Pages

Thursday, July 4, 2013

ശിവഗിരി മഠത്തിനും ശാരദാനന്ദ സ്വാമികള്‍ക്കും ഒരു തുറന്ന കത്ത്- A letter to the Saradhananda Swami and Sivagiri mutt

ഉത്തരാഖണ്ഡ് പ്രളയത്തില്‍ അകപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട ആയിരക്കണക്കിന് തീര്‍ഥാടകരില്‍ ഉള്‍പ്പെട്ട ശിവഗിരി മഠത്തിലെ സന്യാസിമാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതില്‍ സംസ്ഥാന സര്ക്കാര് കൈക്കൊണ്ട നടപടികള്‍ അങ്ങേയറ്റം നിരുത്തരവാദപരവും , പ്രതിക്ഷേധാര്ഹവും എന്നത്തില്‍ ആര്‍ക്കും വിയോജിപ്പുണ്ടാവുകയില്ല .അതേസമയം പ്രസ്തുത വിഷയത്തില്‍ ശിവഗിരി മഠത്തിലെ സന്യാസിമൂഹം സെക്രട്ടറിയേറ്റ്‌ നടക്കല്‍ നടത്തിയ നിരാഹാരസമരം സംബന്ധിച്ച് ധര്‍മ്മസംഘാംഗം ശ്രീമദ് ശാരദാനന്ദ സ്വാമികള്‍ ദൃശ്യമാധ്യമങ്ങളുമായി നടത്തിയെ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് ഈ കത്തിന്‍റെ അടിസ്ഥാനം .

സ്വാമികള്‍ ചോദ്യരൂപേണ പറഞ്ഞവാക്കുകള്‍ " ബോധിമഠത്തില്‍ പെട്ടുപോയ സന്യാസിമാര്‍ ഹിന്ദു സന്യാസിമാരായതുകൊണ്ടാണോ സര്‍ക്കാര്‍ അലംഭാവം കാട്ടുന്നത് " എന്നായിരുന്നു . ചോദ്യത്തിന്‍റെ രണ്ടാം ഭാഗത്തോട് പൂര്‍ണ്ണമായി യോജിക്കുമ്പോള്‍ തന്നെ ശിവഗിരി മഠത്തോടും സന്യാസി സമൂഹത്തോടുമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടും ചോദിച്ചുകൊള്ളട്ടെ ശിവഗിരി മഠം ഹിന്ദുമതസ്ഥാപനംമെന്നും അവിടുത്തെ സന്യാസിമാര്‍ ഹിന്ദു സന്യാസിമാര്‍ എന്നുമുള്ള സ്വാമികളുടെ വാക്കുകള്‍ എത്രകണ്ട് ശരിയാണ് ? അങ്ങയുടെ വാക്കുകള്‍ മനപൂര്‍വ്വമെങ്കില്‍ അതുവഴി ശ്രീനാരായണ പരമഗുരുവും ഹിന്ദു സന്യാസി ആയിരുന്നുവെന്ന് പരോക്ഷമായി സമര്‍ഥിക്കുകയല്ലേ അങ്ങ് ചെയ്തത് ? ആയതിനാല്‍ ഈ വാക്കുകള്‍ കടുത്ത ഗുരുദേവ നിന്ദയും ശ്രീനാരായണ ദര്‍ശനത്തെ തന്നെ വികൃതമാക്കി അവതരിപ്പിക്കലുമാണെന്ന് ആ പുണ്യ പാദങ്ങളെ പിന്തുടരാന്‍ ആഗ്രഹിക്കുന്ന ഒരുവന് സംശയം തോന്നിയാല്‍ അവനെ കുറ്റപ്പെടുത്താന്‍ ആവുമോ ?

തന്‍റെ പരമ്പരയായി ആധ്യാത്മികലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കുകയും തന്‍റെ ദര്‍ശനം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സമൂഹം ഉണ്ടാകണമെന്ന ഗുരുവിന്‍റെ ആഗ്രഹ പൂര്‍ത്തീകരണമാണ് , ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ ചിതറികിടന്നിരുന്ന ശിഷ്യഗണത്തെ ഒന്നിച്ചിണക്കി ആ മഹാനുഭാവന്‍ രൂപംകൊടുത്ത ധര്‍മ്മസംഘം . ശ്രീനാരായണ ധര്‍മ്മസംഘത്തില്‍ അംഗമായ ആളുകള്‍ സന്യാസാശ്രമം സ്വീകരിച്ചവരാണ് . അതായത് ഭൗതികമായ സര്‍വ്വതിനെയും ത്യജിച്ചവര്‍ .ജാതി , മതം എന്നുള്ളവ ഭൗതികമായ ഒന്നാകയാല്‍ ധര്‍മ്മസംഘത്തില്‍ പെടുന്നവര്‍ക്ക് മതം പ്രമാണമാകുന്നതെങ്ങിനെയാണ് .ഗുരുവിന്റെ ശിഷ്യഗണത്തില്‍ എല്ലാവിഭാഗത്തിലും പെട്ട ആളുകള്‍ ഉണ്ടായിരുന്ന എന്ന വസ്തുത വിസ്മരിച്ചുകൂടാ . ധര്‍മ്മസംഘത്തിന്‍റെ നിയമാവലി എന്നനിലയ്ക്ക് ഗുരു രചിച്ചു നല്‍കിയ ആശ്രമം കൃതിയില്‍ ഗുരു പറയുന്നത് ആരോക്കെയാണോ ഈ സംഘടനയില്‍ ചേരുന്നത് അവരൊക്കെ സഹോദരഭാവത്തില്‍ വര്‍ത്തിക്കണം എന്നാണ് .

“ അധിഷ്ഠായാസ്യ നേതൃത്വം
കുര്യാത് കാഞ്ചിത് സഭാം ശുഭാം ;
അസ്യാമായാന്തി യേ തേ സ്യു :
സര്‍വ്വേ സോദരബുദ്ധയ :”, ജീവിതത്തിന്‍റെ ഏതു തുറയില്‍ പെട്ടവര്‍ക്കും ധര്‍മ്മസംഘത്തില്‍ അംഗമാകാമെന്നിരിക്കെ അവിടെയുള്ളവര്‍ ഹിന്ദുവെന്ന് മുദ്ര ചാര്‍ത്തി അവതരിക്കപ്പെടുമ്പോള്‍ ഗുരു വിഭാവനം ചെയ്ത സോദരഭാവം എങ്ങിനെ കൈവരും ?.

ഗുരുവിന്‍റെ ആദ്യ സിലോണ്‍ സന്ദര്‍ശന വേളയില്‍ നടന്ന ഒരുസംഭവം ഇതോടൊപ്പം ചേര്‍ത്തു വായിക്കുന്നത് ഉചിതമെന്ന് തോന്നുന്നു.ഗുരുവിന്‍റെ ചൈതന്യത്തില്‍ ആകൃഷ്ടനായ ഒരു ഇസ്ലാംമതവിശ്വാസി ആ പുണ്യാത്മാവിന്‍റെ പദങ്ങളെ പിന്തുടരാന്‍ തീരുമാനിക്കുകയും ഗുരുവിന്‍റെ രണ്ടാം സന്ദര്‍ശനവേളയില്‍ ഹിന്ദുനാമം സ്വീകരിച്ച് ഗുരു സന്നിധിയില്‍ എത്തി തന്‍റെ ആഗ്രഹം ഗുരുവിനെ അറിയിക്കുകയും ചെയ്തു . അയാളിലെ മാറ്റം തിരിച്ചറിഞ്ഞ ഗുരു ഇസ്ലാമായി ഇരുന്നുകൊണ്ട് തന്നെ ശിഷ്യനായി തുടരാന്‍ ഉപദേശിക്കുകയാണ് ഉണ്ടായത്.

സര്‍വ്വത്ര സത്യം തിരിച്ചറിഞ്ഞ് ഭേദചിന്ത വെടിഞ്ഞ സമദര്‍ശിയാവണം സന്യാസിയെന്ന് ഗുരു ആശ്രമം കൃതിയിലൂടെ വ്യക്തമാക്കിതരുന്നു . ഭേദചിന്ത കൈവെടിഞ്ഞ ഒരു സന്യാസി എങ്ങിനെയാണ് ഒരു വിഭാഗത്തെ മാത്രം പ്രതിനിധാനം ചെയ്യുന്ന വക്താവായി മാറുന്നത് ? . ഭേദചിന്ത കൈവെടിയാതെ ശ്രീനാരായണ ധര്‍മ്മസംഘത്തിലെ അംഗമാവുക എന്നത് കാണിക്കുന്നത് ഗുരുദേവ ദര്‍ശനത്തോടുള്ള ബഹുമാനക്കുറവിനെയോ , അറിവില്ലായ്മയെയോയാണ് . ആത്മോപദേശശതകത്തില്‍ ഗുരു പറയുന്നു “അവനിവ .....” ഈ സത്യമറിഞ്ഞാല്‍ മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ജാതിമത ചിന്തകള്‍ക്ക് യാതൊരുവിധ അടിസ്ഥാനവുമില്ലെന്ന് ബോധ്യമാകും . ആ ബോധ്യത്തെ അറിഞ്ഞു പ്രവര്‍ത്തിക്കേണ്ടവരാണ് ധര്‍മ്മസംഘത്തിലെ സന്യാസിസമൂഹമെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവാന്‍ ഇടയില്ല .

ഗുരുവിനെ ഹിന്ദുസന്യാസിയായും ശിവഗിരി മഠത്തെ ഹിന്ദുമത സ്ഥാപനമായും സമര്ഥിക്കാനുള്ള ബോധപൂര്‍വ്വമായ ഒരു നീക്കം പല കോണുകളില്‍നിന്നും ഉണ്ടാകുന്നുണ്ട് .ഇത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ് .ഗുരുവിന്‍റെ വിപ്ലാവത്മക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ട അരുവിപ്പുറം ശിവ പ്രതിഷ്ഠ ഗുരു നടത്തിയത് സാമ്പ്രദായിക ഹൈന്ദവ അനുഷ്ഠാനങ്ങളെ പിന്തുടര്‍ന്നായിരുന്നോ ? ഗുരുവിന്‍റെ സാന്നിധ്യംകൊണ്ടും സമാധികൊണ്ടും പുണ്യഭൂമിയായ ശിവഗിരിയിലെ പ്രസിദ്ധമായ ശാരദാമഠവും അവിടുത്തെ പൂജാ രീതികളും സസൂക്ഷ്മം പരിശോധിക്കുന്നത് ഈ അവസരത്തില്‍ ഉചിതമാവുമെന്ന് കരുതുന്നു . 1888 ല്‍ അരുവിപ്പുറം ശിവലിംഗ പ്രതിഷ്ഠാനന്തരം അവിടെ ഉയര്‍ന്നുവന്ന ക്ഷേത്രത്തിന്‍റെ ചുവരില്‍ ശ്രീ നാരായണ ഗുരുദേവന്‍ ഇപ്രകാരം എഴുതിവച്ചു
" ജാതിഭേദം മതദ്വേഷ -
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന -
മാതൃകാസ്ഥാനമാണിത് "

ഇതില്‍ മാനവികതയുടെ പ്രധാന തത്വങ്ങള്‍ സംഗ്രഹിച്ചിരിക്കുന്നു .സ്വാതന്ത്ര്യം , സമത്വം , സാഹോദര്യം എന്നീ മാനവികതാ മൂല്യങ്ങള്‍ ആ പദ്യം വിശകലനം ചെയ്‌താല്‍ ഉരുത്തിരിഞ്ഞു വരും . ഒന്നാമതായി മനുഷ്യനെ മനുഷ്യരില്‍നിന്ന് വേര്‍തിരിക്കുകയും , ഒരുകൂട്ടര്‍ ഉത്തമന്മാരും വെറൊരുകൂട്ടര്‍ അധമന്മാരും ആയി കല്‍പ്പിക്കപ്പെട്ട് , രണ്ടാമത് പറഞ്ഞവരില്‍ അയിത്തം ആരോപിച്ചു ആട്ടി അകറ്റുകയും , ഒപ്പം അവരെ ക്രൂരമായ മര്‍ദ്ദനത്തിനും ചൂഷണത്തിനും ഇരയാക്കുകയും ചെയ്യുന്ന ജാതി സമ്പ്രദായം ഇല്ലാതാകണം . എന്ന് പറഞ്ഞാല്‍ മനുഷ്യര്‍ തമ്മില്‍ സമത്വമുണ്ടാകണം . ഈ സമത്വം ഉണ്ടായാല്‍ സ്വാതന്ത്ര്യം താനേ സംജാതമാകും . സ്വാതന്ത്ര്യ ബോധമുള്ളവര്‍ മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യം അനുവദിക്കും . കേരളത്തില്‍ ഗുരു നയിച്ച സാമൂഹിക പരിഷ്കരണ പ്രയത്നങ്ങളുടെയെല്ലാം ലക്‌ഷ്യം എല്ലാത്തരക്കാരുടെയും സ്വാതന്ത്ര്യം ഉറപ്പുവരുത്തുക എന്നതായിരുന്നു .അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിമപ്പെട്ട് കഴിഞ്ഞിരുന്ന ജനതയെ ഗുരു സ്വതന്ത്രരാക്കി . അവരില്‍ ബ്രാഹ്മണന്‍ തൊട്ട് ചണ്ഡാളന്‍ വരെയുള്ളവര്‍ പെടും .
ഗുരു വിഭാവനം ചെയ്യുന്നത് മതദ്വേഷരാഹിത്യമാണ് . ജാതിഭേദവും മതദ്വേഷവും ഇല്ലാതായാല്‍ മനുഷ്യനും മനുഷ്യനും തമ്മില്‍ സാഹോദര്യത്തോടെ ജീവിക്കാവുന്ന ഒരു സമൂഹം നിലവില്‍ വരും എന്ന് ഗുരു ഉറപ്പിച്ചു പറഞ്ഞു . വേറെ ഇടങ്ങളിലും സാഹോദര്യത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്
' നരനും നരനും തമ്മില്‍ സാഹോദര്യമുദിക്കണം ,
അതിന്നു വിഘ്നമായുള്ളതെല്ലാമില്ലതെയാകണം '

പ്രബുദ്ധകേരളത്തില്‍ ഗുരുവിന്‍റെതായി പ്രസിദ്ധീകരിച്ചുവന്ന കത്തില്‍ പറയുന്നു " നാം ജാതി ഭേദം വിട്ടിട്ട് ഇപ്പോള്‍ സംവത്സരങ്ങള്‍ ഏറെ ആയെങ്കിലും ചില പ്രത്യേക വര്‍ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗത്തില്‍ പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്കിട വന്നിട്ടുണ്ടെന്നും അറിയുന്നു .നാം പ്രത്യേക ജാതിയിലോ മതത്തിലോ പെടുന്നില്ല .വിശേഷിച്ചും നമ്മുടെ ശിഷ്യഗണത്തില്‍ മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമിയായി വരത്തക്കവിധം ആലുവ അദ്വൈതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചെര്‍ത്തിട്ടുള്ളൂ എന്നും മേലും ചെര്‍ക്കുകയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു .ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു ." ........

ഇപ്രകാരം ജാതിമത ചിന്തകള്‍ക്ക് അതീതനായിനിന്ന് വിശ്വമാനവികതയുടെ സന്ദേശം ലോകത്തിനു പകര്‍ന്നുനല്‍കിയ വിശ്വഗുരുവായ ശ്രീനാരായണനെയും , അവിടുത്തെ വചനങ്ങളെ ലോകസമൂഹത്തിന് പകര്‍ന്നു നല്‍കുന്നതിനായി രൂപംകൊടുത്ത ധര്‍മ്മസംഘത്തെയും ഏതെങ്കിലും ജാതിമത ചിഹ്നം ചാര്‍ത്തി അവതരിപ്പിക്കുന്നത്‌ ആ പുണ്യപുരുഷനോടുള്ള അനാദരവ് തന്നെയാണ് . മുന്‍പ് ഇതേവിധത്തില്‍ നടന്ന ചില കുത്സിത ശ്രമങ്ങളുടെ വൃണിത ഫലങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ് ശ്രീനാരായണ സമൂഹമെന്ന കാര്യം ധര്‍മ്മസംഘം വിസ്മരിച്ചുകൂടാ . പൂജനീയ ശാരദാനന്ദ സ്വാമികളുടെ വാക്കുകള്‍ അദ്ദേഹത്തിന് അറിയാതെ സംഭവിച്ച ഒരു പിശക് മാത്രമെന്ന് കരുതുവാനാണ് ഈയുള്ളവന് താല്പര്യം . മറിച്ച് അറിഞ്ഞുകൊണ്ട് തന്നെയാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയതെങ്കില്‍ ഏറ്റവും കുറഞ്ഞപക്ഷം തന്‍റെ മന:സാക്ഷിയെതൊട്ട് ഗുരുസമക്ഷമെങ്കിലും തനിക്ക് പറ്റിയ പിഴവ് ഏറ്റുപറയാന്‍ തയ്യാറാവണം . അതുവഴി സ്വാമികളുടെയും ധര്‍മ്മസംഘത്തിന്റെയും യശസ്സ് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുകയേയുള്ളൂ ....

ഗുരുചരണങ്ങളില്‍ പ്രണാമങ്ങളോടെ

ബിനു കേശവന്‍

No comments:

Post a Comment