരുന്നപ്പോള്‍ തന്നെ ആ പുണ്യാത്മാവിന്റെ പ്രതിഷ്ഠ സ്ഥാപിച്ച ഏക ക്ഷേത്രം എന്ന പ്രത്യേകതയും തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന് അവകാശപ്പെട്ടതാണ് . 1927 മാര്‍ച്ചുമാസം 12 ആം തീയതി ബ്രഹ്മശ്രീ ബോധാനന്ദ സ്വാമികള്‍ ആ പുണ്യ കര്‍മ്മം നിര്‍വഹിച്ചു . സുപ്രസിദ്ധ ഇറ്റാലിയന്‍ ശില്പി ആയ പ്രൊഫ . തവരേലി ആണ് പഞ്ചലോഹത്തില്‍ ഗുരുദേവന്റെ രൂപം സൃഷിച്ചത് .
No comments:
Post a Comment