Pages

Monday, June 24, 2013

നിങ്ങളിൽ ആരാണ് തെറ്റിന്റെ പ്രലോഭനത്തിൽപ്പെട്ടു പോയത്?

Sajeev Krishnan
ഈ ആഴ്ചയിലെ ഗുരുസാഗരം Keralakaumudi

കഴിഞ്ഞദിവസം എല്ലാവരും കാൺകെ ഒരു ഭക്തൻ കാണിക്കപ്പെട്ടിയിൽ അർപ്പിച്ച സ്വർണനാണയങ്ങൾ കാണുന്നില്ല. ആരാണ് അതെടുത്തതെന്നറിയാൻ ശിഷ്യർ അന്തേവാസികളെ മുഴുവൻ ഗുരുവിന്റെ മുന്നിൽ എത്തിച്ചിരിക്കുകയാണ്.
ഗുരു എല്ലാമുഖങ്ങളിലേക്കും നോക്കി:

"പറയൂ, നിങ്ങളിൽ ആരാണ് തെറ്റിന്റെ പ്രലോഭനത്തിൽപ്പെട്ടു പോയത്?"

ആരും ഒന്നും മിണ്ടിയില്ല.

കഴിഞ്ഞദിവസം ആ സ്വർണനാണയങ്ങളുമായി വന്ന ഭക്തനോട് "എന്തിനാണ് പൊന്ന്? നമുക്കാവശ്യമില്ല" എന്നായിരുന്നു തൃപ്പാദങ്ങൾ മൊഴിഞ്ഞത്. എന്നാൽ അയാൾ ആ നാണയങ്ങൾ നേർച്ചപ്പെട്ടിയിൽ ഇട്ട് മടങ്ങുകയായിരുന്നു. അതുമൂലം ഇതാ ആശ്രമാന്തരീക്ഷത്തെ കലുഷമാക്കിയിരിക്കുന്നു. ഇനി മോഷ്ടിച്ചയാളെ കണ്ടെത്തണം. തെറ്റിൽനിന്ന് മോചിപ്പിക്കണം. പ്രകൃതിയെ സ്വാധീനിക്കാം പക്ഷേ, മായാമോഹിതമായ മനുഷ്യമനസിനെ സ്വാധീനിക്കുക പ്രയാസംതന്നെ. അതുകൊണ്ടാണല്ലോ, `പ്രകൃതിപിടിച്ച് ചുഴറ്റിടും പ്രകാരം സുകൃതികൾ പോലുമഹോ ചുഴന്നിടുന്നു;' എന്ന് ആത്മോപദേശ ശതകത്തിൽ എഴുതിയത്. ഏറ്റുപറഞ്ഞ് മാപ്പപേക്ഷിച്ചാൽ പൊറുക്കാൻ തയ്യാറായ ഒരു ഹൃദയവുമായാണ് തൃപ്പാദങ്ങൾ മോഷ്ടാവിനോട് സ്വയം വെളിപ്പെടാൻ ആവശ്യപ്പെട്ടത്. അതുണ്ടായില്ല. സംസാരസമുദ്രത്തെ താണ്ടി സത്യത്തിന്റെ മറുകരയിലെത്താൻ ഒപ്പം പുറപ്പെട്ടവരിൽ ഒരാൾ മോഹാന്ധകാരത്തിലേക്ക് പിന്തിരിഞ്ഞു നിൽക്കുന്നതുകണ്ട് ആഴമേറുന്ന ആ മഹസിൽ സങ്കടത്തിരയൊന്നിളകി. മൗനം വാക്കുകൊണ്ടുടച്ച് തൃപ്പാദങ്ങൾ മൊഴിഞ്ഞു: "എങ്കിൽ പൊലീസിനെ വിളിക്കാം."

ശിഷ്യർപോലും അതുകേട്ട് ഞെട്ടി. പണ്ട് അരുവിപ്പുറത്ത് ഒരു വാഴക്കുല മോഷ്ടിച്ച കള്ളനെ അന്തേവാസികളുടെ പരാതിയെത്തുടർന്ന് കെട്ടിയിട്ട് അടിക്കാൻ കോടതി ഉത്തരവിടാൻ പോകുന്നു എന്നറിഞ്ഞ്, "നാം ഇനി അങ്ങോട്ടില്ല. ആ സാധുവിന്റെ ആർത്തനാദത്താൽ മലീമസമായ വായു സന്യാസിക്ക് എങ്ങനെ ശ്വസിക്കാൻ സാധിക്കും" എന്ന് വിലപിച്ച ഗുരുദേവൻ ഇപ്പോൾ ആദ്യമായി കളവിന്റെ പേരിൽ പൊലീസിനെ വിളിക്കാൻ ഒരുങ്ങുന്നു. `ഒരു നേരത്തെ അന്നത്തിനുവേണ്ടി പൊതുസ്ഥലമായ ആശ്രമത്തിൽനിന്ന് ഭക്ഷ്യവസ്തു എടുത്തവൻ എങ്ങനെ കള്ളനാകും. ഇവിടെ അതല്ലല്ലോ സംഭവിച്ചിരിക്കുന്നത്. കഴിക്കാൻ ഭക്ഷണവും ഉടുക്കാൻ വസ്ത്രവും ഏത് അന്തേവാസിക്കും ലഭ്യമാണ്. എന്നിട്ടും ഒരാൾ പാപം ചെയ്തിരിക്കുന്നു. അതാണ് തൃപ്പാദങ്ങളെ കടുത്ത തീരുമാനത്തിൽ എത്തിച്ചിരിക്കുന്നത്.' അവർ പരസ്പരം ഇങ്ങനെ പറഞ്ഞ് ഗുരുവിന്റെ മനസ് വ്യാഖ്യാനിക്കാൻ ശ്രമിച്ചു. അത് ശ്രദ്ധിക്കാതെ ആൾക്കൂട്ടത്തിൽ നിന്ന് ഒരാളെ ഗുരു അടുത്തേക്ക് വിളിച്ചു.
"നീ പോയി പൊലീസിനെ വിളിച്ചുകൊണ്ടുവരിക."

അയാൾ ആജ്ഞ ശിരസാവഹിച്ച് ന‌ടന്നകലുന്നത് കണ്ട് ഗുരു നിർന്നിമേഷനായി നോക്കിയിരുന്നു. സന്ധ്യയായി. പൊലീസിനെ വിളിക്കാൻ പോയ അന്തേവാസി വന്നില്ല. ശിഷ്യർ പരിഭ്രമത്തോടെ ഗുരുസവിധത്തിലെത്തി.

"അയാൾക്ക് ഇനി വരാനാവില്ല." എന്നുമാത്രമേ ഗുരുദേവൻ മൊഴിഞ്ഞുള്ളൂ .
സ്വർണനാണയം മോഷ്ടിച്ചയാളെ ഗുരുവിന് തിരിച്ചറിയാൻ സാധിച്ചിരുന്നു. അതുകൊണ്ടാണ് പൊലീസിനെ വിളിക്കാൻ അയാളെത്തന്നെ നിയോഗിച്ചതും. ഇനി ഈ തപോഭൂവിൽ കാലുകുത്താൻ അയാൾക്ക് സാധിക്കില്ലെന്നും ഗുരുദേവനറിയാമായിരുന്നു.

മോഹാന്ധകാരത്തിൽ അകപ്പെടാത്തവർ ഭൂലോകവാസികളിൽ വിരളമാണ്. തെറ്റുപറ്റിയാൽ അതേറ്റുപറഞ്ഞ് ശിക്ഷയേറ്റുവാങ്ങാനും പിന്നെ ആവർത്തിക്കാതിരിക്കാനും കഴിയണം. അതിനുള്ള വിവേകം ഉണരാത്തവരെ രക്ഷിക്കാൻ ദൈവത്തിനുപോലും സാധ്യമല്ല. അങ്ങനെയുള്ളവർ പവിത്രമായ ഇടങ്ങളിൽ വസിച്ചാൽ അവിടം നിരന്തരം മലിനപ്പെട്ടുകൊണ്ടേയിരിക്കും.

ഭാര്യയും കുഞ്ഞുങ്ങളും പട്ടിണികിടക്കുന്നതുകണ്ടിട്ട് സഹിക്കവയ്യാതെ ആശ്രമത്തിലെ പ്ളാവിൽ നിന്ന് ചക്ക മോഷ്ടിച്ചയാളെ പിടിച്ചുകെട്ടി കൊണ്ടുവന്നപ്പോൾ, "നീയെന്തിനാണ് രാത്രിവന്ന് ചക്കയെടുത്തത്. പകൽ വന്ന് എടുത്തുകൂടേ? രാത്രിവന്നാൽ കാലിൽ മുള്ളുതറയ്ക്കുകയോ പാമ്പുകടിക്കുകയോ ചെയ്യുമല്ലോ" എന്നു പറഞ്ഞ് ഗുരുദേവൻ ആശ്വസിപ്പിച്ചുവിട്ടു. പൊതു സ്ഥലങ്ങളിൽ പ്ളാവുകൾ നടുന്നതിനെ ഗുരു പ്രോത്സാഹിപ്പിച്ചതുതന്നെ പരിസരത്ത് പട്ടിണി അനുഭവിക്കുന്ന പാവങ്ങളെ കരുതിയിട്ടായിരുന്നു. എന്നാൽ ധനസമ്പാദനത്തിനായുള്ള കളവും കൊള്ളയും വച്ചുപൊറുപ്പിക്കരുതെന്നായിരുന്നു ഗുരുവിന്റെ അഭിപ്രായം. `അസ്തേയം' എന്ന ഗുണം എല്ലാവരും സ്വയം വളർത്തിയെടുക്കണമെന്ന് ഗുരു ഉപദേശിച്ചു. അന്യന്റെ മുതൽ ആഗ്രഹിക്കരുത് എന്നതാണ് അസ്തേയം. ഇത്തരം ഗുണങ്ങൾ ശീലിച്ചുവന്നവർ വേണം സമൂഹത്തിന്റെ നേതൃസ്ഥാനങ്ങളിൽ ഇരിക്കാൻ. സത്യധർമ്മാദിമൂല്യങ്ങൾ പാലിക്കുന്നവർ നേതൃസ്ഥാനത്ത് ഇരിക്കുമ്പോൾ കളവും തട്ടിപ്പും കൈമുതലാക്കിയവർക്ക് അവിടെ നിലനിൽക്കാനാവില്ല. അവർ സ്വയം തിരുത്തുകയോ അല്ലെങ്കിൽ അവിടംവിട്ടുപോകുകയോ ചെയ്യും.

കളവും ഹിംസയും മദ്യാസക്തിയും വ്യഭിചാരശീലവും ദൈവനിന്ദയാണെന്നബോധം ഗർഭസ്ഥിതനായിരിക്കുമ്പോൾ മുതൽക്ക് കുഞ്ഞിന് ലഭ്യമാക്കണം. ഗർഭകാലത്ത് ദമ്പതികൾ ബ്രഹ്മചര്യം ആചരിക്കാനും പ്രാർത്ഥനാനിർഭരരായിരിക്കാനും ഗുരു ഉപദേശിക്കുന്നുണ്ട്. ഗർഭിണി അഹിതമായതൊന്നും കാണാതെയും അറിയാതെയും ഈശ്വരചിന്തയോടെ ഇരിക്കണം. കുഞ്ഞു ജനിച്ച ശേഷം നല്ല ചിത്രങ്ങൾ കാട്ടി അവന്റെ ബോധതലത്തെ നന്മയിലേക്ക് ഉണർത്തണം. നല്ല സാരോപദേശ കഥകളും പാട്ടുകളും കൊണ്ട് തിന്മ ചെയ്യുന്നത് പാപമാണെന്ന ബോധം നൽകണം. ചെറുപ്പകാലത്ത് ഇങ്ങനെ ശീലിക്കുന്നവർ വലുതാകുമ്പോൾ പ്രലോഭനങ്ങളിൽപ്പെട്ടുപോയാലും നേരായ ഇടപെടലിലൂടെ പിന്തിരിപ്പിക്കാൻ സാധിക്കും. ചെയ്തത് തെറ്റാണെന്ന് ഒരുവന്റെ അന്തക്കരണം മന്ത്രിക്കുമ്പോൾ മാത്രമേ ഈശ്വരനുപോലും അവനിൽ പരിവർത്തനം വരുത്താൻ സാധിക്കൂ.

അന്യന്റെ കണ്ണീരുവീണ സമ്പാദ്യം അനുഭവിച്ച്
വളരുന്ന കുട്ടികൾ തമസിൽജനിച്ച് തമസിൽത്തന്നെ ജീവിക്കാൻ വിധിക്കപ്പെട്ടവരാകുന്നു. വളർത്തുന്നവർക്കുപോലും അവരിൽനിന്ന് നീതി ലഭിക്കില്ല. ഇത്തരം അവബോധം നല്കാൻ പര്യാപ്തമായ വിദ്യാഭ്യാസകേന്ദ്രങ്ങളോ ആത്മീയകേന്ദ്രങ്ങളോ ഇന്ന് നമുക്കില്ലാതെ പോകുന്നു. എല്ലായിടത്തും പണമാണ് മാനദണ്ഡം. അദ്ധ്യാപകനാവാനും വിദ്യാർത്ഥിയാവാനും പണമെറിയേണ്ടിവരുന്ന സമൂഹത്തിൽ ധർമ്മികതയെക്കുറിച്ചുപറയാൻ ആരാണ് അവശേഷിക്കുക? ദൈവത്തെ സേവിക്കുന്ന സമൂഹത്തിൽ ജനിക്കുന്നവർ ദൈവത്തെ തേടും. പണത്തെമാത്രം സേവിക്കുന്ന സമൂഹത്തിൽ ജനിച്ചുവളരുന്നവർ എവിടെയും പണം മാത്രം തേടുന്നു. അതിന് തട്ടിപ്പെന്നോ വെട്ടിപ്പെന്നോ മാർഗഭേദമില്ല.
`നീ കട്ടില്ലേ?' എന്നു ചോദിക്കുമ്പോൾ `നീയും കട്ടിട്ടുണ്ടല്ലോ' എന്നു പറയുന്നവരാൽ ഭരിക്കപ്പെടുന്നവരാണ് നാം. `നിങ്ങളിൽ ആരാണ് തെറ്റിന്റെ പ്രലോഭനത്തിൽപ്പെട്ടുപോയത്?' എന്നു ചോദിക്കാൻ അർഹതയുള്ളവർ ആരും ആചാര്യസ്ഥാനത്ത് ഇല്ലാതെ പോയി.

തലശേരിയിൽ വിഗ്രഹമുണ്ടാക്കാൻ ഫോട്ടോയെടുക്കാൻവന്നയാളോട് രസപ്പടം എടുക്കാമോ എന്ന് ചോദിച്ചു ഗുരുദേവൻ. രസപ്പടം എടുക്കാനുള്ള വിദ്യ അന്നും ഇന്നും നമുക്കറിയാതെപോയി. അന്നേ അതിനു കഴിഞ്ഞിരുന്നെങ്കിൽ പൊലീസിനെ വിളിക്കാൻ ഇപ്പോൾ ആളെ വിടാമായിരുന്നു.

No comments:

Post a Comment