മോഡി ശിവഗിരിയിൽ വന്നാലെന്താ?
ഡോ.ബി. അശോക്
കലാകാലങ്ങളിൽ കേരളത്തിൽ നമ്മൾ ചില "അയിത്തങ്ങൾ' സ്വയം പ്രഖ്യാപിക്കാറുണ്ട്. ബി.ജെ.പിയുടെ കേന്ദ്രനേതാവും പാർലമെന്ററി ബോർഡംഗവും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ശിവഗിരിയിൽ വരുന്നതിൽ എന്തപാകതയാണുള്ളത്? ഗുജറാത്തിൽ മൂന്നുവട്ടം തുടർച്ചയായി ജനങ്ങൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് മോഡി . അവിടുത്തെ സമ്പദ്ഘടനയിലെ കൃഷി, വ്യവസായം, തുറമുഖം എന്നീ മേഖലകളിലെല്ലാം മോഡിയുടെ കാലത്ത് ആശാവഹമായ പുരോഗതിയുണ്ടായി എന്നു തന്നെയാണ് കാണുന്നത്. ഒറ്റപ്പെട്ട കലാപങ്ങൾ, ശിശു മരണനിരക്ക്, പോഷകാഹാര ലഭ്യത എന്നിവയിലൊക്കെ വികസന ധനശാസ്‌ത്രജ്ഞന്മാർക്ക് രണ്ടഭിപ്രായവുമുണ്ട്. ഇത് ഏതു സംസ്ഥാനത്താണില്ലാത്തത്? കേരളത്തിൽ പട്ടിണി മരണങ്ങളില്ലേ?
2002ലെ കലാപങ്ങളിൽ ഗുജറാത്തിൽ പലയിടത്തും അരുതാത്തത് സംഭവിച്ചു എന്നത് ശരിയാണ്. ന്യൂനപക്ഷ സമുദായങ്ങളിലെ നിരപരാധികൾ കൊല്ലപ്പെടുന്നതു തടയാൻ സർക്കാരിന് വേണ്ടവണ്ണമായില്ല. ആ അവസരത്തിൽ ന്യൂനപക്ഷങ്ങൾക്ക് വേണ്ടത്ര സുരക്ഷ നൽകുന്ന കാര്യത്തിൽ മോഡിക്ക് വീഴ്ച പറ്റിയെന്നു തന്നെയാണ് വിലയിരുത്തൽ.
എന്നാൽ, സമാനമായ അവസ്ഥയും "വംശഹത്യ'യുമല്ലേ 1984ൽ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് ഡൽഹിയിൽ ഉണ്ടായത്? രണ്ടായിരം സിക്കുകാർ അന്ന് കോൺഗ്രസ് നേതാക്കൾ നയിച്ച കലാപകാരികളാൽ കൊല്ലപ്പെട്ടില്ലേ? കലാപം തടയുന്നതിൽ പരാജയപ്പെട്ടതിലെ ഭരണവൈകല്യം ചൂണ്ടിക്കാട്ടിയപ്പോൾ "വൻമരങ്ങൾ വീഴുമ്പോൾ...' എന്ന മട്ടിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധി പ്രതികരിച്ചത് വിവാദമായി മാറിയിരുന്നു. ഭരണകാലത്ത് വംശീയകലാപം സംഭവിച്ചു എന്നതാണ് മോഡിയുടെ അക്ഷന്തവ്യമായ അപരാധമെങ്കിൽ ഈ സിക്ക്‌വിരുദ്ധ കലാപത്തിനു ശേഷവും രാജീവ് ഗാന്ധിയും സോണിയയും പ്രധാനമന്ത്രിയും ശിവഗിരിയിൽ വന്നു. ഒരു മുറുമുറുപ്പും ഉണ്ടായില്ല. സിക്കുകാരെന്താ ഇന്ത്യക്കാരല്ലേ? അന്നൊന്നും സിക്കുകാരുടെ വികാരം പ്രതിഫലിക്കുമാറ് ഇവിടെയാരും പ്രതികരിച്ചില്ലല്ലോ? മോഡി ശിവഗിരിയിൽ വരുന്നതിനെ എതിർക്കുന്നവരുടെ മനസ്സിലിരിപ്പ് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.
മോഡിയുടെ വിമർശകർ പറയുമ്പോലെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലോ പ്രവർത്തനത്തിലോ കാഴ്ചപ്പാടിലോ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ ശ്രീനാരായണഗുരുവിന്റെ ദർശനം അദ്ദേഹം മനസ്സിലാക്കി സ്വീകരിക്കുന്ന മുറയ്ക്ക് അദ്ദേഹത്തിന്റെ വ്യക്തിത്വം കൂടുതൽ സ്ഫുടം ചെയ്യപ്പെടും. ശ്രീനാരായണ ദർശനം മോഡിക്ക് ഉടൻ ലഭ്യമാക്കുകയാണ് വേണ്ടത്.
മോഡിയോ മറ്റേതെങ്കിലും "തൊട്ടുകൂടാത്ത' ബി.ജെ.പി നേതാവോ തിരഞ്ഞെടുക്കപ്പെട്ട് പ്രധാനമന്ത്രിയായാൽ നമ്മുടെ സംസ്ഥാന നേതാക്കളാരും പോയി കാണില്ലേ?
ഒരു കാര്യം നമ്മൾ മനസ്സിലാക്കണം. മോഡി ഭരിക്കുമ്പോഴായാലും രാജീവ് ഗാന്ധി ഭരിക്കുമ്പോഴായാലും എ.കെ. ആന്റണി ഭരിക്കുമ്പോഴായാലും നിർഭാഗ്യവശാൽ രാഷ്‌ട്രീയ, സാമുദായിക ഭീകരതകൾ അവരുടെ ചുമതലയുള്ള സ്ഥലങ്ങളിൽ അരങ്ങേറിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ നിർഭാഗ്യവശാൽ പ്രതികളായ കൊലപാതകങ്ങൾക്ക് ഇവിടെ ഒരു ഓർമ്മിപ്പിക്കൽ വേണോ? ഇതിന്റെയൊന്നും അടിസ്ഥാനത്തിൽ ആരെയും ഇന്നുവരെ ശിവഗിരിയിൽ നിന്നകറ്റി നിറുത്തിയിട്ടില്ല. ശിവഗിരിയിൽ പൊലീസ് നടപടി സ്വീകരിച്ച എ.കെ. ആന്റണിയെപ്പോലും മഠം അകറ്റിനിറുത്തിയിട്ടില്ല. ഒരാളെയും അകറ്റുന്നതും അയിത്തം കൽപ്പിക്കുന്നതും ശ്രീനാരായണീയതയല്ല.
കലാപഭൂമിയിൽനിന്നു കൊലക്കത്തിയുമായി ഓടിവന്ന് പശ്ചാത്തപിക്കുന്ന കൊലയാളിയെപ്പോലും ഉൾക്കൊള്ളേണ്ടതാണ് ഒരു സന്യാസി മഠം. നരേന്ദ്ര മോഡിയുടെ ചരിത്രത്തിലോ പരിപാടിയിലോ ശ്രീനാരായണദർശനത്തിനു വിരുദ്ധമായതെന്തെങ്കിലുമുണ്ടെങ്കിൽ അത് തുറന്ന് അദ്ദേഹത്തോട് പറയാനുള്ള ആർജ്ജവം ശിവഗിരി മഠത്തിന് ഉണ്ടാകണം. പരസ്പരം ഒരു സംഭാഷണത്തിൽ എന്താണ് അപാകത? മോഡിയോടുള്ള പല പ്രമാണിമാരുടെയും കണ്ണുകടി അദ്ദേഹം ഒരു പിന്നാക്കക്കാരനായതിനാലാണെന്ന് കൂടി നമ്മൾ കാണണം.
സന്യാസിമാർക്ക് യഥേഷ്ടം അതിഥികളെ ക്ഷണിക്കാനും സ്വീകരിക്കാനും പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥ സാക്ഷര കേരളത്തിൽ ചിലർ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ലജ്ജാകരമാണ്. മോഡി പറയുന്നതു കേട്ടു വെറും ഗോക്കളെപ്പോലെ വോട്ടുചെയ്യുന്നവരാണ് ശ്രീനാരായണീയർ എന്ന പരോക്ഷ ഉപാലംഭവും ഇതിൽ മറഞ്ഞിരിക്കുന്നു.
മോഡി വന്നു പ്രസംഗിച്ചതു കൊണ്ടൊന്നും കേരളത്തിലെ രാഷ്‌ട്രീയരംഗത്തിന്റെ പരിമിതികളവസാനിക്കില്ല. എന്നാൽ അദ്ദേഹം വന്നുകൂടെന്നും സംസാരിച്ചുകൂടെന്നും പറയുന്നവർ അഭിപ്രായസ്വാതന്ത്ര്യത്തിനും ശ്രീനാരായണ ദർശനത്തിനും എത്രയോ ദൂരെയാണെന്നതും ന്യൂനപക്ഷ വോട്ടുകൾ സംഭരിച്ച് തിരുവനന്തപുരത്തെ "കുർസി'ക്കുള്ള നോട്ടത്തിലാണെന്നും വേണം ധരിക്കാൻ. ശിവഗിരി മഠത്തിലെ പ്രസംഗപീഠത്തിൽ ചിലർക്കെന്തോ കുത്തകാവകാശമുണ്ടെന്നു തോന്നും അവരുടെ വാദമുഖങ്ങൾ കേട്ടാൽ. ഒരുതരം ഉടമസ്ഥാവകാശം.
കൂട്ടത്തിലൊന്നുകൂടി: മഠത്തിന്റെ ക്ഷണം രണ്ടു വട്ടം നിരസിച്ച ഒരു ദേശീയതാരമാണ് രാഹുൽ ഗാന്ധി. ഒരാഴ്ച മുൻപ് മലപ്പുറത്ത് ഒരു ചെറുസമ്മേളനത്തിൽ വരാൻ സമയമുണ്ടായിരുന്ന രാഹുൽ ഗാന്ധി ദേശീയ നേതൃനിരയിലേക്ക് ഉയരാനാഗ്രഹിക്കുന്നെങ്കിൽ ശിവഗിരിയിലെത്തി ശ്രീനാരായണദർശനം തന്റെ വീക്ഷണത്തെ എങ്ങനെ സമൃദ്ധമാക്കുന്നു എന്നൊരു മികച്ച പ്രഭാഷണം നടത്തുകയാണ് വേണ്ടിയിരുന്നത്. ഇതുവരെയുള്ള മൂന്ന് അവസരങ്ങളും അദ്ദേഹം നിരസിക്കുകയായിരുന്നു. മാനേജ്‌മെന്റ് ഗുരുക്കന്മാരും ടെക്‌നോക്രാറ്റുകളും ഉപദേശിക്കുന്നതു പോലെ പ്രവർത്തിക്കുന്ന രാഹുലിന് ശിവഗിരിയിലെത്താനുള്ള ഉപദേശം ലഭിക്കാത്തത് അവരുടെ കാഴ്ചപ്പാടില്ലായ്മയാണ് തുറന്നുകാട്ടുന്നത്.
ഡിസംബറിൽ ശിവഗിരി തീർത്ഥാടന മഹാമഹവും പിന്നീട് അരുവിപ്പുറം പ്രതിഷ്ഠയുടെ 125ാം വാർഷികവും രാഹുൽ ഗാന്ധി "തിരക്കുകൾ കാരണം' ഒഴിവാക്കിയിരുന്നു. ഭാരതീയരെയാകെ സ്വാധീനിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന ഒരു നേതാവിന്റെ സാമൂഹ്യശാസ്‌ത്ര ഗൃഹപാഠം എത്ര ദുർബലമാണെന്നതാണ് ഇതു തുറന്നുകാട്ടുന്നത് എന്നും പറയാതെ വയ്യ. —
No comments:
Post a Comment