ശ്രീനാരായണ ഗുരുദേവന്റെ അനുഗ്രഹാശിസ്സുകളോടെ ഒരു നൂറ്റാണ്ടിനു മുമ്പ് സി.വി. കുഞ്ഞുരാമൻ ആനുകാലിക പ്രസിദ്ധീകരണമായി തുടങ്ങിയതാണ് കേരളകൗമുദി. ഗുരുദേവ സന്ദേശ പ്രചാരണമായിരുന്നു മുഖ്യലക്ഷ്യങ്ങളിലൊന്ന്. സാമൂഹികനീതിക്കായി നിലകൊണ്ട സി.വിയുടെ പാത പിൻതുടർന്നാണ് പിന്നാലെ വന്ന തലമുറകളും കേരളകൗമുദിയെ നയിച്ചുപോരുന്നത്.
കേരളകൗമുദി ഒരു പഴയ സിലിണ്ടർ പ്രസിലാണ് അച്ചടിച്ചു തുടങ്ങിയത്. പിന്നീട് ഒരു ദിവസത്തെ പത്രം ഡബിൾ കംപോസു ചെയ്തു രണ്ടു സിലിണ്ടർ പ്രസുകളിൽ ഒരേസമയം അച്ചടിച്ചുകൊണ്ടിരുന്നു. സർക്കുലേഷൻ വർദ്ധിച്ചപ്പോൾ ഈ സംവിധാനം അപര്യാപ്തമായി.
ഒരു ഫ്ളാറ്റ് ബെഡ് റോട്ടറി സ്ഥാപിച്ചപ്പോൾ അതു കേരളകൗമുദിയുടെ വളർച്ചയുടെ പുതിയ ഘട്ടത്തിന്റെ നാഴികക്കല്ലായി.
ബഹുമാനപ്പെട്ട വായനക്കാരിൽനിന്നും പ്രിയപ്പെട്ട ഏജന്റുമാരിൽനിന്നും ലഭിച്ച നിർലോഭമായ പ്രോത്സാഹനം സാങ്കേതിക പുരോഗതിയുടെ പുതിയ ഘട്ടങ്ങളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങളെ ശക്തരാക്കി. ഫ്ളാറ്റ് ബെഡ് റോട്ടറിയിൽനിന്നു ട്യൂബുലർ റോട്ടറിയിലേക്ക് അച്ചടി മാറ്റാൻ കഴിഞ്ഞു. ഇന്നിപ്പോൾ അച്ചടിയുടെ കാര്യത്തിൽ കേരളകൗമുദി ആർക്കും പിന്നിലല്ലാത്ത അവസ്ഥയിലെത്തിയിട്ടുണ്ട്.
ഒരു നൂറ്റാണ്ടുകാലത്തെ പാരമ്പര്യത്തിന്റെ പിൻബലവും പ്രിയപ്പെട്ട വായനക്കാരുടെ ശക്തമായ പ്രോത്സാഹനവും വളർച്ചയുടെ അടുത്ത ഘട്ടത്തെ അഭിമുഖീകരിക്കാൻ ഞങ്ങൾക്ക് ധൈര്യം തരുന്നു. മാദ്ധ്യമരംഗത്തെ വളർച്ചയുടെ പുതിയ ഘട്ടത്തിന്റെ യവനിക ഉയർത്തിയിരിക്കുകയാണ് ടെലിവിഷൻ.
ഈ സൗകര്യത്തെയും സാങ്കേതിക പുരോഗതിയെയും പത്രബന്ധുക്കൾക്ക് ലഭ്യമാക്കേണ്ടതു ഞങ്ങളുടെ പാരമ്പര്യം ആവശ്യപ്പെടുന്ന ചുമതലയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പത്രബന്ധുക്കളുടെ കൈ പിടിച്ചുകൊണ്ട് ഞങ്ങൾ ടി.വി സംപ്രേഷണ രംഗത്തു പ്രവേശിക്കുകയാണ്. തിരിഞ്ഞുനോക്കുമ്പോൾ കാണാറാകുന്ന ഒരു നൂറ്റാണ്ടിനു മുമ്പുള്ള സിലിണ്ടർ പ്രസ് ഞങ്ങളുടെ ആത്മധൈര്യം വർദ്ധിപ്പിക്കുന്നു.
സാങ്കേതികരംഗത്തെ പുരോഗതികൊണ്ടു മാത്രം ഒരു പത്രത്തിനു വളരാൻ കഴിയുന്നതല്ല. പത്രജീവനക്കാരും ഏജന്റുമാരും സുപ്രധാന ഘടകങ്ങളാണ്. അവരുടെ സ്നേഹവും പ്രവർത്തന സന്നദ്ധതയും പ്രോത്സാഹനത്തിന്റെ സുപ്രധാന ഘടകങ്ങളാണെന്ന് ഞങ്ങൾ മനസിലാക്കിയിട്ടുണ്ട്.
ഞങ്ങൾ കടന്നുവന്ന വഴിത്താര പൂക്കൾ മാത്രം ഉള്ളതായിരുന്നില്ല. മുറിവുണ്ടാക്കുന്ന മുള്ളുകളും കുപ്പിച്ചില്ലുകളും ധാരാളമായിരുന്നു. പല തരത്തിലുള്ള വേദനകൾ സഹിച്ചുകൊണ്ടാണ് ഈ നിയോഗം ഞങ്ങൾ ഏറ്റെടുത്തത്. ഈ യാത്രയിൽ ഞങ്ങൾക്ക് ധാരാളം സ്നേഹം ലഭിച്ചുവെന്നതും കൃതജ്ഞതാപൂർവം സ്മരിക്കുന്നു.
ആ സ്നേഹത്തിനുള്ള ഞങ്ങളുടെ പ്രതികരണമാണ് കൗമുദി ടി.വി. മാദ്ധ്യമ രംഗത്തെ ആധുനികമായ സൗകര്യങ്ങൾ ഞങ്ങൾ വിനയപൂർവം പത്രബന്ധുക്കളുടെ മുന്നിൽ എത്തിക്കുകയാണ്.
പത്രധർമ്മം പാലിക്കുന്ന കാര്യത്തിൽ എന്നും അയവില്ലാത്ത നിലപാട് സ്വീകരിച്ചതാണ് ഞങ്ങൾ ഏറെ വേദനയും ക്ളേശങ്ങളും അനുഭവിക്കാനിടയാക്കിയത്. ടെലിവിഷൻ ചാനലിന്റെ കാര്യത്തിലും ഇക്കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും കാണിക്കുന്നതല്ലെന്ന് ഉറപ്പു നൽകാനും ഈ സന്ദർഭം വിനിയോഗിക്കുന്നു.
വിനോദത്തിനും വിജ്ഞാനത്തിനും ഊന്നൽ നൽകുന്നതായിരിക്കും കൗമുദി ടി.വി. വാർത്തകൾ അന്യരാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും തത്സമയം എത്തിക്കാനുള്ള വാർത്താചാനലും ഞങ്ങൾ ലക്ഷ്യമിടുന്നു. ഈ ഭാഗ്യം ഞങ്ങളുടെ ഉത്തരവാദിത്വങ്ങളുടെ ഭാരം വളരെ വർദ്ധിപ്പിക്കുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. എത്ര ക്ളേശങ്ങൾ സഹിക്കേണ്ടിവന്നാലും ഞങ്ങളിൽ അർപ്പിതമാകുന്ന വിശ്വാസത്തിനു കളങ്കമുണ്ടാക്കുന്ന യാതൊന്നും ഞങ്ങളിൽനിന്ന് ഉണ്ടാകുകയില്ല.
മറ്റു ചാനലുകളോടു വിജയപൂർവം മത്സരിക്കാൻ കഴിവുള്ളതായിരിക്കും കൗമുദി ചാനലെന്ന് ഞങ്ങൾക്ക് വിശ്വാസമുണ്ട്.
ഞങ്ങളുടെ എല്ലാ സംരംഭങ്ങൾക്കും എന്നും പ്രോത്സാഹനം നൽകിയിട്ടുള്ള പത്രബന്ധുക്കൾ ടി.വി ചാനലിനെയും സ്നേഹപൂർവം സ്വാഗതം ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികൾക്കായി ഞങ്ങൾ ഈ ചാനൽ സവിനയം സമർപ്പിക്കുന്നു.
ദീപു രവി,
മാനേജിംഗ് എഡിറ്റർ
No comments:
Post a Comment