എസ്.എന്‍.ഡി.പി. യോഗത്തിന് പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച വാഗമണ്‍ മുരുകന്‍മലയില്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന മുരുകക്ഷേത്രം നിര്‍മ്മിക്കുമെന്ന് മീനച്ചില്‍ യൂണിയന്‍ പ്രസിഡന്റ് എ.കെ. ഗോപി ശാസ്താപുരം, സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ്‌കുമാര്‍ എന്നിവര്‍ പറഞ്ഞു. മുരുകന്‍ മലയിലെ 25 ഏക്കര്‍ സ്ഥലമാണ് യോഗത്തിന് പതിച്ചുനല്‍കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. 15 ഏക്കര്‍ മീനച്ചില്‍ യൂണിയനും 10 ഏക്കര്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായുമാണ് നല്‍കുക. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലുള്ള മുരുകന്‍മലയ്ക്കടുത്തുതന്നെയാണ് കുരിശുമലയും തങ്ങള്‍പാറയും. വാഗമണ്‍-വഴിക്കടവ് റോഡില്‍ നിന്നാരംഭിക്കുന്ന മുരുകന്‍മലയില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും മുകളിലെ ഗുഹാമുഖത്ത് വനദുര്‍ഗ്ഗാദേവീക്ഷേത്രവും ഉണ്ട്. മുരുകന്‍മല എസ്.എന്‍.ഡി.പി. യോഗത്തിന് പതിച്ചുനല്‍കണമെന്ന് ദീര്‍ഘനാളായി മീനച്ചില്‍ യൂണിയന്‍ ആവശ്യപ്പെട്ടുവരികയായിരുന്നു. ജനവരി 25ന് റവന്യുമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇതുസംബന്ധിച്ച പ്രത്യേക യോഗം വിളിച്ചുചേര്‍ത്തിരുന്നു. ധനമന്ത്രി കെ.എം. മാണി, ചീഫ് വിപ്പ് പി.സി. ജോര്‍ജ്, ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. എന്നിവരും ഭൂമി പതിച്ചു നല്‍കുന്നതിനനുകൂലമായ നിലപാടെടുത്തു. നിലവിലുള്ള ക്ഷേത്രത്തിനു പകരം പഴനിയിലേതുപോലെയുള്ള ക്ഷേത്രം നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
No comments:
Post a Comment