Pages

Sunday, May 19, 2013

ക്ഷേത്രാവശിഷ്ടങ്ങള്‍ക്കായി പൂനൂര്‍ പുഴയില്‍ വീണ്ടും തിരച്ചില്‍ നടത്തി



കോഴിക്കോട്:പൂനൂര്‍ പുഴയിലെ ചെറുവറ്റകടവില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ക്കായി നാട്ടുകാര്‍ വീണ്ടും തിരച്ചില്‍ നടത്തി. വേനല്‍ കടുത്തതോടെ പുഴവെള്ളം വറ്റിപ്പോയ സ്ഥലത്തുനിന്ന് പ്രതിഷ്ഠാ പീഠത്തിന്റെയും ക്ഷേത്രസോപാനത്തിന്റെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

കഴിഞ്ഞദിവസം നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലാണ് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ബലിപീഠവും നാഗപ്രതിമയും സോപാനത്തിന്റെയും തൂണുകളുടെയും അവശിഷ്ടങ്ങളുമാണ് കണ്ടെത്തിയത്. ഇവ മൂഴിക്കല്‍ പള്ളിയറക്കല്‍ ദേവീക്ഷേത്രത്തിന് സമീപം സൂക്ഷിച്ചിട്ടുണ്ട്. പുഴയില്‍ കൂടുതല്‍ കരിങ്കല്‍ സ്തൂപങ്ങളും കിരാതമൂര്‍ത്തി വിഗ്രഹവും നരസിംഹ മൂര്‍ത്തി വിഗ്രഹവും ഉണ്ടെന്ന് നാട്ടുകാര്‍ അവകാശപ്പെട്ടു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ടതെന്ന് കരുതുന്ന മഠത്തില്‍ കുന്നുമ്മല്‍ വിഷ്ണുക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു. നിലവില്‍ ജലഅതോറിറ്റി പ്ലാന്റ് നില്‍ക്കുന്നതിന് സമീപമായാണ് ക്ഷേത്രം സ്ഥിതിചെയ്തിരുന്നത്. ജലഅതോറിറ്റിയുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് സമീപവും ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

അവശിഷ്ടങ്ങള്‍ പുരാതന ക്ഷേത്രത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നതിനാല്‍ അതേപേരില്‍ ക്ഷേത്രം നിര്‍മിക്കാനാണ് നാട്ടുകാര്‍ ശ്രമിക്കുന്നത്. അതിനായി മഠത്തില്‍ കുന്നുമ്മല്‍ വിഷ്ണുക്ഷേത്ര പരിപാലന കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കമ്മിറ്റി ഭാരവാഹികളായി കുവളത്തൂര്‍ അപ്പുക്കുട്ടി (പ്രസി.), കല്ലില്‍ ഷാജി(സെക്ര.), പി.കെ. മുരളി (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ കളക്ടര്‍, എ.ഡി.എം., ആര്‍.ഡി.ഒ,സ്‌പെഷല്‍ ബ്രാഞ്ച് തുടങ്ങിയ അധികൃതരെ വിവരമറിയിച്ചിട്ടുണ്ടെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.

അതേസമയം, പുരാവസ്തുവകുപ്പ് അധികൃതര്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ പരിശോധിക്കാത്തതിനാല്‍ കാലപ്പഴക്കം നിര്‍ണയിക്കാന്‍ സാധിച്ചിട്ടില്ല. വിഗ്രഹങ്ങള്‍ കണ്ടെത്തിയതിനുശേഷം പരിശോധന നടത്തി കാലഘട്ടം നിര്‍ണയിക്കുമെന്ന് ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍ 'മാതൃഭൂമി'യോട് പറഞ്ഞു. ഓരോ കാലത്ത് നിര്‍മിക്കപ്പെട്ട വിഗ്രഹങ്ങള്‍ക്കും ഓരോ ശൈലിയാണ്. അതില്‍നിന്ന് കാലഘട്ടം എളുപ്പത്തില്‍ തിരിച്ചറിയാം. വിഗ്രഹങ്ങള്‍ കണ്ടെത്തിയാല്‍ പുരാവസ്തു വകുപ്പ് അധികൃതര്‍ എത്തി പരിശോധിക്കുമെന്നും എം.ജി.എസ്. പറഞ്ഞു.

http://www.mathrubhumi.com/kozhikode/news/2289060-local_news-Kozhikode-കോഴിക്കോട്‌.html

No comments:

Post a Comment