Pages

Thursday, June 13, 2013

ഗുരു എന്തിനാണ് പ്രതിഷ്ഠകള്‍ നടത്തിയത്?


By Aravind Janardhanan in THIYYA / EZHAVA
ഒരു ജാതി ഒരു മതം എന്നു പറഞ്ഞിട്ടു ഗുരു എന്തിനാണ് പ്രതിഷ്ഠകള്‍  നടത്തിയത്? എന്റെ കൂട്ടുകാരുടെ ഈ ചോദ്യത്തിന് എനിക്കു ഉത്തരം  മുട്ടിപ്പോയി '......
ഈ  ഗ്രൂപ്പില്‍ ഒരു ശ്രീനാരായണ ഭക്തന്‍ ചോദിച്ച വാക്കുകളാണ്  മുകളില്‍ കൊടുത്തത് . ഇത്തരം ഒരു ചോദ്യത്തിനുമുന്‍പില്‍ ഉത്തരം  മുട്ടിപ്പോകെണ്ടിവരുന്ന അവസ്ഥ അത് ദയനീയം തന്നെ . ഗുരുവിനെ അറിയാന്‍  ശ്രമിക്കാതെ ഗുരുവിന്‍റെ ആളുകള്‍ എന്ന് മേനിനടിക്കുന്ന ഏതൊരുവന്റെയും അവസ്ഥ  വ്യത്യസ്തമാവാന്‍ വഴിയില്ല .

ഇനി നമുക്ക് അദ്ദേഹത്തിന്‍റെ ചോദ്യത്തിലേക്ക് വരാം ഒരു ജാതി ഒരു  മതം ഒരു ദൈവം മനുഷ്യന് എന്ന് അടിവരയിട്ട് പറഞ്ഞ ഗുരു എന്തുകൊണ്ട് ക്ഷേത്ര  പ്രതിഷ്ടകള്‍ നടത്തി ?? സാധാരണക്കാരായ ഏതൊരുവനും തോന്നാവുന്ന ന്യായമായ  സംശയം തന്നെ .
ഇതിന്‍റെ ആദ്യഭാഗം പരിശോധിക്കാം " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന് ഗുരു അരുളുവാനുണ്ടായ സാഹചര്യം .
ഈ വാക്കുകളില്‍ മാനവികതയുടെ പ്രധാന തത്വങ്ങള്‍  സംഗ്രഹിച്ചിരിക്കുന്നു . ഗുരു വിഭാവനം ചെയ്യുന്നത് മതദ്വേഷരാഹിത്യമാണ് .  ഗുരുവിന്‍റെ കാലഘട്ടത്തില്‍ കേരളത്തിലെ മതാന്തരീക്ഷം വളരെ കലുഷിതമായിരുന്നു  . ഒരുവശത്ത്‌ ഹിന്ദു മതത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ , മനുഷ്യനെ  മനുഷ്യരില്‍നിന്ന് വേര്‍തിരിക്കുകയും , ഒരുകൂട്ടര്‍ ഉത്തമന്മാരും  വെറൊരുകൂട്ടര്‍ അധമന്മാരും ആയി കല്‍പ്പിക്കപ്പെട്ട് , രണ്ടാമത് പറഞ്ഞവരില്‍  അയിത്തം ആരോപിച്ചു ആട്ടി അകറ്റുകയും , ഒപ്പം അവരെ ക്രൂരമായ  മര്‍ദ്ദനത്തിനും ചൂഷണത്തിനും ഇരയാക്കുകയും ചെയ്യുന്ന ജാതി സമ്പ്രദായം  മറുവശത്ത്‌  ക്രിസ്തുമത പ്രാസംഗികന്മാര്‍ സ്വന്തം മതത്തെ വാഴ്ത്തിയും  അന്യമതങ്ങളെ നിന്ദിച്ചും , ദുഷിച്ചും വാദകോലാഹലങ്ങള്‍ നടത്തിക്കൊണ്ടിരുന്നു  . ഒപ്പം മതപരിവര്‍ത്തന ശ്രമങ്ങളും . അക്കാലത്ത് തിരുവതാംകൂര്‍ സര്‍ക്കാര്‍  താഴ്ന്ന ജാതി ഹിന്ദുക്കളെ പരോക്ഷമായി മതപരിവര്‍ത്തനത്തിന്  പ്രേരിപ്പിച്ചിരുന്നു . ഈഴവനായിരിക്കെ അപ്രാപ്യമായ ഉദ്യോഗം  ക്രിസ്ത്യാനിയായാല്‍ ലഭിക്കുമായിരുന്നു . മാത്രമല്ല അയിത്തം ഭയക്കാതെ വഴി  നടക്കുകയും ചെയ്യാം . ഉദ്യോഗത്തിനപേക്ഷിച്ച ഒരു ഈഴവനോട് മതം മാറിക്കൂടെ  എന്ന് സര്‍ക്കാര്‍ ചോദിക്കുകപോലുമുണ്ടായി. മതം മാറിയാല്‍ അടിയങ്ങള്‍ക്കു  ലഭിക്കാവുന്ന അവകാശങ്ങള്‍  പോന്നുതിരുമേനിയുടെ മതത്തില്‍  ഇരുന്നുകൊണ്ടുതന്നെ ലഭിക്കണമെന്നാണ് അടിയങ്ങളുടെ അപേക്ഷയെന്ന്‍ ഈഴവ  മെമ്മോറിയലില്‍ വായിക്കാം .ഇസ്ലാം . ബൌദ്ധം , സിഖ്‌  എന്നീ മതക്കാരും  അവര്‍ണ്ണരെ അവരുടെ മതത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു .  മറുഭാഗത്ത് ഇതിനെതിരായ പ്രവര്‍ത്തനങ്ങളും തുല്യതോതില്‍ അല്ലെങ്കിലും  അരങ്ങേറിക്കൊണ്ടിരുന്നു . ജാതിഭേദവും മതദ്വേഷവും ഇല്ലാതായാല്‍ മനുഷ്യനും  മനുഷ്യനും തമ്മില്‍ സാഹോദര്യത്തോടെ ജീവിക്കാവുന്ന ഒരു സമൂഹം നിലവില്‍ വരും  എന്ന് ഗുരു ഉറപ്പിച്ചു പറഞ്ഞു . 'ഈ തത്വം ഉറപ്പിച്ചുകൊണ്ടാണ് ഗുരുവരുളിയത്  "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് "


ഇനി ഇതിന്‍റെ രണ്ടാം ഭാഗത്തിലേക്ക് വന്നാല്‍ ഗുരുവിന്‍റെ  ക്ഷേത്രപ്രതിഷ്ടകള്‍ ആണ് . ഗുരുവിന്‍റെ പ്രതിഷ്ഠാകര്‍മ്മങ്ങളുടെ തുടക്കം  1888 ലെ ശിവരാത്രി നാളില്‍ നെയ്യാറിന്റെ തീരത്ത്‌  അരുവിപ്പുറത്തുനിന്നായിരുന്നു അടിച്ചമര്‍ത്തപ്പെട്ട ജനസഞ്ചയത്തെ   സമൂഹത്തിന്‍റെ മുഖ്യധാരിയിലേക്ക് കൊണ്ടുവരണമെങ്കില്‍ അവരില്‍ ആത്മവിശ്വാസം  വളര്‍ത്തിയെടുക്കുകയാണ് വേണ്ടതെന്ന് ഗുരു ഉറച്ചു വിശ്വസിച്ചു . ഇപ്രകാരം  അവരില്‍ ആത്മവിശ്വാസം വളര്‍ത്തണമെങ്കില്‍ വിദ്യയും ആരാധനസ്വാതന്ത്ര്യവും ആ  ജന സമൂഹത്തിന്‌ പ്രാപതമാക്കണമെന്നഉറച്ച വിശ്വാസം തന്നെയാണ് അരുവിപ്പുറത്തെ  വിപ്ലവകരമായ പ്രതിഷ്ഠാകര്‍മ്മത്തിന് ഗുരുവിനെ നയിച്ച ശക്തി .
ഏതെങ്കിലും ഒരുപ്രത്യേക മതത്തിന്‍റെ വക്താവായിരുന്നില്ല ശ്രീ  നാരായണ ഗുരുദേവന്‍ . എന്നാല്‍ ഗുരു തന്റെ അവതാരലക്ഷ്യമായ  അടിച്ചമര്‍ത്തപ്പെട്ടവന്‍റെ പുനരുദ്ധാരണം സാധിച്ചത് ഹിന്ദു  മതത്തിലൂടെയായിരുന്നു .കാരണം ചൂഷണം ചെയ്യപ്പെട്ട സമൂഹം അന്ന്  ഹിന്ദുമതത്തിന്‍റെ മാത്രം പ്രത്യേകത ആയിരുന്നു . സവര്‍ണ്ണസമുദായത്താല്‍  നിയന്ത്രിക്കപ്പെട്ടിരുന്ന ക്ഷേത്രങ്ങളില്‍ പിന്നോക്ക സമൂഹത്തിന്  പ്രവേശനംഉണ്ടായിരുന്നില്ല . എന്തിനധികം പറയുന്നു ക്ഷേത്രത്തിന് ചുറ്റുമുളള  വഴിയിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യംപോലും അവര്‍ക്ക്  നിഷിദ്ധമായിരുന്നു .  ദുര്‍ഗുണാരാധന മാത്രം സാധ്യമായിരുന്ന സമൂഹത്തിന്‌ സഗുണാരാധന  പ്രാപ്തമാക്കുന്നതിനുവേണ്ടിയാണ് ഗുരു ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തിയത് .  അരുവിപ്പുറം ക്ഷേത്രപ്രതിഷ്ഠാനന്തരം കേരളത്തില്‍ അങ്ങോളം ഇങ്ങോളം  ഭക്തരുടെ  ആവശ്യപ്രകാരം നിരവധിയായ ക്ഷേത്ര പ്രതിഷ്ഠകള്‍  ഗുരുദേവന്‍  നിര്‍വ്വഹിച്ചിട്ടുണ്ട് .  ഈ പ്രതിഷ്ഠകകര്‍മ്മങ്ങളെ സസൂക്ഷ്മം  നിരീക്ഷിക്കുന്ന ഒരുവന്‌ ഇപ്രകാരമുള്ള ക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മങ്ങളിലൂടെ  ഗുരുദേവന്‍ എന്താണ് നമ്മെ ബോധ്യമാക്കി തന്നത് എന്ന് വീക്ഷിക്കുവാന്‍  സാധിക്കും . അരുവിപ്പുറത്തിനുശേഷം നിരവധിയായ സഗുണാരാധന മൂര്‍ത്തികള്‍ ,  പിന്നീട് 1912 ല്‍ ശിവഗിരിയില്‍ അറിവിന്‍റെ ദേവതയായ ശാരദാപ്രതിഷ്ഠ ,  1920ല്‍ കാരമുക്കില്‍ ദീപ പ്രതിഷ്ഠ , 1921  ല്‍ മുരിക്കുംപുഴയില്‍  ശിലാഫലകത്തില്‍ സത്യം ധര്‍മ്മം ദയ ശാന്തി എന്നെഴുതി പ്രതിഷ്ഠിച്ചു, അവസാനം  1927 ല്‍ കളവംകൊടും , ഉല്ലലയിലും കണ്ണാടി പ്രതിഷ്ഠ .വളരെ മഹത്തരവും  ഉദാത്തവുമായ ഒരു സന്ദേശമാണ്  ഈ ക്ഷേത്ര പ്രതിഷ്ഠകളിലൂടെ ഗുരു മാനവ  സമൂഹത്തിനു മുന്‍പില്‍ വരച്ചുകാട്ടിയത്  .ഗുരുദേവന്‍ നടത്തിയ  പ്രതിഷ്ഠ ക്രമം പരിശോധിച്ചാല്‍
തെളിഞ്ഞുവരുന്നത്  ഒരു മഹത്തായ സന്ദേശം തന്നെയാണ് ,  അതിപ്രകാരമാണ് ഒരു സത്യാന്വേഷി അവന്‍റെ ജീവിതം  സഗുണാരാധനയില്‍ തുടങ്ങി  കാലക്രമേണ അത് പ്രബോധനത്തിന്റെ ഉത്തുംഗ തലങ്ങളിലേക്ക് എത്തിച്ചേരുന്നു . ആ  തലത്തില്‍ എത്തിനില്‍ക്കുന്ന ഒരുവന്‍ അവന്‍റെ ജീവിതത്തില്‍ സത്യവും  ധര്‍മ്മവും ദയയും ശാന്തിയും ഒരു ജ്യോതിയില്‍  എന്നപോലെ പ്രകാശിപ്പിച്ച്  ഒടുവില്‍ അവന്‍റെ ഉള്ളില്‍തന്നെ  കുടികൊള്ളുന്ന  ആ പരമസത്യത്തെ  തിരിച്ചരിയുന്നതോടുകൂടി ആ ജീവിതം മോക്ഷ്പ്രാപ്തിയിലേക്ക് ഉയരുന്നു എന്ന ആ  വലിയ സത്യത്തെ വര്ച്ചുകാട്ടുകയായിരുന്നു ഗുരുദേവന്‍ തന്‍റെ ക്ഷേത്ര  പ്രതിഷ്ഠ കര്‍മ്മത്തിലൂടെ .

ഈ സത്യത്തെ മനസ്സിലാക്കാതെ പോകുന്നവര്‍ക്ക് ഇത്തരം  ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ തലകുനിക്കേണ്ടി വരും എന്ന സത്യം മനസ്സിലാക്കണം .  ഇതിനുമപ്പുറത്ത് ഗുരു വിഭാവനം ചെയ്ത ക്ഷേത്ര സങ്കല്‍പം തന്നെ വ്യത്യസ്തവും  ശാന്തിപ്രദായകവും ആയിരുന്നു . ഗുരുവിന്‍റെ ക്ഷേത്രങ്ങളില്‍ മിക്കവയും  അന്നുനിലനിന്നിരുന്ന ആരാധനാ സമ്പ്രദായങ്ങളുടെ പിന്തുടര്‍ച്ച ആയിരുന്നില്ല  എന്ന് ദര്‍ശിക്കുവാന്‍ സാധിക്കും . ശിവഗിരി ശാരദാ മഠം തന്നെ അതിന്‍റെ  മകുടോദാഹരണമാണ് . ക്ഷേത്രത്തിന്‍റെ രൂപകല്‍പന തന്നെ വ്യത്യസ്തമാണ് .ഗുരു  നിര്‍ദ്ദേശിച്ചതിന്‍ പ്രകാരം  മറ്റു ക്ഷേത്രങ്ങളില്‍ കാണുന്ന വിധത്തിലുള്ള  യാതൊരു പൂജാ സമ്പ്രദായവും  അവിടെ പിന്തുടരുന്നില്ല .ക്ഷേത്രങ്ങള്‍  ആരാധനക്ക് മാത്രം വേണ്ടിയുള്ളത് ആവരുതെന്ന് ഗുരു നിഷ്കര്‍ഷിച്ചിരുന്നു  .  അതിനാല്‍ തന്നെ ക്ഷേത്രങ്ങളോട് ചേര്‍ന്ന് വായനശാലകളും , മനോഹര ഉദ്യാനങ്ങളും  , പാഠശാലകളും തുടങ്ങണമെന്ന് ഉപദേശിക്കുക മാത്രമല്ല അവിടുന്ന് ചെയ്തത്,  അവ  പ്രാവര്‍ത്തികമാക്കി കാട്ടിക്കൊടുക്കുകയും ചെയ്തു ആ പുണ്യാത്മാവ് .  ക്ഷേത്രങ്ങള്‍ മനുഷ്യനെ പരസ്പരം അടുപ്പിക്കുവാനും  , അവനില്‍ അനുകമ്പയും .  അറിവും വളര്‍ത്താന്‍ ഉപകരിക്കുന്ന ഇടമായി തീരണമെന്നുമുള്ള ഉത്തമ ലക്‌ഷ്യം  മുന്‍നിര്‍ത്തിയാണ് ഗുരു ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത് . അത് ആ  കാലഘട്ടത്തിന്‍റെ ആവശ്യവും ആയിരുന്നു ..
‌ 1888 ല്‍ അരുവിപ്പുറം ശിവലിംഗ പ്രതിഷ്ഠാനന്തരം അവിടെ  ഉയര്‍ന്നുവന്ന ക്ഷേത്രത്തിന്‍റെ ചുവരില്‍ ശ്രീ നാരായണ ഗുരുദേവന്‍ ഇപ്രകാരം  എഴുതിവച്ചു

" ജാതിഭേദം മതദ്വേഷ -
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന -
മാതൃകാസ്ഥാനമാണിത് "
ഇതില്‍ ,സ്വാതന്ത്ര്യം , സമത്വം , സാഹോദര്യം എന്നീ മാനവികതാ  മൂല്യങ്ങള്‍ അടങ്ങിയിരിക്കുന്നു   . ജാതി സമ്പ്രദായം ഇല്ലാതാകണം . എന്ന്   ഗുരു പറയുമ്പോള്‍ അവിടുന്ന് ദര്‍ശിക്കുന്നത് മനുഷ്യര്‍ തമ്മില്‍  സമത്വമുണ്ടാകണം എന്ന് തന്നെയാണ്  . ഈ സമത്വം ഉണ്ടായാല്‍ സ്വാതന്ത്ര്യം താനേ  സംജാതമാകും . സ്വാതന്ത്ര്യ ബോധമുള്ളവര്‍ മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യം  അനുവദിക്കും . കേരളത്തില്‍ ഗുരു നയിച്ച സാമൂഹിക പരിഷ്കരണ  പ്രയത്നങ്ങളുടെയെല്ലാം ലക്‌ഷ്യം എല്ലാത്തരക്കാരുടെയും സ്വാതന്ത്ര്യം  ഉറപ്പുവരുത്തുക എന്നതായിരുന്നു .അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും  അടിമപ്പെട്ട് കഴിഞ്ഞിരുന്ന ജനതയെ ഗുരു സ്വതന്ത്രരാക്കി . അവരില്‍  ബ്രാഹ്മണന്‍ തൊട്ട് ചണ്ഡാളന്‍ വരെയുള്ളവര്‍ പെടും .

ആ തൃപ്പാദങ്ങളില്‍ പ്രണാമങ്ങളോടെ

ബിനു കേശവന്‍

1 comment:

  1. ഗുരുദേവന്റെ ക്ഷേത്ര സങ്കൽപ്പത്തെ ക്കുറിച്ച് ചുരുക്കത്തിൽ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട് . 😊

    ReplyDelete