Pages

Wednesday, September 26, 2012

ശ്രീനാരായണഗുരുദർശനം സ്കൂൾ പാഠ്യപദ്ധതിയിൽ




ശ്രീനാരായണ ഗുരുദേവ ദർശനം അടുത്ത അദ്ധ്യയന വർഷം മുതൽ സ്കൂൾ തലം തൊട്ട് പ്ളസ്ടു വരെയുളള പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ചെന്പഴന്തിയിലെ ശ്രീനാരായണ പഠനകേന്ദ്രം ഗുരുദേവന്റെ ദർശനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെപ്പറ്റി പഠിച്ച് റിപ്പോർട്ട് നൽകാൻ പ്രൊഫ. എം. കെ. സാനു ചെയർമാനായി കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുരുദേവ ദർശനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താലേഖകരോട് പറഞ്ഞു.

നാല്, ആറ് ക്ളാസുകൾ ഒഴികെ പന്ത്രണ്ടാം ക്ളാസു വരെയുള്ള മലയാളം, സാമുഹ്യപാഠം എന്നിവയുടെ പാഠഭാഗങ്ങളിലാണ് ഗുരുദേവ ദർശനം ഉൾപ്പെടുത്തുക. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എൻ.സി. സി. ഇ. ആർ. ടി ഡയറക്ടർ അടുത്ത അദ്ധ്യയന വർഷം മുതൽ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടിയെടുക്കാമെന്ന് ശുപാർശ ചെയ്തിരുന്നു. ഇതിനുള്ള അനന്തര നടപടികൾ കരിക്കുലം കമ്മിറ്റി സ്വീകരിക്കും.
ശ്രീനാരായണ ഗുരുദേവൻ കേരളത്തിന്റെ സാമൂഹ്യ- സാംസ്കാരിക- ആദ്ധ്യാത്മിക രംഗത്ത് ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. കേരളത്തിൽ എന്നും നമ്മൾ അഭിമാനിക്കുന്ന സമുദായ സൗഹാർദ്ദത്തിന് ഏറ്റവും വലിയ ശക്തി ഗുരുദേവന്റെ ആശയങ്ങളാണ്. പുതിയ തലമുറയ്ക്ക് ഈ ആശയങ്ങൾ കൂടതൽ അറിയുന്നതിനായി അവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് സമൂഹത്തിലെ എല്ലാ വിഭാഗത്തിലുംപെട്ടവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.



Source: keralakaumudi.com

No comments:

Post a Comment