Pages

Thursday, June 13, 2013

മരിച്ചു സ്വര്‍ഗത്തില്‍ ചെന്നാല്‍ അവിടെയും ഈഴവനായിരിക്കാനാണു താന്‍ ആഗ്രഹിക്കുക


മരിച്ചു സ്വര്‍ഗത്തില്‍ ചെന്നാല്‍ അവിടെയും  ജാതിവ്യത്യാസമുണ്ടെങ്കില്‍  ഒരു ഈഴവനായിരിക്കാനാണു താന്‍ ആഗ്രഹിക്കുകയെന്നു  പറഞ്ഞ ധീരനാണു ഡോക്ടര്‍  പല്‍പ്പു (1863 - 1950). ഈഴവരെ 'താഴ്ന്ന  ജാതിക്കാര്‍ എന്നു പ്രജാസഭയില്‍  പരാമര്‍ശിച്ചപ്പോള്‍ മേലാല്‍ ഇത്തരം  പദപ്രയോഗങ്ങള്‍ ഉരിയാടിപ്പോകരുതെന്നു  ദിവാന്‍ സി. രാജഗോപാലാചാരിയെ  രൂക്ഷമായി ശാസിച്ച കുമാരനാശാനിലും  ഈഴവരെക്കാള്‍ ഉല്‍ക്കൃഷ്ട ജാതിക്കാര്‍  ഇവിടെ വേറെയില്ലെന്നു ഗവേഷണം ചെയ്ത്  ഉറക്കെ പ്രഖ്യാപിച്ച സി.വി.  കുഞ്ഞുരാമനിലും ''ജാതി പറയുകതന്നെ എന്ന്  ഒരിക്കല്‍ ദൃഢമായി പറഞ്ഞ സഹോദരന്‍  അയ്യപ്പനിലും ഈ അഭിമാനം നമുക്കു കാണാം.

''സ്വവര്‍ഗത്തിന്റെ ഉദ്ഗതിക്കായി ശ്രമിക്കേണ്ടത് ആ വര്‍ഗത്തില്‍പെട്ട   സ്ത്രീപുരുഷന്‍മാരില്‍ ഓരോരുത്തരുടെയും ഒഴിച്ചുകൂടാത്ത ചുമതലകളില്‍   ഒന്നാണെന്നാണ് എന്റെ വിശ്വാസം.''നമ്മുടെ സമുദായം ഇപ്പോള്‍ ക്ഷുദ്രങ്ങളായ   ചില പരസ്പര വ്യത്യാസങ്ങളെയും അര്‍ഥശൂന്യങ്ങളായ കക്ഷിമല്‍സരങ്ങളെയുംകൊണ്ടു   കുഴങ്ങുകയാകുന്നു. സമുദായത്തിന്റെ നന്മയെ സംബന്ധിച്ച ഭാഗങ്ങളിലെങ്കിലും   കഴിയുന്നത്ര നാം ആ ഇടുങ്ങിയ മാര്‍ഗങ്ങളെ വെടിയുന്നതിനു ശ്രമിക്കേണ്ട കാലം   തീരെ അതിക്രമിച്ചിരിക്കുന്നു.ഈ രണ്ടു വാക്യങ്ങളും അരുവിപ്പുറത്തു കൂടിയ   എസ്. എന്‍. ഡി. പി. യോഗത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഡോക്ടര്‍ പല്‍പ്പു   എഴുതി വായിച്ച പ്രസംഗത്തിലുള്ളതാണ്. സമുദായം എങ്ങനെ ഉണരണമെന്നും   വളരണമെന്നും വ്യക്തമാക്കുന്ന ജാജ്വല്യമാനമായ ഒരു മാര്‍ഗരേഖയാണ് ഈ പ്രസംഗം.

യോഗത്തിന്റെ ശതവാര്‍ഷിക സമ്മേളനത്തില്‍, പരലോകത്തുനിന്ന് ആഗതനായി   പ്രസംഗിക്കേണ്ടിവന്നാലും ഡോക്ടര്‍ പല്‍പ്പുവിന് ഇതേ വാക്യങ്ങള്‍   ആവര്‍ത്തിക്കേണ്ടി വരുമെന്നതാണു ദയനീയമായ സത്യം. ഇതര ജാതിമത   വിഭാഗത്തില്‍പെട്ടവര്‍ സംഘടിച്ചുനിന്ന് അധികാരവും സമ്പത്തും   കൈവരിക്കുമ്പോള്‍ തന്റെ സമുദായത്തില്‍പെട്ടവര്‍ തമ്മില്‍ കലഹമുണ്ടാക്കാനും   ചാവേറുകളാകാനും തുനിയുന്നു. നൂറ്റാണ്ടു പിന്നിട്ടിട്ടും,  ലക്ഷ്യമിട്ടതിന്റെ  അടുത്തെത്തുന്ന ഭൌതിക, മാനസിക പുരോഗതികള്‍ നേടാനാവാത്ത  തന്റെ  സമുദായത്തിന്റെ ദയനീയാവസ്ഥ കണ്ട് ഒരുപക്ഷേ ആ ദീനദയാലു  വേദിയില്‍നിന്നു  പൊട്ടിക്കരഞ്ഞുപോകുമായിരിക്കും. വേഷംമാറിയ പഴയ ഫ്യൂഡല്‍  പാരമ്പര്യത്തിന്റെ  പുതിയ രാഷ്ട്രീയ നേതൃമുഖങ്ങളെ വേര്‍തിരിച്ചറിയാന്‍  കഴിയാത്ത അനുയായികളെ  ഓര്‍ത്ത് അദ്ദേഹം പരിതപിച്ചേക്കാം.സ്വാമി  വിവേകാനന്ദനെ റിക്ഷയില്‍ ഇരുത്തി  മൈസൂറിലെ രാജവീഥിയിലൂടെ, മലയാളി  ഹിന്ദുക്കളിലെ ഒന്നാമത്തെ ആ എല്‍. എം.  എസുകാരന്‍ കോട്ടും സൂട്ടുമണിഞ്ഞു  വലിച്ചുകൊണ്ടോടിയത്, ഒരു സമുദായത്തിന്റെ  വിമോചനത്തിനുള്ള രഹസ്യമന്ത്രം  ചൊല്ലിക്കൊടുത്തതിനുള്ള  പ്രതിഫലമായിട്ടായിരുന്നു. അതെല്ലാം ഫലപ്രാപ്തിയിലെ  ത്തിയില്ലല്ലോയെന്ന  ചിന്താഭാരം അദ്ദേഹത്തിനു താങ്ങാവുന്നതിലും  അധികമായിരിക്കും.

സമുദായപ്രവര്‍ത്തനം തികഞ്ഞ ക്ളേശാനുഭവമായിരുന്ന ഒരു കാലഘട്ടത്തിലാണു   പല്‍പ്പു ഈഴവരെ സംഘടിപ്പിച്ച് അവകാശ സമരങ്ങള്‍ക്കു സജ്ജരാക്കാന്‍   ഒരുമ്പെടുന്നത്. കുറച്ചു വിദ്യാഭ്യാസവും ഒരു ഉദ്യോഗവുമുണ്ടെങ്കില്‍ ജാതി   പറയുന്നതു നാണക്കേടായി കരുതുകയും സ്വന്തം മാളങ്ങളില്‍ ഒതുങ്ങിക്കൂടി ചില   രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകങ്ങളായി പ്രായേണ ജീവിതം വ്യര്‍ഥമാക്കാന്‍   തുനിയുന്ന ഇന്നത്തെ മനോഭാവത്തിന്റെ വെളിച്ചത്തില്‍ പരിശോധിക്കുമ്പോഴാണു   ഡോക്ടര്‍ പല്‍പ്പുവിന്റെ മഹത്വം വെളിപ്പെടുക. മേല്‍ സൂചിപ്പിച്ചപോലെ   കേരളത്തിലെ ഹിന്ദുക്കളില്‍ ആദ്യത്തെ എല്‍. എം. എസുകാരനായിരുന്നിട്ടുപോലും   അഞ്ചു രൂപ ശമ്പളം കിട്ടുന്ന ഒരു ജോലിക്കുവേണ്ടി താണുവീണു   കേണപേക്ഷിച്ചപ്പോള്‍ നമ്മുടെ 'ധര്‍മരാജ്യത്തിലെ പ്രത്യക്ഷ ദൈവമായ രാജാവും   അദ്ദേഹത്തിന്റെ മന്ത്രിപ്രവരനും കനിഞ്ഞില്ല. എന്നല്ല, 'പോയി തെങ്ങുചെത്തി   ജീവിച്ചുകൊള്ളാന്‍ ഇണ്ടാസും കൊടുത്തു. പ്രാണനാശത്തെക്കാളും സങ്കടകരമായ ഈ   പരിഹാസവും പേറിക്കൊണ്ടാണ് ഒരു ജോലി തേടി മദ്രാസിലേക്കും മൈസൂറിലേക്കും   പല്‍പ്പു വണ്ടികയറിയത്. ഹിന്ദുരാജാവു ഭരിക്കുന്ന ഒരു രാജ്യത്തു   ചവിട്ടിത്താഴ്ത്തപ്പെട്ടവനായ ഒരു ഹിന്ദു പ്രജ ക്രിസ്തുമതമോ ഇസ്ലാംമതമോ   സ്വീകരിച്ചാല്‍ ജോലിയുള്‍പ്പെടെ എല്ലാ പ്രവേശനകവാടങ്ങളും മലര്‍ക്കെ   തുറന്നുകൊടുക്കുമായിരുന്ന സന്ദര്‍ഭത്തിലാണ് ഈ പലായനം എന്നോര്‍ക്കണം.

മൈസൂര്‍ സര്‍വീസില്‍ അസിസ്റ്റന്റ് സര്‍ജനായി ഉദ്യോഗം ലഭിച്ചിട്ടും   തിരുവിതാംകൂറിലെ പൊന്നുതമ്പുരാനേല്‍പ്പിച്ച അവധീരണവും സ്വജാതിയില്‍പെട്ട   ലക്ഷോപലക്ഷം ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരുന്ന ദുരിതങ്ങളും മറക്കാന്‍ ആ   ദീനവല്‍സലനായില്ല. സര്‍വീസില്‍ ഇരുന്നുകൊണ്ടുതന്നെ തന്റെ ബുദ്ധിയും   ശക്തിയും ധനവും വിനിയോഗിച്ച്, അടിച്ചമര്‍ത്തപ്പെട്ടും അവകാശങ്ങള്‍   നിഷേധിച്ചും കിടന്ന സമുദായത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹം   യത്നിച്ചു.മലയാളി മെമ്മോറിയലിന് (1891) ഏറ്റവും കൂടുതല്‍ ഒപ്പുകള്‍   ശേഖരിച്ചുകൊടുത്തത് അദ്ദേഹമാണ്. അതിലെ മൂന്നാമത്തെ ഒപ്പുകാരനും. ഈഴവര്‍   തെങ്ങുചെത്തും കയര്‍പിരിപ്പുംകൊണ്ടു തൃപ്തരാണെന്നും അവരെ മെമ്മോറിയലില്‍   ആകര്‍ഷിച്ചു ചേര്‍ത്തതാണെന്നുമായിരുന്നു സര്‍ക്കാരിന്റെ സമാധാനം.സ്കൂളുകള്‍   ഉള്‍പ്പെടെ ഈഴവരുടെ മുന്നില്‍ അടച്ചിട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ   വാതായനങ്ങള്‍ ഓരോന്നായി തുറന്നുകിട്ടാനുള്ള ഹര്‍ജികളുടെയും   പത്രമാധ്യമങ്ങള്‍വഴിയുള്ള പ്രചാരണങ്ങളുടെയും കാലമായിരുന്നു അത്.   ഇന്ത്യയിലും വിദേശത്തുമുള്ള ഇംഗീഷ് പത്രങ്ങളിലെല്ലാം ഈഴവരുടെ ദുരിതങ്ങള്‍   അദ്ദേഹം വിവരിച്ചെഴുതി. മലയാള മനോരമ, കേരള സഞ്ചാരി തുടങ്ങിയ മലയാള   പത്രപംക്തികളും പ്രയോജനപ്പെടുത്തി. ആ പത്രലേഖനങ്ങളും നിവേദനങ്ങളും   സമാഹരിച്ച് >'Treatment of Thiyas in Travancore'<എന്ന പേരില്‍ ഒരു   ഗ്രന്ഥമായും പ്രചരിപ്പിച്ചു. വാസ്തവത്തില്‍ അതൊരു മഹാസംരംഭമായിരുന്നു.

സെപ്റ്റംബര്‍ മൂന്നിന് 13176 ഈഴവര്‍ ഒപ്പിട്ട ഈഴവ മെമ്മോറിയല്‍ ഡോക്ടര്‍   പല്‍പ്പു മഹാരാജാവിനു സമര്‍പ്പിച്ചതും ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നു.   ഈഴവരുടെ അത്യന്തം ദയനീയമായ അവസ്ഥയെ രാജസമക്ഷം അവതരിപ്പിക്കുന്ന ഈ   മെമ്മോറിയല്‍ ഒരു ചരിത്രവിദ്യാര്‍ഥി ഒരു വിലാപഗീതമായിട്ടായിരിക്കും   വീക്ഷിക്കുക. ഒരു സമുദായത്തിന്റെ കദനഭാരം മുഴുവന്‍   ഹൃദയത്തിലേറ്റുവാങ്ങിക്കൊണ്ട് എഴുതിയ മെമ്മോറിയലിലെ ഒരു വാക്യം മാത്രം   ഇവിടെ ഉദ്ധരിക്കാം:''ധര്‍മതല്‍പ്പരതയ്ക്കും പ്രജാവാല്‍സല്യത്തിനും   ഇരിപ്പിടമായ പൊന്നുതിരുമേനിയുടെ കാരുണ്യമല്ലാതെ മറ്റൊരാശ്രയമില്ലാത്തവരും,   നിരപരാധികളുമായ ഈ അടിയങ്ങളെ സ്വരാജ്യത്തിലും സ്വമതത്തിലുംനിന്ന്   അകറ്റിക്കളയാതെ മേലാലെങ്കിലും എല്ലാ ഗവണ്‍മെന്റ് പള്ളിക്കൂടങ്ങളിലും കടന്നു   പഠിച്ചുകൊള്ളത്തക്കവണ്ണവും യോഗ്യതാനുസാരവും അടിയങ്ങള്‍ക്കു സര്‍ക്കാര്‍   ഉദ്യോഗങ്ങള്‍ കിട്ടത്തക്കവണ്ണവും തിരുവുള്ളമലിഞ്ഞു കല്‍പ്പനയുണ്ടായി   അടിയങ്ങളുടെ സങ്കടം തീര്‍ത്തു രക്ഷിപ്പാറാകണമെന്ന്, അടിയങ്ങള്‍ എത്രയും   ഭയഭക്തിവിനയങ്ങളോടുകൂടി തൃപ്പാദങ്ങളില്‍ വീണു പ്രാര്‍ഥിച്ചുകൊള്ളുന്നു   ശിലപോലും അലിഞ്ഞുപോകുമാറുള്ള ഈ രോദനം പത്മനാഭദാസനെ തെല്ലും   ഇളക്കിയതില്ലെന്നതു ചരിത്രസത്യം.പക്ഷേ, തോറ്റു പിന്‍മാറാന്‍   തയാറല്ലായിരുന്നു പല്‍പ്പു. അതേ വര്‍ഷംതന്നെ അദ്ദേഹത്തിന്റെ ഉല്‍സാഹത്തില്‍   തിരുവിതാംകൂര്‍ ഈഴവസഭ രൂപീകൃതമായി.

കണ്ടത്തില്‍ വറുഗീസ് മാപ്പിള അഭിപ്രായപ്പെട്ടതുപോലെ: (മലയാള മനോരമ 1896   ഏപ്രില്‍ 18) ''സമുദായത്തിനു പൊതുവേ ഉണ്ടാകണമെന്നാഗ്രഹിച്ച അഭിവൃദ്ധിയുടെ   ഒരുവക തോടയം മാത്രമേ ആയിരുന്നുള്ളു ഈ സഭകൂടലും പ്രസംഗങ്ങളുംമറ്റും തോടയം   കഴിഞ്ഞുവരുന്ന ശ്ളോകവും പുറപ്പാടും മേളപ്പദവും പിന്നിട്ടു കഥയിലേക്കു   കാര്യങ്ങള്‍ നീങ്ങുന്നതിനു വീണ്ടും ഏതാനും വര്‍ഷങ്ങള്‍ വേണ്ടിവന്നു.   ശ്രീനാരായണഗുരുവിന്റെ പാവനചരിതത്തിലും ഉല്‍ക്കൃഷ്ടമായ ദര്‍ശനത്തിലും   ദിവ്യതേജസ്സിലും ആകൃഷ്ടനായി പല്‍പ്പു എസ്. എന്‍. ഡി. പി. യോഗം   രൂപീകരിച്ചതോടെ കേരളത്തിലെ സമസ്ത ഈഴവരുടെയും ഉദ്ധാരണത്തിനും   മുന്നേറ്റത്തിനുമുള്ള അരങ്ങൊരുങ്ങി. പദം പാടാനും ശ്ളോകം ചൊല്ലാനും   മാത്രമല്ല, ചൊല്ലിയാടാനും ഇളകിയാടാനും ഈഴവര്‍ സന്നദ്ധരാണെന്ന് അതോടെ   പല്‍പ്പു അധികാരികളെ ബോധ്യപ്പെടുത്തി. തിരുവിതാംകൂര്‍, കൊച്ചി, ബ്രിട്ടീഷ്   മലബാര്‍ ഈ സംസ്ഥാനങ്ങളിലുള്ള ഈഴവരുടെ മതസംബന്ധമായും സാമൂഹികമായും വ്യവസായ   വിഷയമായുമുള്ള അഭിവൃദ്ധിക്കുവേണ്ടി റജിസ്റ്റര്‍ ചെയ്ത എസ്. എന്‍. ഡി. പി.   യോഗത്തിന്റെ ജൈത്രയാത്രയിലെ ശ്രദ്ധേയമായ സംഭവമായിരുന്നു രണ്ടാം   വാര്‍ഷികത്തോടനുബന്ധിച്ചു കൊല്ലത്തു നടത്തിയ ഇന്ത്യയിലെ ഒന്നാമത്തേതായ   വ്യാവസായിക പ്രദര്‍ശനവും സാഹിത്യ പ്രദര്‍ശനവും. സംഖ്യാബലത്തില്‍ മാത്രമല്ല,   വ്യവസായ ശീലത്തിലും സാംസ്കാരിക പ്രബുദ്ധതയിലും ഈഴവര്‍ കേരളത്തില്‍   ഒന്നാമതായി നില്‍ക്കുന്ന ഒരു സമുദായമാണെന്നു ലോകരെ വിളിച്ചറിയിക്കാനുള്ള   ഒരു ഉദ്യമമായിരുന്നു അത്. കേരളത്തിലെ ഈഴവരുടെ വ്യവസായ സാധനങ്ങളും   സാഹിത്യസംഭാവനകളും മാത്രമേ അതില്‍ പ്രദര്‍ശിപ്പിച്ചിരുന്നുള്ളു. ജാതിമത   ഭേദമെന്യേ എല്ലാ വിഭാഗക്കാരെയും പങ്കെടുപ്പിച്ചുകൊണ്ടു നാലാം   വാര്‍ഷികത്തോടനുബന്ധിച്ചു കണ്ണൂരില്‍ നടത്തിയ കൃഷി വ്യവസായ പ്രദര്‍ശനവും   പല്‍പ്പുവിന്റെ നേതൃത്വപാടവത്തിനു ദൃഷ്ടാന്തമാണ്.

വിവേകാനന്ദ സ്വാമികളുടെ സഹായത്തോടെ, ഡോക്ടര്‍ സ്വന്തം കീശയില്‍നിന്നു   പണം കൊടുത്തു ബാരിസ്റ്റര്‍ ജി.പി. പിള്ളയെ ഇംഗണ്ടില്‍ അയച്ച് ഈഴവരുടെ   പ്രശ്നങ്ങള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയിലെത്തിച്ചതും   ശ്രദ്ധേയമാണ്.ഇക്കാലത്ത് മൈസൂറിലെ വലിഗര്‍ എന്ന അവശസമുദായത്തെയും ഡോക്ടര്‍   സംഘടിപ്പിക്കയുണ്ടായി. വലിഗര്‍ അസോസിയേഷന്‍ എന്നായിരുന്നു അവരുടെ  സംഘടനയുടെ  പേര്.ഈഴവരുടെ വ്യവസായ സംരംഭത്തെയും സാമ്പത്തി കാഭിവൃദ്ധിയെയും   ലക്ഷ്യമാക്കി ഡോക്ടറുടെ ചുമതലയില്‍ കൊച്ചി കേന്ദ്രമാക്കി 'മലബാര്‍   എക്കണോമിക് യൂണിയന്‍ എന്ന പേരില്‍ ഒരു കമ്പനിയും സ്ഥാപിച്ചു   പ്രവര്‍ത്തിച്ചിരുന്നു. ശ്രീനാരായണഗുരുവാണ് അതില്‍ ആദ്യം ഷെയറെടുത്തത്.   എന്നാല്‍ ഒന്നാം ലോകമഹായുദ്ധത്തിന്റെ പ്രത്യാഘാതത്തില്‍പെട്ട് ആ ഉദ്യമം   തകര്‍ന്നുപോകുകയാണുണ്ടായത്.ഇങ്ങനെ അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ   ഡോക്ടര്‍ പല്‍പ്പുവിനെ ഈഴവസമുദായത്തിന് ഒരുകാലത്തും മറക്കാനാവില്ല.

ജി. പ്രിയദര്‍ശനന്‍

No comments:

Post a Comment