Pages

Thursday, June 13, 2013

സിക്കുമതം കേരള സാമൂഹിക-രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്ടാക്കിയ സ്വാധീനം


സിക്കുമതം കേരള സാമൂഹിക-രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്ടാക്കിയ സ്വാധീനം:
By Aravind Janardhanan in THIYYA / EZHAVA
ഗുരുനാനാക്ക് മുതല്‍ ഗുരുഗോബിന്ദ്സിംഗ് വരെ നീളുന്ന ഗുരുപരമ്പരയുടെ  പോരാട്ടങ്ങള്‍ സ്വന്തമായൊരു ഖാലിസ്ഥാന്‍ സ്ഥാപിക്കാനോ, തങ്ങളുടെ  ദര്‍ശനങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കാനോ ആയിരുന്നില്ല. മുഗള്‍  രാജാക്കന്മാരില്‍ നിന്നു മതപീഡനവും പലപ്പോഴും വംശഹത്യയും നേരിടേണ്ടി  വന്നപ്പോള്‍ ഉണ്ടായ സ്വാഭാവിക പ്രതിരോധമായിരുന്നു സാഹോദര്യത്തിലൂന്നിയ  അച്ചടക്കമുള്ള ഒരു ആയോധനസമൂഹമായി പരിവര്‍ത്തന പ്പെടുകയെന്നത്.    1512-ല്‍ ശ്രീലങ്കയില്‍ നിന്നുള്ള മടക്കയാത്രയിലാണ് സിക്കുമത സ്ഥാപകനായ  ഗുരുനാനാക്ക് കൊച്ചിയിലെത്തുന്നത്. ജാതീയത കൊടികുത്തി വാണിരുന്ന അക്കാലത്ത്  അധ:സ്ഥിതരും അസംതൃപ്തരുമായ അവര്‍ണജനതയുടെ അവസ്ഥ കണ്ട്‌,  കൊച്ചിരാജവംശത്തിന്‍റെ ഭരദേവതാക്ഷേത്രമായ തൃപ്പൂണിത്തുറക്ഷേത്രത്തിലെ  പൂജാരിയോട് അദ്ദേഹം ഈ വിവേചനത്തെക്കുറിച്ച് സംസാരിച്ചിരുന്നു. മനുഷ്യരിലെ  സമത്വത്തെക്കുറിച്ചും ദൈവത്തിന്‍റെ ഏകത്വത്തെക്കുറിച്ചും അദ്ദേഹം  അത്തരുണത്തില്‍ ഉദ്ബോധിപ്പിച്ചിരുന്നു. എന്നാല്‍ ആ പുരോഹിതന്‍ മാത്രമല്ല,  കൊച്ചി രാജ്യത്തെ ആരും തന്നെ അത് ചെവിക്കൊണ്ടില്ല, അന്ന് കേരളത്തില്‍  ഒരാള്‍ പോലും ഗുരുനാനാക്കിന്‍റെ അനുയായി മാറിയതും ഇല്ല. അത്രയ്ക്കും  യഥാസ്ഥിതികമായിരുന്നു കേരളത്തിലെ അന്നത്തെ സാമൂഹ്യനില. നാല് നൂറ്റാണ്ടിനു  ശേഷം ഇതേ ചരിത്രം മറ്റൊരുവിധത്തില്‍ ആവര്‍ത്തിക്കപ്പെട്ടു. 1936-ല്‍  (ശ്രീനാരായണഗുരുദേവന്‍റെ സമാധിക്കു എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം)  ഗുരുനാനാക്കിന്‍റെ ശിഷ്യപരമ്പരയില്‍പ്പെട്ട മാസ്റ്റര്‍ താരാസിംഗ്  ഇതേക്ഷേത്രം സന്ദര്‍ശിച്ചപ്പോഴും അവര്‍ണരുടെ സാമൂഹ്യജീവിതത്തിനു പതിനാറാം  നൂറ്റാണ്ടില്‍നിന്നും വലിയ വ്യത്യാസങ്ങള്‍ ഒന്നും അദ്ദേഹത്തിനു നോക്കി  കാണാന്‍ ആയില്ല. അധ:സ്ഥിതരുടെ അടിസ്ഥാന മനുഷ്യാവകാശപ്രശ്നങ്ങള്‍ പരിഹരിച്ചു  കിട്ടുന്നതിനായി താരാസിംഗ് പലരോടും സംസാരിക്കുകയുണ്ടായി. അക്കൂട്ടത്തില്‍,  മനുഷ്യാവകാശത്തിനും സാമൂഹികനീതിക്കും വേണ്ടി ഈഴവര്‍ നടത്തിവന്ന  പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിച്ചു പള്ളുരുത്തിയിലും താരാസിംഗ്  സംസാരിച്ചു. ആ യോഗത്തില്‍ അദ്ദേഹം പറഞ്ഞതിങ്ങിനെ ആണ് “നിങ്ങള്‍ക്ക് ഒരു  ഗുരുനാനാക്കുണ്ട്, ശ്രീനാരായണഗുരു. ഒരു ഗുരുഗോബിന്ദ്സിങ്ങാണ്  നിങ്ങള്‍ക്കാവശ്യം.” ഗുരുദേവന് ശേഷം കേരളത്തിലെ ഈഴവാദി  പിന്നോക്കക്കാര്‍ക്ക് ഗുരുഗോബിന്ദ്സിങ്ങിനെപ്പോലൊരു ശക്തനായ, നിസ്വാര്‍ത്ഥ  സേവകനായ, രാഷ്ട്രീയ ഇച്ചാശക്തിയുള്ള ഒരു നേതൃത്വം ഇല്ലാതെ പോയതു തന്നെ ആണ്  വര്‍ഷങ്ങളോളം അവര്‍ സാമൂഹികജീവിതശ്രേണിയില്‍ പിന്തള്ളപ്പെട്ടിരുന്നതും  ഇന്നും അങ്ങിനെയാണെന്ന് അലമുറയിടെണ്ടി വന്നിരിക്കുന്നതും.    താരാസിംഗിന്‍റെ പ്രസംഗം കേട്ട പല ഈഴവരിലും ഹിന്ദുമതത്തില്‍ തുടരുന്നതില്‍  അര്‍ത്ഥമില്ലെന്നും ഒരു പ്രത്യേക മതമായി നിലകൊള്ളണമെന്നുമുള്ള അഭിപ്രായം  ഉണ്ടായി. ആ ചിന്തക്ക് നേതൃത്വം കൊടുത്തത് ചേര്‍ത്തലയിലെ കെ സി  കുട്ടനായിരുന്നു. ഗുരുദേവനുമായി അടുപ്പമുണ്ടായിരുന്ന കെ സി കുട്ടന്‍,  ആയിടക്കു ദിവാന്‍ സി പി രാമസ്വാമിഅയ്യര്‍ നിരോധിച്ച “സ്വതന്ത്രസമുദായം”  എന്ന പുസ്തകമെഴുതിയ ഇ മാധവന്‍റെ വളരെ അടുത്ത അനുയായി കൂടി ആയിരുന്നു.  ഈഴവര്‍ ഒരു സ്വതന്ത്രസമുദായം ആയി നിലനില്‍ക്കുന്നതിന്‍റെ പ്രായോഗിക  ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയ കെ സി കുട്ടന്‍, പള്ളുരുത്തിയിലെ യോഗത്തിനു  ശേഷം അകാലികളെ കണ്ടു സംസാരിച്ചു. അവരുടെ വോളണ്ടീയര്‍ ക്യാപ്ടന്‍ ആയിരുന്ന  ഉദ്ദംസിംഗ് കുട്ടന്‍റെ കൈയും പിടിച്ചു തൃപ്പൂണിത്തുറക്ഷേത്രത്തിന്‍റെ  അവര്‍ണര്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന നടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും  നടന്നു. ഒരാളും ആ സിക്കുകാരനെ തടയാന്‍ ധൈര്യപ്പെട്ടില്ല. സിഖുകാരന്‍റെ  ആത്മാര്‍ഥമായ സഹാനുഭൂതിയും അവര്‍ണര്‍ക്ക് വേണ്ടി പോരാടാനുള്ള ധൈര്യവും  കുട്ടനെയും കൂട്ടരെയും സിക്കുമതത്തിലെത്തിച്ചു. കൊച്ചിയിലെ ഒരു  മീറ്റിങ്ങില്‍ വച്ചു പലരും സിക്കുമതം സ്വീകരിക്കാന്‍  മുന്നോട്ടുവന്നെങ്കിലും കുട്ടനടക്കം അഞ്ചുപേരെയാണ് അമൃതസറിലെ  സുവര്‍ണക്ഷേത്രത്തില്‍ കൊണ്ടുപോയി മതദീക്ഷ നല്‍കിയത്. കുട്ടന്‍  ജയ്‌സിങ്ങായും ചിറയില്‍ കൃഷ്ണന്‍ രഞ്ജിത്ത്സിങ്ങായും ഇ രാഘവന്‍ ബി എ  ഹമാംസിങ്ങായും കണ്ണാട്ട് കേശവന്‍മാസ്റ്റര്‍ ഉദയ്സിങ്ങായും ശങ്കുരാഘവന്‍  കൃപാല്‍സിങ്ങായും മാറി. പാട്യാല മഹാരാജാവ് ഇവര്‍ക്ക് പ്രത്യേക സ്വീകരണവും  നല്‍കുകയുണ്ടായി. കുട്ടന്‍ പിന്നീട് തിരികെ കേരളത്തില്‍ എത്തി,  ചേര്‍ത്തലയില്‍ സിക്ക്മിഷന്‍ സ്ഥാപിക്കുകയുണ്ടായി. തന്‍റെ സ്വന്തം തറവാടായ  കോലത്തറക്കാട് (ഇ വി രാമസ്വാമി നായ്ക്കര്‍ വൈക്കം സത്യാഗ്രഹത്തിനു  വന്നപ്പോള്‍ ഇവിടെ ആണ് താമസിച്ചിരുന്നത്) കേന്ദ്രമാക്കി  പ്രവര്‍ത്തിച്ചിരുന്ന ഈ കേന്ദ്രത്തില്‍ നിന്നു ഏതാണ്ട് എണ്ണൂറോളം പേര്‍  സിക്കുമതം സ്വീകരിക്കുകയുണ്ടായി. കൊച്ചിയിലും റാന്നിയിലും  പ്രവര്‍ത്തിച്ചിരുന്ന മിഷന്‍ ശാഖകള്‍ വഴി ആദ്യമേ തന്നെ മൂവായിരത്തിലധികം  പേര്‍ സിക്കുമതത്തില്‍ ചേരുകയുണ്ടായി. പിന്നെയും കുറേപേര്‍ കൂടി  ചേരുകയുണ്ടായിട്ടുണ്ട്.  ബുദ്ധ-ജൈനമതങ്ങള്‍ സഹസ്രാബ്ദങ്ങളോളം  കേരളത്തില്‍ നിലനിന്നതായി ചരിത്രരേഖകളുണ്ട്. സംഘടിത ഹിന്ദുമതത്തിന്‍റെ  സ്വത്വരൂപവത്കരണത്തോടൊപ്പം അവയുടെ അസ്തമനം സംഭവിക്കുകയുമുണ്ടായി.  ബുദ്ധകേന്ദ്രങ്ങളും ജൈനബസ്തികളും ഹൈന്ദവക്ഷേത്രങ്ങളായി മാറി. എന്നാല്‍  സിക്കുമതത്തിന് കേരളത്തില്‍ മുക്കാല്‍ നൂറ്റാണ്ട് പോലും  അതിജീവിക്കാനായില്ല. സമത്വവും ഏകത്വവും മുഖമുദ്രയായുള്ള സിക്കുമതത്തില്‍  പുത്തന്‍ കൂറ്റുകാരായി ചേര്‍ന്ന കേരളത്തിലെ സിക്കുകാര്‍ക്ക് ഇവിടെ  അവര്‍ക്ക് ഒരു നല്ല അടിത്തറ ഉണ്ടാക്കാനാവതിരുന്നത് പല കാരണങ്ങളാലാണ്.  അതില്‍ പ്രധാനമായും ലോകമഹായുദ്ധങ്ങളിലെ വീരപടയാളികളായ പഞ്ചാബിലെ  സിക്കുകാരുടെ പങ്കാളിത്തവുമാണ്. ലോകമഹായുദ്ധം വരുത്തിയ കെടുതികള്‍  സിക്കുമതത്തിന്‍റെ ഈറ്റില്ലമായ പഞ്ചാബില്‍ വരുത്തിയ  മാനസിക-സാമ്പത്തികബുദ്ധിമുട്ടുക ള്‍  ചില്ലറയല്ല, അതിനിടയില്‍ ഇവിടുത്തെ പുത്തന്‍ കൂട്ടുകാരെ ശ്രദ്ധിക്കാനോ  അവരുടെ മതപരമായ കാര്യങ്ങളില്‍ ഉപദേശങ്ങളും സഹായങ്ങളും എത്തിക്കാനോ  കഴിഞ്ഞില്ല. അങ്ങിനെ വഴികാട്ടാന്‍ ആളില്ലാതെ പരിവര്‍ത്തിതര്‍ ഇരുട്ടില്‍  തപ്പി. കൂടാതെ, തങ്ങളുടെ മതത്തിലേക്ക് കൂടുതല്‍ ആളുകളെ ചേര്‍ക്കല്‍  എന്നതിന് സിക്കുമതത്തില്‍ ഒരിക്കലും മുന്‍ഗണന നല്‍കിയിരുന്നുമില്ല. ഇത്തരം  സഹായഹസ്തങ്ങളൊന്നും ഇല്ലാതെ വന്നപ്പോള്‍ സിക്കുമതത്തിന് ഇവിടെ അന്യം നിന്നു  പോകാനായിരുന്നു വിധി. പലരും തങ്ങളുടെ മുന്‍-മതത്തിലേക്ക് തിരികെ പോയി,  വളരെ കുറച്ചുപേര്‍ ജീവിതാന്ത്യം വരെ സിക്കുകളായി തുടര്‍ന്നു, അവസാന കണ്ണി  ആയിരുന്ന സര്‍ദാര്‍ ഭൂപേന്ദ്രസിംഗ് 92-മത്തെ വയസ്സില്‍ 2006-ല്‍  നിര്യാതനാവുകയും ചെയ്തു.  കേരളത്തിലെ മതപരിവര്‍ത്തനങ്ങളില്‍  ഭൂരിഭാഗവും പുതിയ മതത്തിനോടുള്ള അഭിനിവേശമോ പുതിയ ദൈവത്തോടുള്ള ആകര്‍ഷണമോ  കൊണ്ടല്ല, മറിച്ചു ജാതിപീഡനങ്ങളില്‍ നിന്നുള്ള സ്വയംരക്ഷ നേടലായിരുന്നു.  ഇത് 1937 നവംബര്‍ 13നു ഉണ്ടായ അവര്‍ണര്‍ക്ക് ആരാധനാസ്വാതന്ത്ര്യം  നല്‍കിക്കൊണ്ടുള്ള ക്ഷേത്രപ്രവേശനവിളംബരം ശരി വയ്ക്കുന്നു. ഈഴവ സമുദായ  നേതാവായ സി വി കുഞ്ഞുരാമനും കോട്ടയത്തെ പ്രോട്ടസ്ടണ്ട് ബിഷപ്പായ മൂറും  തമ്മില്‍ കൂട്ട മതപരിവര്‍ത്തനത്തിനു രഹസ്യധാരണയില്‍ എത്തി എന്നു  സര്‍ക്കാരിന്‍റെ രഹസ്യാന്വേഷണവിഭാഗം സര്‍ സിപി രാമസ്വാമിഅയ്യര്‍ക്ക്  റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിനോടോപ്പമാണ് കെ സി കുട്ടന്‍റെ  നേതൃത്വത്തില്‍ സിക്കുമതത്തിലെക്കുള്ള പ്രാദേശികമായ ഒഴുക്കുകളും  ആരംഭിച്ചത്. ഇങ്ങിനെ രണ്ടു മതങ്ങളിലേക്കും (ക്രിസ്ത്യന്‍, സിക്ക്)  ജനങ്ങളില്‍ ഭൂരിഭാഗം വരുന്ന അധ:സ്ഥിതവര്‍ഗം മാറിക്കഴിഞ്ഞാല്‍ ഹിന്ദു  മതത്തിന്‍റെ തന്നെ നിലനില്‍പ്പ്‌ മലയാളമണ്ണില്‍ ഇല്ലാതാകുമെന്ന്  മനസ്സിലാക്കിയ ദിവാന്‍ സിപി രാമസ്വാമിഅയ്യര്‍ മുങ്ങാന്‍ പോകുന്ന കപ്പലിനെ  രക്ഷിക്കാനായാണ് എല്ലാ ഹിന്ദുമതവിശ്വാസികള്‍ക്കും ക്ഷേത്രപ്രവേശനാനുമതി  നല്‍കിക്കൊണ്ടുള്ള വിളംബരം പുറപ്പെടുവിക്കാന്‍ മഹാരാജാവിനെ ഉപദേശിച്ചത്.  “അനന്തപത്മനാഭദാസനാ”യി ഭരണം കൈയാളിയിരുന്ന രാജാവിന് ഇതിനോട്  താത്പര്യമില്ലായിരുന്നുവെന്നും രാജാവ് വളരെ നാളുകളോളം ദിവാന് മുഖം  കൊടുക്കുകയില്ലാതിരുന്നുവെന്നും കൊട്ടാരഇടനാഴികളില്‍ പറഞ്ഞുകേട്ടിരുന്നു എന്നു ചരിത്രകാരന്മാര്‍ പറഞ്ഞിട്ടുണ്ട്.    [അവലംബം: “ചരിത്രം ഭക്ഷിച്ച സൂര്യകാന്തിപ്പച്ച” – മാതൃഭൂമി വാരിക, 01  ജനുവരി 2012 – പ്രഗല്‍ഭ ശാസ്ത്രജ്ഞനും ചരിത്രകാരനും ആയ  ഡോ.കെ.സി.മണിലാലുമായി ഡോ. ഇ. ഉണ്ണികൃഷ്ണന്‍ നടത്തിയ അഭിമുഖം] ചിത്രങ്ങള്‍:  ഗുരുനാനാക്ക്, ഗോബിന്ദ്സിംഗ്.

No comments:

Post a Comment