Pages

Saturday, July 27, 2013

മൃഗബലിയിലെ മതേതരത്വം -Indian secularism

Posted by prathibha rajan  http://keralaflash.com/profiles/blogs/4559161:BlogPost:196042?xg_source=activity

ഇന്ത്യ ഒരു ജനാധിപത്യ രാജ്യത്തിനപ്പുത്തെ സെക്കുലര്‍ രാജ്യം കൂടിയായാണ്. നമ്മുടെ അയല്‍ രാജ്യവും സഹോദര രാജ്യം കൂടിയായിരുന്ന പാക്കിസ്ഥാന്‍ ജനാധിപത്യ രാജ്യമാണെന്ന് പറയാമെങ്കിലും വളരെ ശോഷിച്ചതും ജനാധിപത്യത്തിന് ചേര്‍ന്നതല്ലാത്ത പട്ടാളത്തിന്റെ “വാട” മണക്കുന്നതുമായ രാജ്യമാണ് . തൊട്ടു കിടക്കുന്ന മ്യാന്‍മര്‍ ബുദ്ധ സങ്കല്‍പ്പത്തില്‍ നിന്നും മാറി പട്ടാളത്തിന്റെ അധിനിവേശ സ്വഭാവമുള്ള ജനാധിപത്യ ഭരണമാണെങ്കിലും ഫലത്തില്‍ അവിടെ കയ്യൂക്ക് തന്നെയാണ് ഭരിക്കുന്നത്. ജനാധിപത്യത്തിന്റ പട്ടിക ശോഷിച്ചു വരുന്ന കാഴ്ച ആശങ്കയോടെ നോക്കിക്കാണുന്ന ഇന്ത്യന്‍ ജനത നെടുവീര്‍പ്പിടുന്ന മറ്റൊരു ഭീഷണയാണ് മതേതരം അഥവ സെക്കുലറിസം.

ഭാരതത്തെ മതേതര രാഷ്ട്രമായാണ് ഇന്ത്യന്‍ ഭരണ ഘടന നെയ്‌തെടുത്തിരിക്കുന്നത് . എല്ലാ മതസ്ഥര്‍ക്കും ഒരു പോലെ രാപാര്‍ക്കാനുള്ള കൂടാരമാണിത്. ഇന്ത്യയില്‍ നിന്നും വേര്‍പ്പെട്ടു പോയ പാക്കിസ്ഥാനില്‍ ദരിദ്രാവസ്ഥയിലുള്ള ജനാധിപത്യമുണ്ടെങ്കിലും അവിടെ സെക്കുലറിസത്തിന് വര്‍ദ്ധിച്ച തോതില്‍ സ്വാധീനമുണ്ടെന്ന് പറയുക വയ്യ.

ഈ ലേഖനത്തില്‍ നാം പരിശോധിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയം മതേതര ഇന്ത്യയും അതിനകത്തെ മത നിരപേക്ഷ കാഴ്ച്ചപ്പാടുകളുമാണ്. എല്ലാ മതസ്ഥര്‍ക്കും അവരുടെ മത സംഹിതകള്‍ വിഭാവനം ചെയ്യുന്ന നിയമ വ്യവസ്ഥകള്‍ക്കനുസരിച്ച് ജീവിക്കാനും വിശ്വാസം പങ്കു വെക്കാനും ഇന്ത്യ അനുവദിക്കുന്നു. എല്ലാ മതങ്ങളും ചേര്‍ന്ന് ജനാധിപത്യമെന്ന ആരോഗ്യകരമായ പുത്തന്‍ മതത്തിന് രൂപ കല്‍പ്പന ചെയ്യാന്‍ പറ്റിയ ഭൗതിക സാഹചര്യങ്ങളോ ജനാധിപത്യ മതമെന്ന ആശയം നടപ്പില്‍ വരുത്താന്‍ ഇന്ത്യയില്‍ ഒരു പ്രവാചകന്‍ പിറവി കൊള്ളുമെന്നോ വിശ്വസിച്ച് കാത്തിരിക്കുക അസംഭവ്യം. അങ്ങനെ ഒരു പ്രവാചകനെ ഇന്ത്യ കാതോര്‍ക്കുന്നു എന്ന് ഹസാരെ എന്ന ഏക ബിംബത്തിന് ജനം നല്‍കിയ പിന്തുണ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഇന്ത്യക്കകത്ത് ജീവിക്കുന്നവരെയെല്ലാം ഒരുമിച്ച് ചേര്‍ത്ത് ഒരൊറ്റ മതവും അതുവഴിയുള്ള ദേശ സ്‌നേഹവും ലക്ഷിട്ടു കൊണ്ട് മുഗളന്മാരുടെ കാലത്ത് ഹുമയൂണ്‍ ചക്രവര്‍ത്തി ഒരു മതത്തിന് പിറവി കൊടുത്തിരുന്നു. “ദീന്‍ ഇലാഹീ” എന്നായിരുന്നു അതിന്റെ പേര്. പക്ഷെ സ്വന്തം മക്കള്‍ പോലും അത് സ്വീകരിച്ചില്ല.

ഇന്ത്യക്ക് നിഷേധിക്കാനാവാത്ത മഹത്വരങ്ങളായ ചില പൈതൃകങ്ങളുണ്ട്. അവയില്‍ മിക്കവയും മതാചാരങ്ങളോട് ഒട്ടി നില്‍ക്കുന്നവയും വ്യത്യസ്ഥ മതങ്ങളാണെങ്കിലും ആചാരനുഷ്ഠാനങ്ങളില്‍ സാമ്യമുള്ളവയുമാണെന്ന് കാണാം. അതിനെ കുറിച്ചുള്ള ഒരു ലഘു പഠനമാണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്ത്യന്‍ വംശജരില്‍ ചാതുര്‍വര്‍ണ്യം ചെലുത്തിയ സ്വാധിനം ബ്രഹത്തരമാണ്. ഇന്നും ഹെന്ദവ സംസ്‌ക്കാരത്തില്‍ നിന്നും അതിന്റെ ദുര്‍ഗന്ധം ഒഴിഞ്ഞു പോയിട്ടില്ല. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍ ശൂദ്രര്‍ എന്നിങ്ങനെ തരം തിരിച്ചാണ് സവര്‍ണര്‍ മനുഷ്യനെ വരമ്പിട്ടു നിര്‍ത്തിയിരുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതലുള്ള വിഭാഗം ശൂദ്രരാണ്. അവരില്‍ പെടുന്നവരാണ് ഈഴവരും മറ്റു കീഴാളരും.

ബ്രാഹ്മണര്‍ പൂര്‍ണമായും, ക്ഷത്രിയരില്‍ ചെറിയൊരു വിഭാഗവും വേറിട്ടു നിന്നാല്‍ ചാതുര്‍ വര്‍ണ്യത്തിലെ മിക്കവരും മാംസ ഭോജികളും മദ്യപാനികളുമാണ്. അവരുടെ മതാചാരങ്ങള്‍ അവര്‍ക്ക് അതിനുള്ള അനുമതി നല്‍കുന്നു. മാസഭോജികളായ ഇത്തരക്കാരുടെ ആരാധനാ മൂര്‍ത്തികളും മാംസം ഭക്ഷിക്കുകയും ലഹരി പ്രിയ്യരുമാണ്. നായാട്ടു ദൈവങ്ങളായ തൊണ്ടച്ഛന്‍, കതിവനൂര്‍ വീരന്‍, വീരഭദ്രന്‍, കാലിച്ചാന്‍, കുട്ടിച്ഛാത്തന്‍ ഭദ്ര കാളി തുടങ്ങയ നായാട്ടു ദൈവങ്ങളാണ് കീഴാളരുടെ ആരാധനാ മൂര്‍ത്തികള്‍.

ചാതുര്‍ വര്‍ണ്യത്തിനെതിരെ ഏറ്റവും ഉച്ഛത്തില്‍ സംസാരിച്ചത് ശ്രി ബുദ്ധനാണെന്നാണ് അനുമാനം. അഹിംസയുടെ മതം ആദ്യമായി ലേകത്തിന് പരിചയപ്പെടുത്തിയത് ബുദ്ധനായിരുന്നു. ഹിന്ദു സംസ്‌കാരത്തിലെ അസമത്വങ്ങള്‍ക്കും, അനാചാരങ്ങള്‍ക്കുമെതിരെ അദ്ദേഹം പോരാടി. മൃഗങ്ങളെ വേട്ടയാടുകയും, ബിംബങ്ങള്‍ക്ക് ദൈവീക പരിവേഷം ചാര്‍ത്തി മൃഗബലി ത്വരിതപ്പെടുത്തുന്നതിനെതിരെയും ബുദ്ധന്‍ സംസാരിച്ചു. അഹിംസാ സിദ്ധാന്ധം ഏറ്റവും കൂടുതല്‍ നെഞ്ചിലേറ്റിയത് ഹൈന്ദവരും അതിലെ താണ ജാതിക്കാരുമായിരുന്നുവെന്ന ചരിത്ര സത്യം വിരല്‍ ചൂണ്ടുന്നത് ബുദ്ധന്‍ നടത്തിയ മൃഗബലിക്കെതിരെയുള്ള പോരാട്ടങ്ങളില്‍ നിന്നുമായിരുന്നു. ബുദ്ധ മതത്തിലേക്ക് ചേക്കേറിയവരില്‍ മിക്കവരും ഹീന്ദുക്കളും അതിലെ അധസ്ഥിതരായ ജനവിഭാഗവുമായിരുന്നെന്ന് ചിരിത്രം പറഞ്ഞു വെക്കുന്നു.

കാലമേറെ കഴിഞ്ഞുവെങ്കിലും മൃഗബലിയില്‍ നിന്നും ഹൈന്ദവ കീഴാള ജനത മുക്തമായിരുന്നില്ല. പുതിയ കാലഘട്ടത്തിലെ കഴിഞ്ഞ പതിറ്റാണ്ടു വരെ മൃഗബലി സാര്‍വ്വത്രികമായിരുന്നു. സര്‍ക്കാരിന്റെ ശക്തമായ ഇടപെടലും നിയമ നിര്‍മ്മാണവും നിമിത്തം ഗത്യന്തരമില്ലാതെയാണ് ബലി അനുഷ്ഠാനം ഹൈന്ദവ ജനത ഉപേ ക്ഷിച്ചത്. കരിങ്കല്‍ ബിംബങ്ങളില്‍ ഉണ്ടെന്ന് കരുതുന്ന ദൈവീക പരിവേഷം മൃഗബലി നിരോധനത്തോട് പൊരുത്തപ്പെട്ടുവെങ്കിലും പ്രതീകാത്മക പക്ഷി ബലിയോട് വിട്ടു വീഴ്ച്ച ചെയ്തില്ല. മിക്ക ക്ഷേത്രങ്ങളിലെ കരിങ്കല്‍ പ്രതിഷ്ഠകള്‍ക്കും ബലിയിറച്ചിയും മദ്യവും ഇന്നും സാര്‍വ്വത്രികമാ ഉപയോഗിക്കുന്നു . മദ്യം നല്‍കി ദൈവ പ്രീതി സമ്പാദിക്കുന്ന (ഇതിനെ കലശം എന്ന പേരില്‍ അറിയപ്പെടുന്നു) പ്രാകൃത രീതികളില്‍ നിന്നു വിടുതല്‍ നേടാന്‍ ഭക്തര്‍ ഇനിയും തങ്ങളുടെ മനസിനെ പാകപ്പെടുത്തുന്നില്ലാ എന്നതു കൊണ്ടു തന്നെ ഭക്തി വ്യവസായമായും അതിലെ അനാചാരങ്ങള്‍ പ്രശംസനാര്‍ഹവുമായി മാറുന്നു. സാക്ഷര കേരളം ഭക്തിയുടെ ആചാരങ്ങളുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ച് അനാചാരങ്ങളെ തഴുകുന്ന കാഴ്ചകള്‍ മിക്ക ക്ഷേത്രങ്ങളിലും നമുക്ക് കാണാനാവും. ഹൈന്ദവതയുടെ സാംക്കാരിക തേരാളികള്‍ ഇതിനെതിരെ ശംഖ നാദം മുഴക്കുന്നില്ല. ചര്‍ച്ചകള്‍ നടക്കുന്നില്ല. പിതാമഹന്മാര്‍ പകര്‍ന്നു നല്‍കിയതു പിന്‍ തലമുറകള്‍ വിശ്വാസത്തിന്റെ പേരില്‍ ആവര്‍ത്തിക്കുന്നു എന്നതിലപ്പുറം ഭക്തിയിലും വിശ്വാസത്തിലും കാലോചിതമായ പരിഷ്‌ക്കാരങ്ങള്‍ രൂപപ്പെടുന്നില്ല. ആനാചാരങ്ങളെ ആചാരങ്ങളായി തെറ്റിദ്ധരിച്ച് പൂജീക്കപ്പെടുന്നു. അതില്‍ അനാചാരമുണ്ടെന്ന് തുറന്നു പറയുന്നവര്‍ സാമുദായികമായി അന്യവല്‍ക്കരിക്കപ്പെടുന്നു. ഇത് എല്ലാ മതങ്ങളിലും ദൃശ്യമാണ്.

സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് പ്രയോജനമുണ്ടാകുമ്പോഴാണ് ഒരു വിശ്വാസി പിറക്കുന്നതെന്ന് പറഞ്ഞ മുഹമ്മത് നബി (സ), ജാതി ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ആഗ്രഹിച്ച ശ്രി നാരായണ ഗുരു, മതം ഭാന്തിന്റെ വീകാരമായി കണ്ട വിവേകാനന്ദന്‍, ആരെ കൊത്തിയാലും ചോരക്കുള്ള നിറം ചുവപ്പ് തന്നെയെന്ന് അവര്‍ണ്ണനെ പഠിപ്പിച്ച അയ്യങ്കാളി എന്നിവര്‍ സഞ്ചരിച്ച വഴികള്‍ ഇപ്പോള്‍ അനാഥമായി കിടക്കുകയാണ്.

മിത്തുകളുടേയും പരമ്പരാഗത വിശ്വാസങ്ങളുടേയും കൈവഴികളിലുടെ സഞ്ചരിക്കുന്ന മത വിശ്വാസികളുടെ വിശ്വാസ പ്രമാണങ്ങളുടെ മുകളില്‍ അടയിരിക്കുന്ന ബലി നിയമങ്ങളും മദ്യാരാധനയോടോപ്പം തന്നെ അനുവര്‍ത്തിച്ചു വരുന്ന മറ്റൊരു ആചാരമാണ് ബിംബാരാധന. ചെറു ന്യൂന പക്ഷം മാത്രമെ ബിംബാരധനയെ വിമര്‍ശന ബുദ്ധിയോടെ കാണുന്നുള്ളുവെന്ന് വര്‍ദ്ധിച്ചു വരുന്ന ആരാധനാലയങ്ങളുടെ ഉല്‍ഭവം നമ്മെ പഠിപ്പിക്കുന്നു.

ഹൈന്ദവരും , കൃസ്തിയ മതവും കൈവശം വെച്ചിരിക്കുന്ന ബിംബ, ബലി, മദ്യ ആരാധനാ സംമ്പ്രദായങ്ങളില്‍ നിന്നും മുസ്ലീം സമുദായവും പൂര്‍ണ്ണമായും മോചിതരല്ല. മദ്യവും ദൈവവും തമ്മില്‍ കോര്‍ത്തിണക്കാന്‍ ഇസ്ലാം ഒരിടത്തും ശ്രമിച്ചിട്ടില്ലെന്ന് ആശ്വസിക്കുന്നതിനോടൊപ്പം തന്നെ മൃഗബലിയില്‍ നിന്നും, ബിംബാരാധനയില്‍ നിന്നും അവരും പുര്‍ണമായ തേതില്‍ മുക്തരല്ല.

മൃഗബലി തന്നെ ഉദാഹരിക്കാം. വധിക്കപ്പെടുന്ന മൃഗത്തിന്റെ കഴുത്തിന് താഴെ കത്തി താഴ്ത്തുന്നതിനു മുമ്പായി മരിക്കുന്ന മൃഗത്തോട് മരണ സമ്മതം വാങ്ങുന്നതോടു കൂടി രൂപാന്തരപ്പെടുന്ന മാംസം “ഹലാലാ”വുന്നു എന്ന് മത തത്ത്വ സംഹിതയെ ഉദ്ധരിച്ചു കൊണ്ട് പണ്ഡിതര്‍ അവകാശപ്പെടുന്നു. മറിച്ചുള്ളവ തിന്നാല്‍ കൊള്ളാത്തതും “ഹറാമു”മാണ്. പാചകം ചെയ്താല്‍ ഒരേ തരം രുചി ലഭിക്കുന്ന മാസത്തെ മതവല്‍ക്കരിക്കപ്പെടുന്നു. മനുഷ്യന്റെ ജീവന്‍ നില നിര്‍ത്താനാവശ്യമായ പഞ്ച ഭുതങ്ങളില്‍ പോലും മതം ഇടപെടുകയും മനുഷ്യനെ പാര്‍ശ്വവല്‍ക്കരിക്കുകയും ചെയ്യുന്നുവെന്ന് കാണാം. മുഹമ്മത് നബി(സ) പറഞ്ഞു. വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവനാണ് ഭാഗ്യവാന്‍. ഹിന്ദു ധര്‍മ്മത്തിലും ഇതു പോലൊരു പാഠ ഭേതമുണ്ട്. പ്രകൃതിയുടെ മാറില്‍ വളര്‍ന്ന് നില്‍ക്കുന്ന വൃക്ഷത്തോട് അത് വെട്ടി മാറ്റപ്പെടുമ്പോള്‍ സമ്മതം ചോദിക്കണമത്രെ. അതിന് വിളക്കു കാട്ടി പൂജ നടത്തണം.

ഹൈന്ദവരില്‍ മൃഗബലി കൊടി കുത്തി വാഴുന്ന പ്രാചിന കാലത്ത് കോസല രാജ്യത്ത് ഒരു മഹാ യജ്ഞം നടന്നു. 500 കാളകളും, 500 പശുക്കളും, 500 ആടുകളും യാഗാഗ്നിയില്‍ ബലിയര്‍പ്പിക്കപ്പെട്ടു. (മാധ്യമം 20-4-1994)
ഇത് വ്യക്തമാക്കുന്നത് ബുദ്ധന്‍ മൃഗബലിക്കെതിരെ ശബ്ദിക്കുന്നതിനു മുമ്പ് ഹൈന്ദവര്‍ ഗോഹത്യ പാപമായി കണ്ടിരുന്നില്ലെന്നും, അവര്‍ക്ക് ഗോമാംസം നിഷിദ്ധമയിരുന്നില്ലെന്നുമാണ്. യുഗങ്ങള്‍ മാറി വരുമ്പോള്‍ ആചാരങ്ങള്‍ അനാചാരങ്ങളായി മാറി വരുമെന്ന് തെളിയിക്കപ്പെടുന്നതാണ് ഇന്നത്തെ ഗോ വധ നിരേധന ചിന്ത. കാലഘട്ടങ്ങളും ഭൂമി ശാസ്ത്രപരമായ വ്യതിയാനങ്ങള്‍ക്കുമനുസൃതമായി മത ചിന്തകളിലും കാലോചിതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് ശങ്കരാചാര്യരുടെ കൃതികളില്‍ എടുത്തു പറയുന്നത് മതാനുരാഗികള്‍ മുഖവിലക്കെടുക്കാത്തതിനാല്‍അന്ധ വിശ്വാസങ്ങളെ പൂജക്കിരുത്താനിടവരുന്നു.

ശ്രിബുദ്ധന്റെ പിറവിക്ക് ശേഷം ഉദ്ദേശം 1200 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രവാചകനായ നബിയുടെ കാലഘട്ടമെന്ന് അനുമാനിക്കുന്നു. ശ്രീ ബുദ്ധന്റെ മൃഗബലിക്കെതിരെയുള്ള നിലപാടിന് ഘടക വിരുദ്ധമായ ആചാരാനുഷ്ഠാനങ്ങളാണ് അറേബ്യന്‍ രാജ്യത്തുണ്ടായിരുന്നത്. മൃഗബലി ഒഴിച്ചു കൂടാനാവാത്തതും മാസാഹാരം ജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ കഴിയാത്തവിധം അറേബ്യന്‍ രാഷ്ട്രങ്ങളുടെ സംസക്കാരം ഭൂമിശാസ്ത്രപരമായി മാംസാഹാരവുമായി കടപ്പെട്ടിരുന്നു. മാംസാഹാരം മതവല്‍ക്കരിക്കപ്പെട്ടതിന്റെ മറ്റൊരു ഉദാഹരണമാണ് പുണ്യ പൗരാണികമായ മെക്ക. അവിടെ വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കപ്പെടുന്ന ഒരോ തീര്‍ത്താടകനും ഒരോ ആടിനെ വീതം അതല്ലെങ്കില്‍ 7 പേര്‍ ചേര്‍ന്ന് ഒരു ഒട്ടകത്തെ ബലിയര്‍പ്പിക്കണം എന്ന് വ്യവസ്ഥയുണ്ട്. ദശ ലക്ഷ കണക്കിന് മിണ്ടാ പ്രാണികളെ കൂട്ട കശാപ്പു ചെയ്ത് മരുഭൂമിയില്‍ തള്ളുന്ന മെക്കയിലെ ബലിയാചാരത്തെ മത വിശുദ്ധിയായി അംഗീകരിക്കപ്പെടുന്നു. മെക്കയിലെ കുരുതിയെ ന്യായീകരിക്കാന്‍ മത പണ്ഡിതന്മാരുടെ കൈകളില്‍ ധാരാളം മറുപടികളുണ്ട്. രൂക്ഷമായ ഭക്ഷ്യ ക്ഷാമത്തിന് വിടുതലുണ്ടാവാന്‍ വേണ്ടി തുടങ്ങി വെച്ച ആചാരമാണെന്നും, ഇന്ന് സൗദി അറേബ്യയില്‍ അത്തരം പ്രതി സന്ധി ഇല്ലെങ്കിലും പോഷകാഹാരത്തിന്റെ കുറവുള്ള ആഫ്രീക്ക പോലുള്ള ദരിദ്ര രാഷ്ട്രങ്ങളിലേക്ക് ഇവ കയറ്റി അയക്കുകയാണെന്നുമാണ് അവരുടെ വാദഗതികളില്‍ പ്രധാനം . മനുഷ്യ സ്‌നേഹികളുടെ പഠനങ്ങളില്‍ നിന്നും ഇത് വ്യക്തമാവുന്നുമുണ്ട്. എന്നിരുന്നാലും നാമ മാത്രമായ കയറ്റുമതിയും ബഹുഭുരിപക്ഷം മാംസവും മരുഭുമിയില്‍ ഉപേക്ഷിക്കപ്പെടുകയുമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മത ചിന്തകളിലെ തന്നെ നല്ലൊരു വിഭാഗത്തിന് ഉള്ള ഭിന്നാഭിപ്രായം മൂലം ബലി കര്‍മ്മം പരിഷ്‌ക്കരിക്കപ്പെടുന്ന പക്ഷം കാലഘട്ടത്തിന്റെ സമ്മര്‍ദ്ധം മൂലമുളവാകുന്ന വ്യതിയാനം പ്രയോചനപ്പെടുത്തി മൃഗബലി ഉപേക്ഷിച്ച് പോഷകാഹാരപ്രദമായ ഭക്ഷണം ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്നത് അഭികാമ്യമായേക്കും.

ഹിന്ദുക്കള്‍ ആചാരമാക്കി കൊണ്ടു നടന്നതും പിന്നീട് അനാചാരമാണെന്ന് തിരിച്ചറഞ്ഞ് തള്ളക്കളഞ്ഞതുമായ മൃഗബലിയില്‍ മുസ്ലീം മത സംഹിതക്ക് അചാരത്തിനപ്പുറത്തെ അനാചാരങ്ങളുണ്ടോ എന്ന് ആ മതവിശ്വാസികളിലെ സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഹൈന്ദവ മുസ്ലീം ആചാരത്തിന്റെ സമാനത അന്യേഷിച്ചു ചെന്നാല്‍ അവ ബിംബങ്ങളില്‍ ചെന്ന് നില്‍ക്കുന്നതായി കാണാം. ലോകം കണ്ട ബിംബാരാധകരില്‍ പ്രമുഖ സ്ഥാനം ഹിന്ദുക്കള്‍ക്കുണ്ട്. ലേക ജനസംഖ്യയുടെ ഭൂരിപക്ഷം വരുന്ന കൃസ്തീയ മതസ്ഥരും കുരിശിനെ ബിംബ പ്രതിഷ്ഠയായി കാണുന്നു. ഇസ്ലാം ബീംബാരാധന സാര്‍വത്രികമയായി കാണുന്നില്ലെങ്കിലും മത നിര്‍വൃതിയുടെ മൂര്‍ത്തീ കേന്ദ്രമായ ഹജ്ജ് കര്‍മ്മത്തില്‍ അതിന്റെ പ്രതി ബിംബം ദര്‍ശിക്കാന്‍ നമുക്കാവും.

കേവലം കരിങ്കല്‍ ചീളുകള്‍ മാത്രമാണ് ബിംബങ്ങളെന്ന് നാരായണ ഗുരു പറഞ്ഞിരുന്നു. ഗുരു ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തന്റെ ഫോട്ടോ വെച്ച് ജനം ബിംബാരാധന നടത്തിയിരുന്നു. എം.ജി.ആര്‍, എന്‍.ടി.ആര്‍, രജനി കാന്ത്, വ്യവസായ പ്രമുഖന്‍ ബിര്‍ല എന്നിവരോടൊപ്പം കരിങ്കല്‍ ദൈവങ്ങളെയും ഇന്ത്യന്‍ സംസ്‌കാരം ബിംബ പ്രതിഷ്ഠ നടത്തി നിര്‍വൃതിയടയുന്നു. അനാചാരത്തിന്റെ മൂര്‍ത്തമായ അവസ്ഥയാണ് ബിംബാരാധനയെന്ന് പല ഭിഷഗ്വരന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. സത്യ സായി ബാബ, മാതാ അമൃതാനന്ദമയീ ദേവി എന്നിവര്‍ ബിംബങ്ങളുടെ പ്രചുര പ്രചാരകരാണ്.

മക്കയെലെ പുണ്യ ഹജ്ജ് കര്‍മ്മങ്ങളില്‍ ഹൈന്ദവാരാധനയുടെ മിത്തുകള്‍ അടിഞ്ഞു കൂടിയതായി കാണാം. “സംസം” ജലത്തെ ഗംഗയിലെ പുണ്യ തീര്‍ത്തോട് ഉപമിക്കുന്നവരുണ്ട്. ഒരിക്കലും വറ്റാത്ത സംസം തീര്‍ത്തത്തില്‍ ദൈവത്തിന്റെ പ്രതി രൂപം കല്‍പ്പിക്കപ്പെടുന്നു. ഹജ്ജ് കര്‍മ്മങ്ങളുടെ ഒഴിച്ചു കൂടാനാവാത്ത കര്‍മ്മങ്ങളില്‍ കല്‍മണ്ഡപത്തെ പ്രദിക്ഷിണം ചെയ്യലും, ഭക്തി നിര്‍ഭരമായി കല്ലിനെ ചുംബിക്കലും തിന്മയെ ദൂരീകരിക്കാന്‍ സ്തൂപത്തിലേക്ക് കല്ലെറിയുന്നതും, കല്‍ കുന്നുകളെ “ ത്വവാഫ്” ചെയ്യുന്നതും വിശുദ്ധ ആചാരങ്ങളാണ്. മുസ്ലീം ജനതയുടെ ഭക്തി ലഹരിയുടെ പ്രതീകങ്ങളായി ഇത്തരം ആചാരങ്ങള്‍ പരിണമിക്കുന്നു. ഹജ്ജ് കര്‍മ്മത്തിലെ പ്രധാന ഇനമാണ് തല മുണ്ഡനം അല്‍പ്പ മാത്രമായ തൂവെള്ള വസ്ത്രവും മാറ് മറച്ച് വെള്ള വസ്ത്രം കൊണ്ട് തറ്റു ചുറ്റലും ആചാരങ്ങളില്‍ പെടും. ഹൈന്ദവ ക്ഷേത്രങ്ങളായ പളനി, കാശി, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ മുണ്ഡനവും, മിക്ക സവര്‍ണ്ണ ക്ഷേത്രങ്ങളിലും മാറിലെ തറ്റു ചുറ്റലും ഹൈന്ദവ ആചാരങ്ങളില്‍ കാണാം. ഇതു പോലെ പലയിടത്തും ആചാരങ്ങളിലെ സമാനത ദര്‍ശ്യമാകും. ലോക മുസ്ലീമുകള്‍ നമസ്‌ക്കരിക്കുന്ന കല്‍മണ്ഡപകങ്ങള്‍ വിഗ്രഹാരാധനയുടെ പ്രതീകാത്മകമായ ബിംബങ്ങളാണ്. എന്നാല്‍ ചാതുര്‍വര്‍ണ്യത്തിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ലാത്ത ഹൈന്ദവ ക്ഷേത്രങ്ങള്‍ ജാതി മതത്തിന്റെ പേരില്‍ ദൈവത്തിലും ആരാധനയിലും വിവേചനം കാണിക്കുന്നതില്‍ ഇന്നും ഉല്‍സുകരാകുമ്പോള്‍ പണ്ഡിത പാമര വ്യത്യാസമില്ലാതെ ദരിദ്ര കുബേര വ്യത്യാസമില്ലാതെ വര്‍ഗ വിവേചനമില്ലാതെ ഏകതയോടെ പ്രാര്‍ത്ഥനാ നിര്‍ഭരാകാന്‍ ഇസ്ലാം കല്‍പ്പിക്കുന്നു.

ഏതു മതമായാലും ശരി അതിലെ തിന്മയെ കല്ലെറിഞ്ഞ് അകറ്റാനും, നന്മയെ വാരിപുണരാനും മതത്തെ മനുഷ്യ സ്‌നേഹത്തിന്റെയും പ്രകൃതി സ്‌നേഹത്തിന്റെയും അളവു കോലു വെച്ച് പാകപ്പെടുത്താനും ഇന്ത്യയിലെ മതേതരത്വം ശ്രമമാരംഭിക്കുമ്പോഴാണ് ഏകോദര സോദരരടെ ജനാധിപത്യ മതേതര ഇന്ത്യ പുര്‍ണ അളവില്‍ വളര്‍ച്ചയെത്തുന്നതും, ജനങ്ങള്‍ക്ക് തണലേകുന്നതുമെന്ന പാഠം ജനങ്ങളിലേക്കെത്തിക്കാന്‍ മത പണ്ഡിതര്‍ യേശുവായും,മുഹമ്മത് നബിയായും, ഗുരുവായും പുനര്‍ജനിക്കേണ്ടിയിരിക്കുന്നു.

No comments:

Post a Comment