Pages

Tuesday, April 23, 2013

ഗുരുദേവനെ നിന്ദിക്കുന്ന ചരിത്രം മാത്രമുള്ള സിപിഎം നേതാക്കള്‍


വന്ദിക്കുന്നവരും നിന്ദിക്കുന്നവരും
ഗാന്ധിജിയുടെ ജന്മനാട്ടില്‍ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്‌ മികച്ച ഭരണാധികാരിയെന്ന്‌ പരക്കെ പേരെടുത്ത ഒരു വ്യക്തി വരുമ്പോള്‍ പ്രതീക്ഷയോടെ കാണേണ്ടതായിരുന്നു. പകരം പ്രതിഷേധമുയര്‍ത്തനാണ്‌ ചിലര്‍ തുനിഞ്ഞിറങ്ങിയിട്ടുള്ളത്‌. അതില്‍ മുന്നില്‍ നില്‍ക്കുന്നതാകട്ടെ സിപിഎമ്മും അതിന്റെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനും. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദി നാളെയാണ്‌ ശിവഗിരിയിലെത്തുന്നത്‌. ശ്രീശാരദാ പ്രതിഷ്ഠയുടെ 101-ാ‍ം വാര്‍ഷികവും ശ്രീനാരായണ മീമാംസാ പരിഷത്തിന്റെ കനകജൂബിലി സമാപന വാര്‍ഷികവുമായി ബന്ധപ്പെട്ട ചടങ്ങുകളുടെ ഉദ്ഘാടനമാണ്‌ പരിപാടി. സംഘാടകരായ ശിവഗിരി മഠാധികൃതര്‍ സ്നേഹപൂര്‍വ്വം ക്ഷണിച്ചതിനെ തുടര്‍ന്നാണ്‌ അദ്ദേഹം ശിവഗിരിയിലെത്തുന്നത്‌.

ശിവഗിരി മതാതീയ ആത്മീയ കേന്ദ്രമാണെന്നും എന്നാല്‍ അത്‌ ഹിന്ദുമഠമാക്കി മാറ്റാനാണ്‌ ശ്രമമെന്നുമാണ്‌ സിപിഎമ്മിന്റെ ആരോപണം. ക്ഷണിച്ചവരെയും ക്ഷണം സ്വീകരിച്ച മോദിയെയും കണക്കിന്‌ വിമര്‍ശിക്കാന്‍ സിപിഎമ്മും ഘടക പാര്‍ട്ടികളും ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്‌. ശിവഗിരി മഠത്തിന്റെ പരിപാടിയില്‍ ആര്‌ അതിഥിയാകണമെന്ന്‌ തീരുമാനിക്കാനുള്ള അവകാശം മഠത്തിനുണ്ട്‌. സിപിഎമ്മിന്റെ പരിപാടിയില്‍ ആരെ പങ്കെടുപ്പിക്കണം എന്ന അവകാശം അവര്‍ക്കുള്ളതുപോലെ തന്നെയാണിത്‌. മതാതീത ആത്മീയതയാണ്‌ ശിവഗിരിയുടെ മുഖമുദ്രയെങ്കില്‍ അതില്‍ സിപിഎമ്മിന്റെ സംഭാവനയെന്താണ്‌. മത ആത്മീയതയോട്‌ വിരക്തിയും മതാതീത ആത്മീയതയോട്‌ ഭക്തിയുമാണോ സിപിഎമ്മിനുള്ളത്‌. ഇവ തമ്മിലുള്ള വ്യത്യാസമെന്താണ്‌. മതാതീതം എന്നാല്‍ മതമില്ലാത്തത്‌ എന്ന അര്‍ത്ഥമുണ്ടോ? മതനിഷേധമായ എന്തെങ്കിലും പദ്ധതിയും പരിപാടിയും ഗുരുദേവന്‍ ആവിഷ്കരിച്ചിട്ടുണ്ടോ? ശ്രീനാരായണ ഗുരുദേവനെ സിപിഎം എന്നെങ്കിലും അംഗീകരിച്ചിട്ടുണ്ടോ? ഇല്ലെന്നുള്ളതിന്റെ തെളിവാണ്‌ അരുവിപ്പുറം പ്രതിഷ്ഠയുടെ ശതാബ്ദി ആഘോഷ വേളയില്‍ കാണാനിടയായത്‌.

1988 ഫെബ്രുവരിയിലായിരുന്നു ആഘോഷ ചടങ്ങുകള്‍ നടന്നത്‌. പരിപാടിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി ആയിരുന്ന ഇഎംഎസ്‌ നമ്പൂതിരിപ്പാടിനെയും ബിജെപി നേതാവ്‌ എല്‍.കെ.അദ്വാനിയെയും ശിവഗിരി മഠവും അരുവിപ്പുറം ചടങ്ങിന്റെ സംഘാടകരും ക്ഷണിച്ചതാണ്‌. ദല്‍ഹിയില്‍ നിന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ എല്‍.കെ.അദ്വാനി എത്തി. തിരുവനന്തപുരത്തുണ്ടായിട്ടും നമ്പൂതിരിപ്പാട്‌ ചടങ്ങില്‍ പങ്കെടുത്തില്ലെന്ന്‌ മാത്രമല്ല, അന്നത്തെ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ “ശ്രീനാരയണഗുരുവിന്റെ ചിന്താഗതികള്‍ക്കെല്ലാം പിന്തിരിപ്പന്‍ സ്വഭാവമാണുള്ളത്‌” എന്നാണെഴുതിയത്‌. ഇഎംഎസ്‌ മരിക്കുന്നതുവരെ ആ സമീപനത്തില്‍ മാറ്റം വരുത്തിയിട്ടില്ല. സിപിഎം അതിനെ തള്ളിപ്പറഞ്ഞിട്ടുമില്ല. ഗുരുദേവനെ നിന്ദിക്കുന്ന ചരിത്രം മാത്രമുള്ള സിപിഎം നേതാക്കള്‍ ശിവിഗിരി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്യൂ നില്‍ക്കാറുണ്ട്‌. എന്നാല്‍ ഗുരുദേവന്‍ നടത്തിയ ശ്രീശാരദാ പ്രതിഷ്ഠയ്ക്കു മുന്നില്‍ചെന്ന്‌ കൈകൂപ്പാന്‍ ഒരിക്കലും തയ്യാറായിട്ടില്ല.

ഒരു ആത്മീയ കേന്ദ്രത്തെയും മതവല്‍ക്കരിക്കേണ്ട ആവശ്യം ബിജെപിക്കോ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കോ ഇല്ല. എല്ലാ ആത്മീയതയ്ക്കും മതമുണ്ട്‌. മതമില്ലാത്ത ആത്മീയത മുതലയില്ലാത്ത മുതലക്കുളം പോലെയോ തേക്കില്ലാത്ത തേക്കിന്‍കാടുപോലയോ ആണ്‌. ശ്രീനാരായണഗുരുവിനെ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ മാത്രം പുകഴ്ത്തുന്ന പാരമ്പര്യമല്ല നരേന്ദ്രമോദിക്കും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിനുമുള്ളത്‌. 1967 ല്‍ ഭാരതീയ ജനസംഘത്തിന്റെ അഖിലേന്ത്യാ സമ്മേളനം കോഴിക്കോട്‌ നടത്തിയത്‌ ‘ശ്രീനാരായണ ഗുരുദേവന്‍ നഗറി’ലാണ്‌. ആര്‍എസ്‌എസിന്റെ പ്രാതഃസ്മരണീയരായ ആചാര്യന്മാരില്‍ പ്രമുഖസ്ഥാനം ഗുരുദേവന്‌ നല്‍കിയിട്ട്‌ അര നൂറ്റാണ്ടെങ്കിലും പിന്നിട്ടു. ഇത്‌ കൊട്ടിപ്പാടി നടന്ന പാരമ്പര്യം സംഘത്തിനില്ല. ആര്‍എസ്‌എസിന്റെ പരമാധ്യക്ഷന്‍ മോഹന്‍ജി ഭാഗവത്‌ മുതല്‍ ഏറ്റവും ഒടുവില്‍ അശോക്‌ സിംഗാള്‍ വരെ ശിവഗിരിയിലെത്തി ആദരവ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. ശിവഗിരിയെ വോട്ടുബാങ്കായി കാണുകയല്ല ആത്മീയ കേന്ദ്രമായി എന്നെന്നും നിലനില്‍ക്കണമെന്നാണ്‌ ഇവരൊക്കെ ആഗ്രഹിക്കുന്നത്‌. ശിവഗിരിയെ കുരുതിക്കളമാക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടവരുണ്ടായിരുന്നു. അവര്‍ മദനിക്ക്‌ മഠത്തില്‍ താവളമൊരുക്കി. മദ്യവും മാരകായുധങ്ങളും ശാരദാപ്രതിഷ്ഠയ്ക്കടുത്തുവരെ കൊണ്ടുവച്ച്‌ ആത്മീയ കേന്ദ്രത്തെ മലീമസമാക്കി. അന്നും ചിത്രത്തിലെവിടെയും ഇല്ലാത്ത ആര്‍എസ്‌എസിനെ പഴിചാരാന്‍ തുനിഞ്ഞിറങ്ങിയവരുണ്ടായിരുന്നു. അവര്‍ക്ക്‌ നേതൃത്വം നല്‍കിയവരും പ്രോത്സാഹനം കൊടുത്തവരുമാണ്‌ ഇന്നും എന്നും ഗുരുവിനെയും ഗുരുദേവ സന്ദേശങ്ങളെയും നിന്ദിച്ചുപോരുന്നത്‌. എന്നാല്‍ ഗുരുവിനെ വന്ദിക്കുന്നവരെ അപഹസിക്കുന്ന പ്രവണതയാണ്‌ അവര്‍ക്കിന്നുമുള്ളത്‌.

ഗുരുദേവന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും എസ്‌എന്‍ഡിപി യോഗം വ്യാപിപ്പിക്കാനും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ്‌ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ ശക്തമായ നീക്കം നടത്തിയപ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ അണികളെ ആയുധമണിയിച്ചവരാണ്‌ ഇപ്പോള്‍ നരേന്ദ്രമോദിക്കെതിരെ തിരിഞ്ഞിട്ടുള്ളത്‌. ഇതിനു പിന്നില്‍ ഗുരുഭക്തിയല്ല. ഗുരുദേവനെ കേരളത്തിന്‌ പുറത്ത്‌ അവതരിപ്പിക്കുന്നതിലെ അസഹിഷ്ണുതയാണ്‌ പ്രകടിപ്പിക്കുന്നത്‌.

No comments:

Post a Comment